സ്ത്രീശരീരത്തില് വാര്ദ്ധക്യം വരുത്തുന്ന മാറ്റങ്ങളില് ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ആര്ത്തവവിരാമത്തെ സമൂഹം ഇന്നുവരെ കണ്ടിരുന്നത്. എന്നാല്, ഈ പരമ്പരാഗത നിഗമനങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയൊരു ഗവേഷണ ഫലം പുറത്തുവന്നിരിക്കുന്നു. ആര്ത്തവവിരാമം എന്നത് കേവലം പ്രായാധിക്യം കൊണ്ടുണ്ടാകുന്ന മാറ്റമല്ലെന്നും മറിച്ച് ശരീരത്തിലെ അവയവങ്ങള്ക്ക് സംഭവിക്കുന്ന ജീവശാസ്ത്രപരമായ മാറ്റം കൂടിയാണെന്നും പഠനം വ്യക്തമാക്കുന്നു.
ആര്ത്തവവിരാമത്തിന് ഒരു പതിറ്റാണ്ട് മുമ്പ് തന്നെ ഹോര്മോണ് വ്യതിയാനങ്ങള് ആരംഭിക്കും. അതിനാല്, ആര്ത്തവവിരാമം എന്നത് തികച്ചും പതുക്കെ മാത്രം നടക്കുന്ന ഒരു ഘട്ടമാണെന്ന പരമ്പരാഗത ധാരണയെ ഈ പഠനം തിരുത്തുന്നു. പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചര് മെഡിസിനില്' ഇസ്രായേലിലെ വൈസ്മാന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സിലെ ഗവേഷകര് പ്രസിദ്ധീകരിച്ച പഠനമാണ് സ്ത്രീകളുടെ ആരോഗ്യ മേഖലയില് വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിരിക്കുന്നത്.
എന്താണ് 'ഫിസിയോളജിക്കല് ക്ലിഫ്'?
ഗ്ലെന് പ്രിദാം, യോവ് ഹയൂട്ട് എന്നിവരുടെ നേതൃത്വത്തില് നടന്ന ഈ പഠനത്തിനായി 1999 മുതല് 2024 വരെയുള്ള കാലയളവില് അമേരിക്കയിലെയും ഇസ്രായേലിലെയും 10 ലക്ഷത്തിലധികം സ്ത്രീകളെയാണ് ഗവേഷകര് വിശകലനം ചെയ്തത്. അവസാന ആര്ത്തവത്തോട് അനുബന്ധിച്ച് സ്ത്രീകള് ഒരു 'ഫിസിയോളജിക്കല് ക്ലിഫ്' (പെട്ടെന്നുള്ള ശാരീരിക മാറ്റങ്ങള്) നേരിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. അതായത്, ആര്ത്തവം പൂര്ണ്ണമായി നിലക്കുന്ന സമയത്ത് ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവര്ത്തനങ്ങളില് പെട്ടെന്ന് വലിയ മാറ്റങ്ങള് സംഭവിക്കുന്നു.
പഠനവിധേയമാക്കിയ 90 ലബോറട്ടറി ടെസ്റ്റുകളില് 52 എണ്ണത്തിലും ശരീരത്തില് വലിയ രീതിയിലുള്ള വ്യതിയാനങ്ങള് കണ്ടെത്തിയിട്ടുണ്ട്. ഇതില് അസ്ഥികളുടെ ആരോഗ്യം, കരള്-വൃക്ക പ്രവര്ത്തനങ്ങള്, രക്തത്തിലെ രാസഘടന എന്നിവയാണ് പെട്ടെന്നുള്ള വലിയ മാറ്റങ്ങള്ക്ക് വിധേയമാകുന്നത്. 'സ്റ്റഡി ഓഫ് വിമന്സ് ഹെല്ത്ത് അക്രോസ് ദി നേഷന്' ഉള്പ്പെടെയുള്ള മുന്കാല ദീര്ഘകാല ഗവേഷണങ്ങള്, ആര്ത്തവവിരാമ സമയത്തെ ഹോര്മോണ് മാറ്റങ്ങളെയും അസ്ഥികളുടെ ക്ഷയത്തെയും കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നാല്, ഈ പുതിയ പഠനം വലിയൊരു ജനവിഭാഗത്തിനിടയില് വിപുലമായ ജീവശാസ്ത്രപരമായ അളവുകള് പരിശോധിച്ച് കൂടുതല് ശക്തമായ തെളിവുകള് നല്കുന്നു.
