കാൻസറിനെ പ്രാരംഭഘട്ടത്തിലറിയാം; പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം

ഓരോ കോശത്തിന്റെയും സ്വഭാവം തിരിച്ചറിയാനുള്ള പുതിയ പഠനം
കാൻസറിനെ പ്രാരംഭഘട്ടത്തിലറിയാം; പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം
Published on

മനുഷ്യായുസിന് വലിയ വെല്ലുവിളിയായി തുടരുന്ന കാൻസർ രോഗത്തെ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം. മനുഷ്യശരീരത്തിലെ ഓരോ കോശത്തിന്റെയും ഉപരിതലത്തിൽ ഒളിഞ്ഞുകിടക്കുന്ന അതിസൂക്ഷ്മമായ ഷുഗർ പാറ്റേണുകളിൽ നിന്നാണ് പുതിയ കണ്ടെത്തൽ. ഭാവിയിൽ കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ വേഗത്തിലും കൃത്യതയോടെയും കണ്ടെത്താൻ ഈ പഠനം വഴിതെളിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സയൻസ് ഓഫ് ലൈറ്റിലുള്ള ഗവേഷകർ നേതൃത്വം നൽകിയ പഠനം നേച്ചർ നാനോടെക്നോളജി ജേർണലിലാണ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. മനുഷ്യകോശങ്ങളുടെ പുറംഭാഗത്തെ പഞ്ചസാര ഘടനകളെ സൂക്ഷ്മതലത്തിൽ നിരീക്ഷിക്കാൻ ഗ്ലൈകാൻ അറ്റ്ലാസിങ് (Glycan Atlasing) എന്ന അത്യാധുനിക ഇമേജിങ് സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തിയത്.

എന്താണ് ഷുഗർ കോഡ്?

മനുഷ്യകോശങ്ങളുടെ ഉപരിതലത്തിലുള്ള പഞ്ചസാര ഘടനകളുടെ പ്രത്യേക ക്രമീകരണമാണ് ഷുഗർ കോഡ് (Sugar Code). ഇതിന് പുറംഭാഗത്ത് ഗ്ലൈക്കോകാലിക്സ്(Glycocalyx) എന്നറിയപ്പെടുന്ന പ്രത്യേക പഞ്ചസാര പാളിയുണ്ട്. ഈ പാളി കോശങ്ങളെ സംരക്ഷിക്കുന്ന ഒരു കവചം മാത്രമയല്ല പ്രവർത്തിക്കുന്നത്, ഇവ കോശത്തിന്റെ ആരോഗ്യാവസ്ഥയും പ്രവർത്തനങ്ങളുമെല്ലാം വ്യക്തമാക്കുന്ന പാളികൂടിയായി പ്രവർത്തിക്കും. കോശങ്ങളുടെ ഉപരിതലത്തിലുള്ള ഈ പഞ്ചസാര ഘടനകളെയാണ് ഗ്ലൈക്കാൻസ് (Glycans) എന്നാണ് വിളിക്കുന്നത്. ഇവയുടെ ക്രമീകരണവും രൂപവും മാറുമ്പോൾ കോശത്തിന്റെ പ്രവർത്തനാവസ്ഥയിലും വ്യത്യാസമുണ്ടാകുന്നുണ്ട്.

കാൻസറിനെ പ്രാരംഭഘട്ടത്തിലറിയാം; പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം
ചെറുപ്പക്കാരിലെ ബിപി; നിശബ്ദ കൊലയാളിയെ തിരിച്ചറിയാം! സൂക്ഷിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും

ശരീരത്തിലെ പ്രതിരോധകോശങ്ങൾ (Immune Cells) പ്രവർത്തിക്കുമ്പോൾ ഗ്ലൈക്കോകാലിക്സിലെ ഷുഗർ പാറ്റേണുകൾ മാറും. അതായത്, കാൻസർ പോലുള്ള മാരകമായ രോഗം ബാധിച്ചാലും, ആരോഗ്യകരമായ കോശങ്ങൾ നിലനിൽക്കുമ്പോളും ഷുഗർ കോഡിൽ വ്യത്യാസങ്ങൾ ഉണ്ടാകും.

