

ശ്വാസകോശ കാൻസർ പുകവലിക്കുന്നവരെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന ധാരണ മാറുകയാണ്. ഇന്ത്യയിൽ പുകവലിക്കാത്തവരിലും സ്ത്രീകളിലും യുവാക്കളിലും ശ്വാസകോശ കാനസർ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രോഗകാരണങ്ങൾ പുകയിലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും വീടിനുള്ളിലെയും പുറത്തെയും വായുമലിനീകരണവും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നുമാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2025ൽ ജാമ നെറ്റ്വർക്ക് ഓപ്പൺ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2024-ൽ ഇന്ത്യയിൽ 1,05,209 പേർക്ക് ശ്വാസകോശ കാൻസർ ബാധിച്ചതായി കണക്കാക്കുന്നു. ഇതിൽ 74,763 പേർ പുരുഷന്മാരും 30,446 പേർ സ്ത്രീകളുമാണ്. മാത്രമല്ല, ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ നടത്തിയ പഠനമനുസരിച്ച്, ശ്വാസകോശ കാൻസർ ബാധിതരായവരിൽ പുകവലിക്കാത്തവരുടെ എണ്ണം മുൻകാലങ്ങളിലെ 10 ശതമാനത്തിൽ നിന്ന് ഇപ്പോൾ 50 ശതമാനത്തോളമായി ഉയർന്നിട്ടുണ്ട്. 1980-കളിൽ കൂടുതലും 60 വയസ്സിന് മുകളിലുള്ള പുകവലിക്കാരായ പുരുഷന്മാരിലാണ് ഈ രോഗം കണ്ടിരുന്നതെങ്കിൽ, കഴിഞ്ഞ 5-10 വർഷങ്ങളായി ഈ പ്രവണതയിൽ വലിയ മാറ്റമുണ്ടായതായി ആരോഗ്യവിദഗ്ധർ പറയുന്നു.
രോഗകാരണമായി വായുമലിനീകരണവും
പുകവലിക്കാത്തവരിൽ കൂടുതലായി കാണപ്പെടുന്ന ശ്വാസകോശ കാൻസർ വകഭേദമാണ് അഡിനോകാർസിനോമ. വായുവിലെ പി എം 2.5 പോലെയുള്ള സൂക്ഷ്മകണികകൾ ശ്വാസകോശത്തിൽ പ്രവേശിക്കുന്നത് കാൻസർ സാധ്യത കൂട്ടുന്നു. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ രൂക്ഷമായ അന്തരീക്ഷ മലിനീകരണവും രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇതിന് പുറമെ, വിറക്, കൽക്കരി പോലെയുള്ളവ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ വീടിനുള്ളിലുണ്ടാകുന്ന പുക സ്ത്രീകളിലും കുട്ടികളിലും വലിയ തോതിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വായുസഞ്ചാരമില്ലാത്ത മുറികളിലെ പാചകം വീടിനുള്ളിലെ വായുമലിനീകരണം കൂട്ടുകയും, ഇത് ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകുന്നുണ്ട്.
വീടിനുള്ളിലെ വായുമലിനീകരണം പ്രധാന വില്ലൻ
പുകവലിക്കാത്ത സ്ത്രീകളിലെ ശ്വാസകോശ കാൻസറിനെക്കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വീടിനുള്ളിലെ വായുമലിനീകരണം. വിറക്, കൽക്കരി പോലെയുള്ളവ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ വീടിനുള്ളിലുണ്ടാകുന്ന പുക സ്ത്രീകളിലും കുട്ടികളിലും വലിയ തോതിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വായുസഞ്ചാരമില്ലാത്ത മുറികളിലെ പാചകം വീടിനുള്ളിലെ വായുമലിനീകരണം കൂട്ടുകയും, ഇത് ശ്വാസകോശ കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
ദിവസത്തിൽ കൂടുതൽ സമയവും പാചകത്തിനായി ചെലവഴിക്കുന്ന സ്ത്രീകളും കുട്ടികളുമാണ് ഇതിന്റെ പ്രധാന ഇരകളാകുന്നത്. വീടിനുള്ളിലെ വായുമലിനീകരണം ശ്വാസകോശ കാൻസറിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ പുകവലിക്കാത്ത ഒരാൾക്ക് കാൻസർ വരില്ലെന്ന് പൂർണ്ണമായും പറയാനാകില്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരവും ഇതിൽ വളരെ പ്രധാനമാണ്.
രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നത് വില്ലനാകുന്നു
രോഗലക്ഷണങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയോ മറ്റ് സാധാരണ ശ്വാസകോശ രോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുന്നത് രോഗനിർണയെ വൈകുന്നതിനും ചികിത്സാ സാധ്യതകളെ ബാധിക്കുന്നതിനും കാരണമാകുന്നു. ശ്വാസകോശ കാൻസറുള്ള പല സ്ത്രീകളിലും രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് കണ്ടെത്തുന്നത്. തുടർച്ചയായുള്ള ചുമ വെറുമൊരു അലർജിയോ അണുബാധയോ ആണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നതാണ് ഇതിനൊരു കാരണം. ചില കേസുകളിൽ, യഥാർത്ഥ കാൻസർ കണ്ടെത്തുന്നതിന് മുൻപ് ക്ഷയരോഗമാണെന്ന് സംശയിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നു. ഇത് രോഗനിർണയം വൈകിപ്പിക്കുന്നു. എന്നാൽ ചികിത്സാ രീതികളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം. കാൻസറിന്റെ തരവും ഘട്ടവും അനുസരിച്ച് ശസ്ത്രക്രിയ, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവ മികച്ച ഫലം നൽകുന്നുണ്ട്. ചിലപ്പോൾ പുകവലിക്കുന്നവരെക്കാൾ മികച്ച ഫലം പുകവലിക്കാത്തവരിൽ ഇത്തരം ചികിത്സകൾ നൽകിയേക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
പുറത്തെ വായുമലിനീകരണവും കാൻസർ സാധ്യതയും
പുറത്തെ വായുമലിനീകരണവും മറ്റൊരു പ്രധാന വെല്ലുവിളിയാണ്. പ്രത്യേകിച്ചും ഉയർന്ന തോതിൽ സൂക്ഷ്മകണികകൾ ഉള്ള ഡൽഹി-എൻസിആർ പോലുള്ള നഗരങ്ങളിൽ. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പുറത്തെ വായുമലിനീകരണത്തെയും സൂക്ഷ്മകണികകളെയും മനുഷ്യരിൽ കാൻസറുണ്ടാക്കുന്ന ഘടകങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. 2025-ൽ നടന്ന ഒരു ആഗോള പഠനമനുസരിച്ച്, 2022-ൽ ലോകമെമ്പാടുമുണ്ടായ ഏകദേശം 1.95 ലക്ഷം ശ്വാസകോശ അഡിനോകാർസിനോമ കേസുകൾക്കും കാരണം അന്തരീക്ഷത്തിലെ സൂക്ഷ്മകണികകളുടെ സാന്നിധ്യമാണ്. വായുമലിനീകരണം ശ്വാസകോശ കാൻസറുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതിയുമായുള്ള സമ്പർക്കം വളരെ ഗൗരവത്തോടെ കാണണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
രോഗലക്ഷണങ്ങളെ അവഗണിക്കരുത്
ശ്വാസകോശ കാൻസറിന്റെ പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങൾ വളരെ സൂക്ഷ്മമായിരിക്കും എന്നതാണ് പ്രധാന വെല്ലുവിളി. വിട്ടുമാറാത്ത ചുമയെ മലിനീകരണം മൂലമുള്ള അലർജിയായും ശ്വാസതടസ്സത്തെ മറ്റ് പ്രശ്നങ്ങളായും പലരും അവഗണിക്കാറുണ്ട്. 22,645 ശ്വാസകോശ കാൻസർ രോഗികളിൽ ഐസിഎംആർ നടത്തിയ പഠനത്തിൽ, 44.8 ശതമാനം രോഗികളിലും രോഗം കണ്ടെത്തുമ്പോഴേക്കും അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നിരുന്നതായി കണ്ടെത്തി.
വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം വരുന്നത്, കാരണമില്ലാതെ ശരീരഭാരം കുറയുക, നെഞ്ചുവേദന, കൂടിക്കൂടി വരുന്ന ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യപരിശോധന നടത്തണം. ഈ ലക്ഷണങ്ങൾ കാൻസർ തന്നെ ആകണമെന്നില്ല, എങ്കിലും ഇവ തുടരുകയോ മൂർച്ഛിക്കുകയോ ചെയ്താൽ അവഗണിക്കരുത്. ശ്വാസകോശ കാൻസറിന്റെ പ്രധാന കാരണം ഇപ്പോഴും പുകവലിയാണെങ്കിലും, പുറത്തെ വായുമലിനീകരണം, വീടിനുള്ളിലെ പുക, മറ്റുള്ളവർ വലിക്കുന്ന പുക ശ്വസിക്കുന്നത്, ചില തൊഴിൽ സാഹചര്യങ്ങൾ എന്നിവയും ഗൗരവമർഹിക്കുന്നു.
പുകയില ഉപയോഗിക്കാത്തതുകൊണ്ട് മാത്രം ശ്വാസകോശ കാൻസർ വരില്ലെന്ന് ഉറപ്പിക്കാനാകില്ല. മെച്ചപ്പെട്ട അവബോധം, വീടുകളിൽ പാചകത്തിന് ശുദ്ധമായ ഇന്ധനങ്ങളുടെ ഉപയോഗം, മികച്ച വായുനിലവാരം, പുകവലിക്കാത്തവരിലെ കാൻസറിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ, സമയബന്ധിതമായ വൈദ്യപരിശോധന എന്നിവയാണ് ഇതിന് പരിഹാരം. കാരണം, ശ്വാസകോശ കാൻസർ സ്ഥിരീകരിക്കുന്ന എല്ലാവരും പുകവലിക്കുന്നവരല്ല എന്നതാണ് നാം തിരിച്ചറിയേണ്ട യാഥാർത്ഥ്യം.
This is for informational purposes only. For medical advice or diagnosis, consult a professional.
Lung cancer is no longer a disease confined to smokers. In India, there is a significant rise in lung cancer cases among women, younger individuals, and non-smokers. Doctors attribute this shifting demographic to prolonged exposure to severe outdoor air pollution (PM 2.5) and indoor air pollution caused by burning solid fuels for cooking. Adenocarcinoma is the most common subtype found in non-smokers. Since early symptoms like a persistent cough are often mistaken for allergies or TB, delayed diagnosis remains a critical challenge.