Health

'ബ്ലഡ് സിഗ്നേച്ചർ'; ശ്വാസകോശ അർബുദ രോഗ സാധ്യത നേരത്തെ തിരിച്ചറിയാം, ശാസ്ത്രലോകത്ത് നിർണ്ണായകമായ കണ്ടെത്തൽ

അഞ്ച് വർഷം മുൻപ് തന്നെ രക്തപരിശോധനയിലൂടെ പ്രവചിക്കാൻ കഴിയുമെന്ന് പുതിയ പഠനം.

Madism Desk

ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുക്കുന്ന ശ്വാസകോശ അർബുദം, രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് അഞ്ച് വർഷം മുൻപ് തന്നെ രക്തപരിശോധനയിലൂടെ പ്രവചിക്കാൻ കഴിയുമെന്ന് പുതിയ പഠനം. രാജ്യാന്തര ശാസ്ത്ര ജേണലായ 'സെൽ' പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കാൻസർ പ്രതിരോധ രംഗത്ത് നിർണായകമായേക്കാവുന്ന ഈ കണ്ടെത്തലുള്ളത്. ഓസ്‌ട്രേലിയയിലെ വാൾട്ടർ ആൻഡ് എലിസ ഹാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് രക്തത്തിലെ 14 തരം പ്രോട്ടീനുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. രോഗം വരാൻ സാധ്യതയുള്ളവരെ മുൻകൂട്ടി കണ്ടെത്താനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും ഈ 'ബ്ലഡ് സിഗ്നേച്ചർ' സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്

ലക്ഷണങ്ങൾക്കും മുൻപേ തിരിച്ചറിയാം

നിലവിൽ ശ്വാസകോശ അർബുദം ബാധിക്കുന്നവരിൽ ഭൂരിഭാഗം പേരിലും രോഗം തിരിച്ചറിയുന്നത് അവസാന ഘട്ടങ്ങളിലാണ്. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടൽ, തുടങ്ങിയ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോഴേക്കും കാൻസർ കോശങ്ങൾ ശരീരത്തിൽ പടർന്നിട്ടുണ്ടാകും. പ്രാരംഭ ഘട്ടത്തിൽ രോഗം കണ്ടെത്തിയാൽ 60 ശതമാനത്തിലധികം രോഗികളെയും പൂർണ്ണമായി സുഖപ്പെടുത്താൻ സാധിക്കാറുണ്ട്. എന്നാൽ വൈകി മാത്രം രോഗം തിരിച്ചറിയുന്നവരിൽ അതിജീവന നിരക്ക് വെറും 6 ശതമാനത്തിലേക്ക് ചുരുങ്ങുന്നു. ഈ സാഹചര്യത്തിലാണ് രോഗാവസ്ഥ രൂപപ്പെടുന്നതിന് വർഷങ്ങൾക്ക് മുൻപ് തന്നെ അപകടസാധ്യത മുന്നറിയിപ്പ് നൽകുന്ന പുതിയ രക്തപരിശോധന പ്രസക്തമാകുന്നത്.

വില്ലനാകുന്നത് വിട്ടുമാറാത്ത വീക്കം

യുകെ ബയോബാങ്കിൽ നിന്നുള്ള 48,000-ത്തിലധികം ആളുകളുടെ രക്തസാമ്പിളുകൾ വിശദമായി വിശകലനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. ഈ പരിശോധന നിലവിലുള്ള കാൻസർ ട്യൂമറിനെ കണ്ടെത്തുന്ന ഒന്നല്ല, മറിച്ച് ശ്വാസകോശത്തിലുണ്ടാകുന്ന വിട്ടുമാറാത്ത വീക്കത്തെയും കോശങ്ങളിലെ മാറ്റങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. വായു മലിനീകരണം, പുകവലി, മറ്റ് രാസപദാർത്ഥങ്ങളുമായുള്ള സമ്പർക്കം എന്നിവ ശ്വാസകോശത്തിൽ നിരന്തരമായ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഈ അവസ്ഥയാണ് പിന്നീട് കാൻസറിലേക്ക് നയിക്കുന്നത്. രക്തത്തിലെ 14 പ്രത്യേക പ്രോട്ടീനുകളുടെ ഈ പാറ്റേൺ, ഭാവിയിൽ കാൻസർ വരാൻ സാധ്യതയുള്ളവരിൽ വളരെ നേരത്തെ തന്നെ പ്രകടമാകുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു.

ഇന്ത്യയ്ക്ക് എന്തുകൊണ്ട് നിർണായകം?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. പുകവലിക്ക് പുറമെ നഗരങ്ങളിലെ കടുത്ത വായു മലിനീകരണവും, ഗ്രാമീണ മേഖലകളിൽ അടുപ്പിൽ നിന്നുള്ള പുകയും ഇന്ത്യക്കാരിൽ രോഗസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. നിലവിൽ പുകവലിക്കുന്ന പ്രായമായവരിലാണ് സിടി സ്കാൻ വഴിയുള്ള പരിശോധനകൾ നടത്താറുള്ളത്. എന്നാൽ പുകവലിക്കാത്തവരിലും രോഗം വ്യാപകമായി കാണുന്നുണ്ട്. ഈ പരിശോധന പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുൻപായി കൂടുതൽ വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

English Summary: A new study published in the journal Cell suggests that lung cancer risk may be predicted up to five years before symptoms appear using a blood test. Researchers identified a unique pattern of 14 blood proteins that could help detect individuals at high risk and enable earlier preventive interventions.