ശരീരത്തിന്റെ 'കെമിക്കൽ ഫാക്ടറി' എന്നറിയപ്പെടുന്ന കരൾ, നമ്മുടെ ആരോഗ്യത്തിന്റെ കാവൽക്കാരനാണ്. ദഹനം, പ്രോട്ടീൻ നിർമ്മാണം, വിഷാംശങ്ങളെ പുറന്തള്ളൽ തുടങ്ങി അഞ്ഞൂറിലധികം സുപ്രധാന ധർമ്മങ്ങൾ നിർവ്വഹിക്കുന്ന കരളിനെ ഇന്നത്തെ തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നത്. പ്രാരംഭ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ ഒരു 'നിശബ്ദ കൊലയാളി'യായാണ് പലപ്പോഴും കരൾരോഗങ്ങൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ സ്വയം പുനരുദ്ധരിക്കാൻ അത്ഭുതകരമായ ശേഷിയുള്ള ഏക അവയവമാണ് കരൾ. അതുകൊണ്ടുതന്നെ സമയോചിതമായ ചികിത്സയിലൂടെയും ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും മാരകമായ കരൾ രോഗങ്ങളെ നമുക്ക് മറികടക്കാനാകും.
അറിയാം ലക്ഷണങ്ങൾ
ലോകമെമ്പാടും ഏകദേശം 150 കോടി ആളുകൾ കരൾരോഗങ്ങളുടെ പിടിയിലാണ്, പ്രതിവർഷം 20 ലക്ഷം മരണങ്ങളും ഇതുമായി ബന്ധപ്പെട്ടാണ് സംഭവിക്കുന്നതെന്നാണ് കണക്കുകൾ. കരൾ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ വളരെ സാധാരണമായതിനാൽ പലപ്പോഴും അവഗണിക്കപ്പെടുന്ന പ്രവണതയാണുള്ളത്. അസാധാരണമായ ക്ഷീണം, വിശപ്പില്ലായ്മ, വയറിലെ അസ്വസ്ഥത തുടങ്ങിയവയാണ് ആരംഭ ലക്ഷണങ്ങൾ. എന്നാൽ, ദിവസങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ കണ്ണിലും ചർമ്മത്തിലും മഞ്ഞ നിറം (ജോണ്ടിസ്), ഇരുണ്ട നിറത്തിലുള്ള മൂത്രം, വയറുവീക്കം, പെട്ടെന്ന് ശരീര ഭാരം കുറയൽ തുടങ്ങി കൂടുതൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാകും.
കണ്ടെത്താം.. തുരത്താം.. വില്ലന്മാരെ!
കരൾ രോഗങ്ങളുടെ പ്രധാന കാരണങ്ങളായി കാണുന്നത് ഹെപ്പറ്റൈറ്റിസ് ബി , ഹെപ്പറ്റൈറ്റിസ് സി പോലുള്ള വൈറസ് ബാധകളും, അമിത മദ്യപാനം, തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും ഒക്കെയാണ്. ഫാറ്റി ലിവർ മുതൽ ആരംഭിച്ച് ഹെപ്പറ്റൈറ്റിസ് , സിറോസിസ്, മദ്യപാനം കൊണ്ടുള്ള ലിവർ രോഗം, കരൾ അർബുദം, ഓട്ടോഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് വരെ നീളുന്ന കരൾ രോഗങ്ങളുണ്ട്. തെറ്റായ ഭക്ഷണരീതിയും വ്യായാമക്കുറവും മൂലം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഇന്ന് വേഗത്തിൽ ഉയരുന്ന പ്രശ്നമായി മാറിയിരിക്കുകയാണ്. 2050ഓടെ ഫാറ്റി ലിവർ രോഗികൾ 42 ശതമാനം വരെ ഉയരുമെന്നും, നിലവിൽ ലോകത്ത് മൂന്നിൽ ഒരാൾക്ക് വരെ ബാധിച്ചേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രോഗം പുരോഗമിക്കുന്നതോടെ കരളിൽ സ്ഥിരമായ നാശം സംഭവിച്ച് സിറോസിസ് പോലുള്ള ഗുരുതര അവസ്ഥകളിലേക്കും, അതുവഴി കരൾ പ്രവർത്തനക്ഷമത കുറയുന്നതിനും കാരണമാകും. ചില കേസുകളിൽ കരൾ അർബുദത്തിലേക്കുമെത്താൻ സാധ്യതയുണ്ട്.