ഗ്ലൈകാൻ അറ്റ്ലാസിങ് എന്ന സാങ്കേതിക വിദ്യയിലൂടെ കോശങ്ങളുടെ ഉപരിതലത്തിലെ പഞ്ചസാര ഘടനകളെ മൈക്രോസ്കോപ്പിക് തലത്തിൽ നിരീക്ഷിക്കാൻ കഴിയും. സാധാരണ പരിശോധനകളിൽ കാണാനാകാത്ത വളരെ ചെറിയ മാറ്റങ്ങളും ഇതിലൂടെ കണ്ടെത്താനായിട്ടുണ്ട്. ഗവേഷകർ പറയുന്നതനുസരിച്ച്, ഓരോ കോശത്തിനും സ്വന്തം 'ഷുഗർ ഐഡന്റിറ്റി' ഉണ്ടാകും, രോഗബാധ ഉണ്ടാകുമ്പോൾ ഈ ഐഡന്റിറ്റിയിൽ മാറ്റമുണ്ടാകും. അതിനെ അടിസ്ഥാനമാക്കി രോഗാവസ്ഥകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും.

കാൻസറിനെ പ്രാരംഭഘട്ടത്തിലറിയാം; പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം
പ്രഭാതഭക്ഷണം അഡ്ജസ്റ്റ് ചെയ്യരുതേ; അളവും ഗുണവും ഒരേപോലെ പ്രധാനമെന്ന് പഠനം

പ്രതീക്ഷ നൽകുന്ന പഠനം

ശാസ്ത്രലോകത്തിന് ഏറെ നിർണായകമായ കണ്ടെത്തലായാണ് പുതിയ പഠനത്തെ വിലയിരുത്തപ്പെടുന്നത്. കാരണം, കാൻസർ രൂപപ്പെടുന്ന ആദ്യഘട്ടങ്ങൾ തിരിച്ചറിയാനും ശരീരത്തിലെ സജീവവും നിർജ്ജീവവുമായ പ്രതിരോധകോശങ്ങളെ വേർതിരിക്കാനും ഇത് സഹായിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. രോഗത്തിന്റെ പുരോഗതി കൂടുതൽ കൃത്യമായി നിരീക്ഷിക്കാനുള്ള മാർഗങ്ങൾ വികസിപ്പിക്കാനും വ്യക്തിഗത ചികിത്സാ രീതികളെ കൂടുതൽ ഫലപ്രദമാക്കാനും ഈ പഠനം വഴിതെളിക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ ഉപയോഗിക്കുന്ന പല കാൻസർ പരിശോധനകളിലും രോഗം ഒരു പരിധിവരെ വളർന്നശേഷമാണ് കണ്ടെത്താൻ കഴിയുന്നത്. എന്നാൽ മനുഷ്യകോശങ്ങളിലെ ഷുഗർ പാറ്റേണുകളിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിയാൻ കഴിയുന്ന രീതിയിലേക്ക് ഭാവിയിലെ വൈദ്യശാസ്ത്രത്തെ ഈ പഠനം നയിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പ്രത്യേകിച്ച് സ്തനാർബുദം, ശ്വാസകോശ കാൻസർ, രക്താർബുദങ്ങൾ, പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തുന്നതിൽ ഇത് നിർണായകമായ സഹായമാകാം.

കാൻസറിനെ പ്രാരംഭഘട്ടത്തിലറിയാം; പുത്തൻ കണ്ടെത്തലുമായി ശാസ്ത്രലോകം
പ്രായമല്ല, ജീവിതശൈലിയാണ് ഹൃദയത്തെ കൊല്ലുന്നത്; 30 മുതൽ 40 വയസുള്ളവരിൽ ഹൃദയാഘാതം കൂടുന്നു

ഈ കണ്ടെത്തൽ ഭാവിയിലെ രോഗനിർണയ സാങ്കേതിക വിദ്യകൾക്ക് ശക്തമായ അടിത്തറയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ സാമ്പിളുകൾ ഉപയോഗിച്ച് ഗവേഷണം വിപുലീകരിക്കുകയും വിവിധ രോഗാവസ്ഥകളിലെ ഷുഗർ പാറ്റേണുകൾ കൂടുതൽ ആഴത്തിൽ പഠിക്കുകയും ചെയ്യുന്നതാണ് അടുത്ത ലക്ഷ്യമെന്നും പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞർ വ്യക്തമാക്കി.

English Summary: Scientists from Germany’s Max Planck Institute have discovered hidden sugar patterns on the surface of human cells that could transform early cancer detection. Using an advanced imaging technology called Glycan Atlasing, researchers identified microscopic changes in glycans — sugar molecules present on cell surfaces. These patterns may help doctors detect cancer, immune disorders, and other diseases much earlier than current methods. The study was published in Nature Nanotechnology.

Madism Digital
madismdigital.com