ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യമെന്ന റെക്കോര്‍ഡ് നേടി ജപ്പാന്‍. രാജ്യത്ത് നൂറോ അതിലധികമോ വയസ്സുള്ളവരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നതായി ജാപ്പനീസ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നൂറുവയസ്സ് കഴിഞ്ഞ 1,07,677 പേരാണ് നിലവില്‍ ജപ്പാനിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ നൂറുവയസ്സുകാരുള്ള രാജ്യവും ജപ്പാന്‍ തന്നെ. ഇതില്‍ 88 ശതമാനവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. ക്യോട്ടോ നഗരത്തില്‍ നിന്നുള്ള 114 വയസ്സുകാരി കിഷിമോട്ടോ ഫുയോ ആണ് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ. കുമാമോട്ടോയില്‍ നിന്നുള്ള 112 വയസ്സുകാരന്‍ കാറ്റോ ഹികാരു ഏറ്റവും പ്രായം കൂടിയ പുരുഷനുമാണ്.
വൈദ്യശാസ്ത്രരംഗത്തെ വന്‍ മുന്നേറ്റവും അത്യാധുനിക സാങ്കേതികവിദ്യയുടെ ലഭ്യതയുമാണ് ജനങ്ങളുടെ ദീര്‍ഘായുസ്സിന് പ്രധാന കാരണമെന്ന് ആരോഗ്യ മന്ത്രി കെനിച്ചിറോ ഉഎനോ പറഞ്ഞു. 'നിരവധി ആളുകള്‍ ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും സജീവമായും ജീവിക്കുന്നതില്‍ വലിയ സന്തോഷമുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദീര്‍ഘായുസ്സിന്റെ രഹസ്യം
ജാപ്പനീസ് ജനതയുടെ ദീര്‍ഘായുസ്സിന് പിന്നില്‍ പ്രധാനമായും അവരുടെ ആരോഗ്യകരമായ ഭക്ഷണക്രമവും സജീവമായ ജീവിതശൈലിയുമാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. പൂരിത കൊഴുപ്പ് കുറഞ്ഞ മീന്‍, പച്ചക്കറികള്‍, അരി എന്നിവ അടങ്ങിയ ജാപ്പനീസ് ഭക്ഷണക്രമവും നടപ്പും വ്യായാമവും നിറഞ്ഞ സജീവമായ ജീവിതശൈലിയുമാണ് ജപ്പാന്‍കാരുടെ ആയുസ്സ് കൂട്ടുന്ന സൂത്രവിദ്യ. പ്രായമായവര്‍ പോലും ദിവസവും കൃത്യമായി നടക്കുകയും പൊതുഗതാഗതം ഉപയോഗിക്കുകയും സൈക്കിള്‍ ഓടിക്കുകയും വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.
പ്രായമായവരുടെ ജനസംഖ്യ ഉയര്‍ന്നതോടെ ജപ്പാനിലെ വിപണിയില്‍ വലിയ മാറ്റങ്ങള്‍ പ്രകടമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി കുട്ടികളുടെ ഡയപ്പറുകളേക്കാള്‍ കൂടുതല്‍ മുതിര്‍ന്നവര്‍ക്കുള്ള ഡയപ്പറുകളാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. പ്രായമായവരുടെ ദൈനംദിന ജീവിതം എളുപ്പമാക്കാന്‍ കമ്പനികള്‍ പുതിയ ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കുന്നുണ്ട്. ശരീരഭാഗങ്ങളുടെ ചലന ശേഷി കൂട്ടുന്ന 'പവേര്‍ഡ് എക്‌സോസ്‌കെലിറ്റണ്‍' വസ്ത്രങ്ങളും കാഴ്ചയ്ക്കനുസരിച്ച് സ്വയം ഫോക്കസ് ക്രമീകരിക്കുന്ന കണ്ണടകളും ഇതില്‍ ചിലത് മാത്രം.