15 വര്ഷം മുമ്പേ തുടങ്ങുന്ന സൂചനകള്
അവസാന ആര്ത്തവസമയത്ത് മറ്റ് അവയവങ്ങളില് പെട്ടെന്ന് മാറ്റങ്ങള് പ്രകടമാകുമെങ്കിലും, പ്രത്യുത്പാദന ഹോര്മോണുകളിലെ മാറ്റങ്ങള് ഇതിനും ഒരു പതിറ്റാണ്ടിലേറെ മുമ്പ് തന്നെ ആരംഭിക്കുന്നുണ്ടെന്നതാണ് ഈ പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്. അണ്ഡാശയത്തിന്റെ ശേഷിയെ സൂചിപ്പിക്കുന്ന എഎംഎച്ച് (ആന്റി-മുള്ളേറിയന് ഹോര്മോണ്) ഹോര്മോണിന്റെ അളവ് ആര്ത്തവവിരാമത്തിന് 15 വര്ഷം മുമ്പ് തന്നെ കുറയാന് തുടങ്ങും. അതുപോലെ പ്രത്യുത്പാദനത്തെ നിയന്ത്രിക്കുന്ന എഫ്എസ്എച്ച് (ഫോളിക്കിള്-സ്റ്റിമുലേറ്റിംഗ് ഹോര്മോണ്) അളവ് 15 വര്ഷം മുമ്പേ ഉയരാനും തുടങ്ങും. ഈസ്ട്രജന്റെ പ്രധാന രൂപമായ ഈസ്ട്രാഡിയോളിന്റെ അളവാകട്ടെ, ആര്ത്തവവിരാമത്തിന് 12 വര്ഷം മുമ്പ് തന്നെ കുറഞ്ഞുതുടങ്ങുന്നതായി പഠനം തെളിയിക്കുന്നു.
ഈ കണ്ടെത്തലുകള് സൂചിപ്പിക്കുന്നത് ആര്ത്തവം നിലയ്ക്കുന്നതിന് വളരെ മുമ്പ് തന്നെ ആര്ത്തവവിരാമവുമായി ബന്ധപ്പെട്ട ജീവശാസ്ത്രപരമായ പ്രക്രിയകള് ആരംഭിക്കുന്നു എന്നാണ്. 'ഞങ്ങളുടെ പഠനം, ആര്ത്തവവിരാമത്തിന് ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് തന്നെ പ്രതിരോധ ആരോഗ്യസംരക്ഷണത്തിനുള്ള സാധ്യതകള് തുറന്നുതരുന്നു,' വൈസ്മാന് ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസ്താവനയില് ഗവേഷകരിലൊരാളായ അലോണ് പറഞ്ഞു. 'കൂടുതല് വിപുലമായി പറഞ്ഞാല്, ഞങ്ങള് വികപ്പിച്ചെടുത്ത ഈ രീതി കൗമാരം, ഗര്ഭധാരണം അല്ലെങ്കില് രോഗാരംഭം പോലുള്ള ജീവിതത്തിലെ മറ്റ് പ്രധാന മാറ്റങ്ങളെക്കുറിച്ച് പഠിക്കാനും സഹായിച്ചേക്കാം', അലോണ് കൂട്ടിച്ചേര്ത്തു.
