കാൻസർ എന്ന രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്നാണ് അത് പൂർണ്ണമായും ജനിതകമാണെന്നത്. എന്നാൽ, കുടുംബപാരമ്പര്യത്തേക്കാൾ നമ്മുടെ നിത്യജീവിതത്തിലെ ശീലങ്ങളാണ് ഈ മാരകരോഗത്തെ ക്ഷണിച്ചുവരുത്തുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. ഇന്ദ്രനിൽ ഘോഷിന്റെ നിരീക്ഷണത്തിൽ, കേവലം 5 മുതൽ 10 ശതമാനം വരെ കേസുകൾ മാത്രമാണ് ജനിതകപരമായ കാരണങ്ങളാൽ സംഭവിക്കുന്നത്. ബാക്കി 90 ശതമാനത്തിലധികം രോഗബാധയ്ക്കും കാരണം നമ്മൾ പിന്തുടരുന്ന ജീവിതശൈലിയും പാരിസ്ഥിതിക ഘടകങ്ങളുമാണ്.
ജീവിതശൈലിയും കാൻസറും: വില്ലനാകുന്ന ശീലങ്ങൾ
കാൻസർ രോഗികളിൽ ഭൂരിഭാഗവും തങ്ങളുടെ തെറ്റായ ശീലങ്ങൾ മൂലമാണ് രോഗബാധിതരാകുന്നത്. വായു മലിനീകരണം പോലുള്ള പാരിസ്ഥിതിക ഘടകങ്ങൾ മുതൽ നാം കഴിക്കുന്ന ഭക്ഷണം വരെ ഇതിൽ നിർണ്ണായക പങ്കുവഹിക്കുന്നു. നഗരങ്ങളിൽ ജീവിക്കുന്നവർ നേരിടുന്ന കടുത്ത മലിനീകരണം ശ്വാസകോശ സംബന്ധമായ അർബുദത്തിന് വലിയൊരു കാരണമാകുന്നുണ്ട്. എന്നാൽ ഇതിനേക്കാളൊക്കെ ഉപരിയായി വ്യക്തിപരമായ ശീലങ്ങളാണ് കാൻസറിലേക്ക് നയിക്കുന്ന പ്രധാന പാത.
പുകയില: ഒന്നാം പ്രതി
കാൻസർ മരണങ്ങളിൽ സിംഹഭാഗത്തിനും ഉത്തരവാദി പുകയിലയുടെ ഉപയോഗമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 85 ശതമാനം കാൻസർ കേസുകളും പുകവലി ശീലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ശ്വാസകോശത്തെ മാത്രമല്ല; വായ, തൊണ്ട, പാൻക്രിയാസ്, മൂത്രസഞ്ചി തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ പുകയില മാരകമായി ബാധിക്കുന്നു. മദ്യപാനം, പോഷകാഹാരക്കുറവ്, ശാരീരിക അധ്വാനമില്ലായ്മ എന്നിവയും രോഗസാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്..
പ്രതിരോധം നമ്മുടെ കൈകളിൽ
ഭയപ്പെടുകയല്ല, മറിച്ച് ശീലങ്ങളിൽ മാറ്റം വരുത്തുകയാണ് കാൻസറിനെ പ്രതിരോധിക്കാനുള്ള ഏക മാർഗ്ഗം. അതിനായി പിന്തുടരാവുന്ന ലളിതമായ വഴികൾ താഴെ പറയുന്നവയാണ്:
ലഹരി ഉപേക്ഷിക്കുക: പുകയില ഉൽപ്പന്നങ്ങളുടെയും മദ്യത്തിന്റെയും ഉപയോഗം പൂർണ്ണമായും ഒഴിവാക്കുന്നത് രോഗസാധ്യത പകുതിയിലധികം കുറയ്ക്കാൻ സഹായിക്കും.
വ്യായാമം ശീലമാക്കുക: ദിവസവും ചുരുങ്ങിയത് 30 മിനിറ്റ് വേഗത്തിലുള്ള നടത്തം ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
ഭക്ഷണക്രമം ശ്രദ്ധിക്കുക: സംസ്‌കരിച്ച ഭക്ഷണങ്ങളും അമിത കൊഴുപ്പും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ സമീകൃതാഹാരം ശീലമാക്കുക.
മലിനീകരണത്തിൽ നിന്ന് സംരക്ഷണം: വായു മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
കാൻസറിനെ നേരത്തെ തിരിച്ചറിയുന്നതിനൊപ്പം തന്നെ പ്രധാനമാണ് അത് വരാതെ നോക്കുന്നതും. ചിട്ടയായ ജീവിതത്തിലൂടെയും ബോധപൂർവ്വമായ ഇടപെടലുകളിലൂടെയും ഈ രോഗത്തെ നമുക്ക് അകറ്റിനിർത്താം.
English Summary: Experts say most cancers are caused by lifestyle factors rather than genetics, with smoking, poor diet, inactivity, and pollution being major risks, while healthy habits can significantly reduce chances.