ജനസംഖ്യാ ഇടിവ് തീര്‍ക്കുന്ന പ്രതിസന്ധി
ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം രാജ്യത്തിന്റെ ആരോഗ്യരംഗത്തെ മികച്ച നേട്ടമായി വിലയിരുത്തപ്പെടുമ്പോഴും കടുത്ത ജനസംഖ്യാ ഇടിവും ജനനനിരക്കിലെ കുറവ് സൃഷ്ടിക്കുന്ന സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളും ജപ്പാനെ അലട്ടുന്നുണ്ട്. ഒരു രാജ്യത്തെ ജനസംഖ്യ കുറയാതെ നിലനില്‍ക്കാന്‍ ഒരു സ്ത്രീ ശരാശരി 2.1 കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ജനസംഖ്യാ നിരക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കായ 1.14 ആയി താഴ്ന്നു. ഈ പ്രതിസന്ധിയെ 'നിശബ്ദ അടിയന്തരാവസ്ഥ' എന്നാണ് ജാപ്പനീസ് പ്രധാനമന്ത്രി സനേ തകിച്ചി വിശേഷിപ്പിച്ചത്.
2008-ല്‍ 12.8 കോടിയായിരുന്ന ജപ്പാനിലെ ജനസംഖ്യ 2070 ഓടെ 8.7 കോടിയായി (30% ഇടിവ്) ചുരുങ്ങുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് വ്യക്തമാക്കുന്നു. നിലവില്‍ ജനസംഖ്യയുടെ 30 ശതമാനം വരുന്ന 65 വയസ്സിന് മുകളിലുള്ളവര്‍, 2070 ഓടെ 40 ശതമാനമായി ഉയരും. 2025-ല്‍ ജപ്പാനിലെ 47 ഭരണപ്രദേശങ്ങളില്‍ രണ്ടെണ്ണമൊഴികെ ബാക്കിയെല്ലായിടത്തും ജനസംഖ്യ വന്‍തോതില്‍ കുറഞ്ഞു. വിവാഹങ്ങളോടുള്ള താല്‍പര്യക്കുറവ്, കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍രംഗത്തേക്ക് വരുന്നത്, കുട്ടികളെ വളര്‍ത്തുന്നതിനായുള്ള ഭാരിച്ച ചെലവുകള്‍ എന്നിവയാണ് ജനനനിരക്ക് കുറയാന്‍ കാരണം. ജനനനിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ നിരവധി സാമ്പത്തിക സഹായങ്ങളും പദ്ധതികളും നല്‍കുന്നുണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിച്ച ഫലം കാണുന്നില്ല.
കണക്കുകളിലെ ആശങ്കകള്‍
1963-ല്‍ സര്‍വേ ആരംഭിക്കുമ്പോള്‍ നൂറുവയസ്സിനു മുകളിലുള്ള 153 പേര്‍ മാത്രമാണ് ജപ്പാനിലുണ്ടായിരുന്നത്. 1981-ല്‍ ഇത് 1,000 ആയും 1998-ല്‍ 10,000 ആയും ഉയര്‍ന്നു. 28 വര്‍ഷത്തിനു ശേഷം ഈ കണക്ക് ലക്ഷം കടന്നു. എന്നാല്‍ ഈ ഉയര്‍ന്ന കണക്കുകളില്‍ ചില വീഴ്ചകളുമുണ്ടെന്ന് മുന്‍കാല പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2010-ല്‍ സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍, 100 വയസ്സ് പിന്നിട്ടതായി രേഖകളില്‍ കാണിച്ച 2,30,000-ത്തിലധികം ആളുകളെക്കുറിച്ച് വിവരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ പലരും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മരണപ്പെട്ടവരായിരുന്നു. ബന്ധുക്കളുടെ പെന്‍ഷന്‍ തുക തട്ടിയെടുക്കുന്നതിനായി മരണം മറച്ചുവെച്ചതും അപൂര്‍ണ്ണമായ രേഖകളുമാണ് അന്ന് വില്ലനായത്.
Japan has recorded more than 100,000 people aged 100 or older for the first time, according to the latest figures from the country’s health ministry. Japan now has 107,677 centenarians, with women accounting for about 88% of the total. The figures highlight Japan’s exceptionally long life expectancy, which experts associate with advances in healthcare, a relatively healthy diet and an active lifestyle. Japan’s ageing population is also transforming its consumer market. Demand for products designed for older people has grown, including adult diapers, powered exoskeletons and other technologies intended to support mobility and everyday activities.