ശുചിമുറിയിലെ മൊബൈല്‍ഫോണ്‍ ഉപയോഗം ഇന്ന് ഭൂരിഭാഗം പേരുടെയും ദിനചര്യയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ സ്‌ക്രോള്‍ ചെയ്യുക, വീഡിയോകള്‍ കാണുക, മെസ്സേജുകൾ പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളില്‍ മുഴുകി ആളുകള്‍ അറിയാതെയാണ് ഏറെ സമയം ടോയ്ലറ്റ് സീറ്റില്‍ ചെലവഴിക്കുന്നത്. പലര്‍ക്കും ഇത് സാധാരണ ശീലമായി തോന്നുന്നുണ്ടെങ്കിലും, ദഹനവ്യവസ്ഥയെയും മലാശയാരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ദിവസവും 10 മുതല്‍ 15 മിനിറ്റില്‍ കൂടുതല്‍ ടോയ്ലറ്റില്‍ ചെലവഴിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കാമെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം.
മലദ്വാര ഭാഗത്തെ സമ്മര്‍ദ്ദം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം
ഗ്യാസ്‌ട്രോ വിദഗ്ധരും ജിഐ സര്‍ജന്‍മാരും പറയുന്നതനുസരിച്ച്, ടോയ്ലറ്റ് സീറ്റില്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ മലാശയത്തിനും മലദ്വാരത്തിനും ചുറ്റുമുള്ള സിരകളില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാകുന്നു. ഇത് പതിവായാല്‍ സിരകള്‍ വീര്‍ക്കുകയും പൈല്‍സ് രൂപപ്പെടാനും സാധ്യതയുണ്ട്. മലവിസര്‍ജ്ജന സമയത്തെ വേദന, ചൊറിച്ചില്‍, രക്തസ്രാവം തുടങ്ങിയ അസ്വസ്ഥതകള്‍ക്കും ഇത് കാരണമാകാം. പ്രത്യേകിച്ച് പാശ്ചാത്യ ശൈലിയിലുള്ള യൂറോപ്യന്‍ ക്ലോസറ്റുകളില്‍ അധികസമയം ഇരിക്കുന്നത് മലാശയ ഭാഗത്ത് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മലബന്ധം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാം
ദീര്‍ഘനേരം ടോയ്ലറ്റില്‍ ഇരിക്കുന്നത് കുടല്‍ പൂര്‍ണമായി ശുദ്ധമാകാന്‍ സഹായിക്കുമെന്ന ധാരണ ശരിയല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. മറിച്ച്, ഇത്തരത്തിലുള്ള ശീലം മലബന്ധം കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കാം. ഏറെ നേരം ബുദ്ധിമുട്ടി ഇരിക്കുന്നത് പെല്‍വിക് ഫ്‌ളോര്‍ പേശികളില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും മലവിസര്‍ജ്ജന പ്രക്രിയയെ ബാധിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഇത്തരത്തില്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് മലദ്വാരത്തിലെ വിള്ളലുകള്‍, മലാശയ പ്രോലാപ്സ് പോലുള്ള ഗുരുതര പ്രശ്നങ്ങള്‍ക്കും സാധ്യത ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ മുന്നറിയിപ്പ്.
ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരാന്‍ നിര്‍ദേശം
ടോയ്ലറ്റില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന ശീലം പരമാവധി കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക എന്നിവ ദഹനം മെച്ചപ്പെടുത്താനും മലവിസര്‍ജ്ജന സമയം കുറയ്ക്കാനും സഹായിക്കും. ദിവസേന ഏറെ സമയം ടോയ്ലറ്റില്‍ ചെലവഴിക്കേണ്ടിവരുകയോ മലവിസര്‍ജ്ജന സമയത്ത് വേദന, അസ്വസ്ഥത, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ അത് അവഗണിക്കരുതെന്നും ഡോക്ടറുടെ നിര്‍ദേശം തേടണമെന്നും ആരോഗ്യവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.
English Summary: Doctors warn that excessive mobile phone use in toilets is increasing the time people spend sitting on toilet seats, which may lead to piles, constipation, rectal pressure, and other digestive health issues.