Health

'പനി രോഗമല്ല, രോഗലക്ഷണം മാത്രമാണ്'; സ്വയം ചികിത്സിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് പുതിയ പഠനം

ഇന്ത്യയിലെ പനി ബാധിതരിൽ ടൈഫോയ്ഡും ഡെങ്കിപ്പനിയും വർധിക്കുന്നുവെന്ന് തൈറോ കെയർ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു.

Madism Desk

രാജ്യത്ത് പനി ബാധിക്കുന്ന മൂന്നിലൊരാൾക്കും ഡെങ്കിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ ഗുരുതരമായ അണുബാധകൾ ഉള്ളതായി പുതിയ പഠനങ്ങൾ. 2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലധികം ആളുകളിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പ്രമുഖ ഡയഗ്നോസ്റ്റിക് കമ്പനിയായ തൈറോ കെയർ റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തുടനീളം 'ഫീവർ പാക്കേജ്' പരിശോധനയ്ക്ക് വിധേയരായ 1,08,324 വ്യക്തികളുടെ വിവരങ്ങളാണ് തൈറോ കെയർ വിശകലനം ചെയ്തത്. പരിശോധന നടത്തിയവരിൽ മൂന്നിലൊരാൾക്കും ഡെങ്കിപ്പനി, ടൈഫോയ്ഡ്, മലേറിയ, ചിക്കുൻഗുനിയ അല്ലെങ്കിൽ ലെപ്റ്റോസ്പിറോസിസ് (എലിപ്പനി) എന്നിവ സ്ഥിരീകരിച്ചു. സാധാരണ പനിയാണെന്ന് കരുതി വിശ്രമിക്കുന്ന പലർക്കും യഥാർത്ഥത്തിൽ കൃത്യമായ വൈദ്യസഹായം ആവശ്യമായ അണുബാധകളുണ്ടാവുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.

പലപ്പോഴും പനി വരുമ്പോൾ അത് വെറുമൊരു വൈറൽ പനിയാണെന്ന് കരുതി സ്വയംചികിത്സ നടത്തുന്ന ശീലമാണ് ഇന്ത്യക്കാർക്കിടയിലുള്ളതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ശാസ്ത്രീയമായ പരിശോധനകൾ നടത്തുന്നതിന് പകരം നിസ്സാരമായി തള്ളിക്കളയുകയാണ് ചെയ്യുന്നത്. ​​ഗൗരവത്തിലെടുക്കാതിരിക്കുന്നതോടെ രോഗം സങ്കീർണ്ണമാവുന്നതും മരണം വരെ സംഭവിക്കുന്നതും പതിവ് രീതികളായി മാറിയിട്ടുണ്ട്. കൃത്യസമയത്തുള്ള രോഗനിർണ്ണയം ചികിത്സ എളുപ്പമാക്കുമെന്നും ആരോഗ്യരംഗത്തെ ഇത്തരം മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പഠനമനുസരിച്ച് പനി ബാധിച്ചവരിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ടൈഫോയ്ഡ് (18.1%) ആണ്. ഇതിനു പിന്നാലെ ഡെങ്കിപ്പനി (14.4%) റിപ്പോർട്ട് ചെയ്യപ്പെടുന്നു. പലരിലും ഒന്നിലധികം അണുബാധകൾ ഒരേസമയം കാണപ്പെടുന്നു എന്നത് വലിയൊരു വെല്ലുവിളിയാണ്. പത്ത് ശതമാനം രോഗികളിലും ഡെങ്കിപ്പനിയും ടൈഫോയ്ഡും ഒന്നിച്ച് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്ലേറ്റ്‌ലെറ്റ് കുറയുന്നതിനും കരൾ എൻസൈമുകളുടെ അളവ് വ്യത്യാസപ്പെടുന്നതിനും സാധ്യതയുണ്ടെന്ന് ചീഫ് സയന്റിഫിക് ഓഫീസർ ഡോ. പ്രീത് കൗർ മുന്നറിയിപ്പ് നൽകുന്നു.

കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് അണുബാധകളുടെ സ്വഭാവത്തിലും മാറ്റം വരുന്നുണ്ട്. ഡെങ്കിപ്പനി ഒക്ടോബർ മാസങ്ങളിൽ ഉച്ചസ്ഥായിയിലെത്തുമ്പോൾ, മലേറിയ മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. സ്ത്രീകളിൽ ടൈഫോയ്ഡ് ബാധ കൂടുതലായി കണ്ടുവരുമ്പോൾ, പുരുഷന്മാരിലാണ് മലേറിയ കൂടുതൽ ബാധിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ പനി ബാധിച്ചാൽ ഉടൻ തന്നെ വിദഗ്ദ്ധ പരിശോധന നടത്തണം. പ്രത്യേകിച്ച് മൺസൂൺ കാലയളവിൽ പടരുന്ന അണുബാധകളെ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

പനി എന്നത് ശരീരത്തിന് ലഭിക്കുന്ന ഒരു സിഗ്നലാണെന്നും അതിനെ അവഗണിക്കരുതെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതും കരളിലെ എൻസൈമുകളുടെ (SGOT, SGPT) വർദ്ധനവും ശരീരത്തിലെ അവയവങ്ങളെ ബാധിക്കുന്ന സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക. ലാബ് പരിശോധനകളിലൂടെ രോഗം ഏതാണെന്ന് ഉറപ്പുവരുത്തി കൃത്യമായ ചികിത്സ തേടുന്നത് ആന്തരികാവയവങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.

English Summary: A new study by Thyrocare warns that fever is often a symptom of serious infections such as typhoid and dengue, not just a common illness. The report highlights the dangers of self-medication and stresses the need for early testing and proper treatment.