Health

കോർട്ടിസോൾ വില്ലനല്ല, മെലാടോണിൻ ഉറക്ക ഗുളികയുമല്ല; ഹോർമോണുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്താം

മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന ചില പ്രധാന തെറ്റിദ്ധാരണകളും അവയ്ക്ക് പിന്നിലെ യാഥാർഥ്യങ്ങളും തിരിച്ചറിയാം

Madism Desk

ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് 'ഹോർമോൺ ബാലൻസിങ്' അഥവാ ഹോർമോൺ സന്തുലിതാവസ്ഥ. ശരീരഭാരം കൂടുന്നത് മുതൽ ഉറക്കക്കുറവിനും ദേഷ്യത്തിനും വരെ നമ്മൾ ഹോർമോണുകളെ പഴിചാരാറുണ്ട്. എന്നാൽ, ഹോർമോണുകളെക്കുറിച്ച് ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന പല വിവരങ്ങളും ശാസ്ത്രീയമായി എത്രത്തോളം ശരിയാണ്? മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന ചില പ്രധാന തെറ്റിദ്ധാരണകളും അവയ്ക്ക് പിന്നിലെ യാഥാർഥ്യങ്ങളും തിരിച്ചറിയാം.

1. കോർട്ടിസോൾ ഒരു വില്ലൻ ഹോർമോണാണോ?

മാനസിക സമ്മർദ്ദങ്ങൾക്ക് കാരണമാകുന്ന ഹോർമോൺ ആണ് കോർട്ടിസോൾ എന്നാണ് പൊതുവെയുള്ള ധാരണ. അതുകൊണ്ടുതന്നെ ഇതിനെ ഒരു 'ബാഡ് ഹോർമോൺ' ആയി പലരും ചിത്രീകരിക്കുന്നു. എന്നാൽ യാഥാർഥ്യം അതല്ല. നമ്മുടെ ചിന്തകളെ കൃത്യമാക്കാനും ശരീരത്തെ കൂടുതൽ ഉണർവോടെ നിലനിർത്താനും കോർട്ടിസോൾ അത്യാവശ്യമാണ്. ഇതിനെ 'കോർട്ടിസോൾ എഡ്ജ്' എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ചുരുങ്ങിയ സമയത്തേക്ക് ശരീരത്തിന് ഉത്തേജനം നൽകാൻ ഇത് സഹായിക്കും. എന്നാൽ വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കാരണം ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് എപ്പോഴും ഉയർന്നുനിൽക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇതിന് പരിഹാരം മികച്ച ഉറക്കവും വ്യായാമവും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കലുമാണ്. അല്ലാതെ വിപണിയിൽ കിട്ടുന്ന 'ഹോർമോൺ പില്ലുകൾ' അല്ലെന്നാണ് ലണ്ടൻ ഇംപീരിയൽ കോളേജിലെ കൺസൾട്ടന്റ് വ്യക്തമാക്കുന്നത്.

2. മെലാടോണിൻ കഴിച്ചാൽ സുഖമായി ഉറങ്ങാമോ?

രാത്രിയാകുമ്പോൾ മസ്തിഷ്കത്തിലെ പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് മെലാടോണിൻ . ശരീരത്തിന് ഉറങ്ങാനുള്ള സമയമായി എന്ന സിഗ്നൽ നൽകുക മാത്രമാണ് ഇതിന്റെ ജോലി. അതായത്, ശരീരത്തെ ഉറക്കത്തിലേക്ക് നയിക്കാൻ മാത്രമേ മെലാടോണിന് സാധിക്കൂ. പലരും വിചാരിക്കുന്നത് പോലെ രാത്രി മുഴുവൻ തടസ്സമില്ലാതെ ഉറങ്ങാൻ ഇത് സഹായിക്കില്ല. ഉറക്കക്കുറവിന്റെ കാരണങ്ങൾ പലതാണ്. വേഗത്തിൽ ഉറക്കം വരാൻ ബുദ്ധിമുട്ടുന്നവർക്കും രാത്രി മുഴുവൻ ഉറങ്ങാൻ കഴിയാതെ പാതിവഴിയിൽ ഉണരുന്നവർക്കും ഉള്ള പ്രശ്നങ്ങൾ വ്യത്യസ്തമാണെന്നാണ് വിദഗ്ധർ പറയുന്നത്

3. ടെസ്റ്റോസ്റ്റിറോൺ പുരുഷന്മാരെ അക്രമാസക്തരാക്കുമോ?

പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ കൂടിയാൽ ആളുകൾക്ക് ദേഷ്യവും അക്രമവാസനയും കൂടുമെന്നത് ഒരു പൊതുധാരണയാണ്. എന്നാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ ടെസ്റ്റോസ്റ്റിറോൺ ചികിത്സ തേടുന്നവരിൽ ഇത് ദേഷ്യം കൂട്ടാറില്ല, പകരം അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയാണ് ചെയ്യാറുള്ളത്. എന്നാൽ, ബോഡിബിൽഡിങ്ങിനും മറ്റുമായി മെഡിക്കൽ മേൽനോട്ടമില്ലാതെ അമിത അളവിൽ അനാബോളിക് സ്റ്റിറോയ്ഡുകൾ ഉപയോഗിക്കുന്നവരിൽ പ്രശ്നം ഗുരുതരമാണ്. ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ നൂറിലധികം മടങ്ങ് ഹോർമോൺ ഉള്ളിലെത്തുമ്പോൾ, അത് മസ്തിഷ്കത്തിലെ വൈകാരിക നിയന്ത്രണ കേന്ദ്രങ്ങളെ ബാധിക്കുകയും അക്രമവാസനയിലേക്ക് നയിക്കുകയും ചെയ്യും.

4. ഹോർമോൺ പ്രശ്നങ്ങൾ സ്ത്രീകളെ മാത്രമാണോ ബാധിക്കുന്നത്?

ഹോർമോൺ വ്യതിയാനങ്ങൾ സ്ത്രീകളുടെ മാത്രം പ്രശ്നമാണെന്ന ചിന്ത തെറ്റാണ്. സ്ത്രീകളിലും പുരുഷന്മാരിലും ഒരേ ഹോർമോണുകൾ തന്നെയാണ് ഉള്ളത്. സ്ത്രീകളിൽ ഈസ്ട്രജന്റെ (Estrogen) അളവ് കൂടുതലായിരിക്കുമ്പോൾ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലായിരിക്കുമെന്നു മാത്രം. പുരുഷന്മാരിലെ ലൈംഗിക ആരോഗ്യത്തിന് ഈസ്ട്രജനും സ്ത്രീകളുടെ ലൈംഗിക ആരോഗ്യത്തിന് ടെസ്റ്റോസ്റ്റിറോണും ചെറിയ അളവിൽ ആവശ്യമാണ്. ഇൻസുലിൻ, തൈറോയ്ഡ്, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകളുടെ പ്രവർത്തനം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെയാണ്

5. കുട്ടികളിലെ അമിതവണ്ണവും ഹോർമോണും തമ്മിൽ ബന്ധമുണ്ടോ?

തീർച്ചയായും ഉണ്ട്. കുട്ടിക്കാലത്തുണ്ടാകുന്ന അമിതവണ്ണവും ശരീരഭാരവും ഹോർമോൺ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാം. ശരീരത്തിലെ അമിതമായ കൊഴുപ്പ് കാരണം മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലേക്ക് തെറ്റായ സന്ദേശങ്ങൾ എത്തുകയും ഇത് കുട്ടികളിൽ പ്രായപൂർത്തിയാകുന്ന ലക്ഷണങ്ങൾ നേരത്തെയാകാൻ കാരണമാവുകയും ചെയ്യും. ചെറുപ്രായത്തിലെ അമിതവണ്ണം കുട്ടികളുടെ സ്വാഭാവിക വളർച്ചയെയും ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിക്കുമെന്ന് പീഡിയാട്രിക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഹോർമോണുകളുടെ അളവ് സ്വയം നിയന്ത്രിക്കാൻ വിപണിയിൽ ലഭിക്കുന്ന സപ്ലിമെന്റുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ നല്ലത് കൃത്യമായ ജീവിതശൈലിയും ആവശ്യമെങ്കിൽ വിദഗ്ധ ഡോക്ടറുടെ ഉപദേശപ്രകാരമുള്ള ചികിത്സയുമാണ്.

Hormone balancing has become a prominent buzzword in modern health discussions, often cited as the root cause for various wellness issues ranging from unexplained weight gain to insomnia and mood swings. While it is common to blame hormonal imbalances for these everyday health struggles, much of the information circulating across the internet and social media platforms lacks scientific backing. Experts urge caution, emphasizing the need to separate evidence-based medical facts from viral online health trends and misinformation regarding endocrine health.