വാര്ദ്ധക്യസഹജമല്ല, സ്ത്രീശരീരത്തിന്റെ മാത്രം പ്രത്യേകത
ഈ മാറ്റങ്ങള് വെറും വാര്ദ്ധക്യം മൂലമുണ്ടാകുന്നതാണോ എന്ന് പരിശോധിക്കാന് ഗവേഷകര് സമാന പ്രായത്തിലുള്ള പുരുഷന്മാരുടെ ലബോറട്ടറി ഫലങ്ങളും വിശകലനം ചെയ്തിരുന്നു. എന്നാല് പുരുഷന്മാരില് ഇത്തരത്തിലുള്ള പെട്ടെന്നുള്ള ശാരീരിക മാറ്റങ്ങള് കാണപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഇത് ആര്ത്തവവിരാമം മൂലമുണ്ടാകുന്ന സവിശേഷമായ പ്രതിഭാസമാണെന്ന് ഉറപ്പിക്കാന് ഗവേഷകരെ സഹായിച്ചു. കൂടാതെ, മെനോപോസല് ഹോര്മോണ് തെറാപ്പി സ്വീകരിക്കുന്ന സ്ത്രീകളില് ശാരീരിക മാറ്റങ്ങളുടെ തീവ്രത കുറവാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, ഹോര്മോണ് തെറാപ്പി ആര്ത്തവവിരാമം മൂലമുണ്ടാകുന്ന എല്ലാ മാറ്റങ്ങളെയും തടയുമെന്നോ അല്ലെങ്കില് ഇത് എല്ലാ സ്ത്രീകള്ക്കും അനുയോജ്യമാണെന്നോ ഈ കണ്ടെത്തലുകള് സ്ഥിരീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ വ്യക്തിഗത ലക്ഷണങ്ങള്, ആരോഗ്യ ചരിത്രം, സാധ്യതയുള്ള അപകടസാധ്യതകള് എന്നിവയെ ആശ്രയിച്ചേ ചികിത്സാ തീരുമാനങ്ങള് എടുക്കാവൂ.
പ്രതിരോധ ചികിത്സാരംഗത്ത് പ്രതീക്ഷയുടെ പുതിയ വാതില്
ഈ പുതിയ കണ്ടെത്തല് വൈദ്യശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങള്ക്ക് വഴിതുറന്നേക്കാം. ആര്ത്തവവിരാമത്തിന് വര്ഷങ്ങള്ക്ക് മുമ്പ് തന്നെ ഹോര്മോണ് വ്യതിയാനങ്ങള് തിരിച്ചറിഞ്ഞ് ആവശ്യമായ മുന്കരുതലുകള് എടുക്കാന് മുന്കൂട്ടിയുള്ള രോഗനിര്ണ്ണയം സഹായിക്കും. കൂടാതെ, കരളിലും അസ്ഥികളിലും ഉണ്ടാകുന്ന മാറ്റങ്ങള് നേരത്തെ മനസ്സിലാക്കുന്നതിലൂടെ കൊളസ്ട്രോള്, ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം) തുടങ്ങിയ പ്രശ്നങ്ങള്ക്ക് യഥാസമയം പ്രതിരോധ ചികിത്സകള് ആരംഭിക്കാനും കഴിയും. ശാസ്ത്രജ്ഞര് വികസിപ്പിച്ചെടുത്ത ഈ ഗണിതശാസ്ത്ര വിശകലന രീതി കൗമാരം, ഗര്ഭധാരണം, മറ്റ് രോഗങ്ങള് എന്നിവയെക്കുറിച്ച് ഭാവിയില് കൂടുതല് പഠിക്കാനും വലിയ തോതില് സഹായകമാകും.
A new study published in Nature Medicine suggests that menopause involves significant biological changes across multiple organs, challenging the traditional view that it is simply a gradual consequence of ageing. Researchers at Israel’s Weizmann Institute of Science analysed data from more than one million women in the United States and Israel collected between 1999 and 2024. The study identifies a phenomenon described as a “physiological cliff”, in which several biological markers change substantially around a woman’s final menstrual period. Of the 90 laboratory tests examined, 52 showed significant changes, particularly those related to bone health, liver and kidney function, and blood chemistry.