അതേസമയം, കരളിനെ ബാധിക്കുന്ന രോഗങ്ങൾ മദ്യപാനം മൂലം മാത്രമല്ല. പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോൾ, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയുള്ളവരിൽ കരളിൽ കൊഴുപ്പ് അടിയാനുള്ള സാധ്യത കൂടുതലാണ്. കരൾ രോഗങ്ങൾ വഷളായാൽ രക്തം ഛർദ്ദിക്കുക, കറുത്ത മലം, വയറ്റിൽ നീര് കെട്ടുക, മഞ്ഞപ്പിത്തം തുടങ്ങിയ ഗുരുതര ലക്ഷണങ്ങൾ വരെ കാണിക്കാറുണ്ട്.
എന്നാൽ, ഈ രോഗങ്ങളുടെ ഭൂരിഭാഗവും പ്രാരംഭഘട്ടത്തിൽ കണ്ടെത്താനായാൽ നിയന്ത്രിക്കാനോ, മാറ്റാനോ കഴിയുന്നതാണ്. ആരോഗ്യകരമായ ഭക്ഷണം, സ്ഥിരമായ വ്യായാമം, മദ്യപാനം ഒഴിവാക്കൽ, ഹെപ്പറ്റൈറ്റിസ് പ്രതിരോധ കുത്തിവയ്പ്പുകൾ, സ്ഥിരമായ ആരോഗ്യ പരിശോധനകൾ എന്നിവയിലൂടെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കാതെ നേരത്തെ ചികിത്സ തേടുന്നത് ജീവൻ രക്ഷിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ശീലിക്കാം പുത്തൻ ശീലങ്ങൾ
കരൾ രോഗങ്ങൾ പലപ്പോഴും മുൻകരുതലുകൾ സ്വീകരിച്ച് തടയാൻ സാധിക്കും. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ സ്വീകരിക്കൽ, മദ്യപാനം പൂർണ്ണമായി ഒഴിവാക്കൽ, പ്രോട്ടീൻ അടങ്ങിയ സമതുലിതമായ ഭക്ഷണക്രമം പാലിക്കൽ, സ്ഥിരമായ വ്യായാമം എന്നിവയാണ് ഇതിൽ പ്രധാനമാണ്. കൂടാതെ, വെളിച്ചെണ്ണ, നെയ്യ്, പാമോയിൽ പോലുള്ള അമിത കൊഴുപ്പ് അടങ്ങിയ എണ്ണകളുടെ ഉപയോഗം കുറയ്ക്കുന്നത് കരളിന്റെ ആരോഗ്യത്തിന് സഹായകരമാണ്. ദിവസേന കുറഞ്ഞത് 30 മിനിറ്റ് നടക്കുകയും, സൈക്ലിംഗ്, നീന്തൽ പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അതിനൊപ്പം, അനാവശ്യ മരുന്നുകൾ ഒഴിവാക്കുകയും മതിയായ തോതിൽ വെള്ളം കുടിക്കുകയും ചെയ്യണം. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾ കരൾ രോഗങ്ങൾ തടയാൻ വളരെ പ്രധാനമാണ്. ഫാസ്റ്റ് ഫുഡും, അധിക പഞ്ചസാരയും ഒഴിവാക്കുന്നത് കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
കുടുംബത്തിൽ കരൾ രോഗ ചരിത്രമുള്ളവർ സ്ഥിരമായി ആരോഗ്യ പരിശോധനകൾ, എൽഎഫ്ടി പോലുള്ള രക്തപരിശോധനകൾ, സ്കാനുകൾ എന്നിവ നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താനും നിയന്ത്രിക്കാനും സഹായകരമാണ്. രോഗം ഗുരുതരമായാൽ കരൾ മാറ്റിവയ്ക്കൽ മാത്രമായിരിക്കും പരിഹാരം. ഇന്ന് ഇത്തരം ശസ്ത്രക്രിയകൾക്ക് 95 ശതമാന ത്തിലധികം വിജയസാധ്യതയുണ്ട്. ഏപ്രിൽ 19-ന് ആചരിക്കുന്ന ലോക കരൾ ദിനത്തിന്റെ പശ്ചാത്തലത്തിൽ, 'ഉറച്ച ശീലങ്ങൾ, ശക്തമായ കരൾ' എന്ന ഇത്തവണത്തെ സന്ദേശം ഉൾകൊള്ളാം.
English Summary: Liver health awareness is crucial as fatty liver disease, hepatitis, and cirrhosis are rising globally. Avoid alcohol, follow a healthy lifestyle, balanced diet, and regular exercise to protect liver function and prevent serious complications. Early detection and proper care can reverse liver damage and improve overall health.