ഇന്ത്യൻ വിപണിയുടെ ഗതിമാറ്റാൻ 'തലമുറ ഇസഡ്' അഥവാ ജെൻസി (Gen Z) തയ്യാറെടുക്കുന്നതായി പുതിയ പഠനങ്ങൾ. റെഡ്സീർ സ്ട്രാറ്റജി കൺസൾട്ടന്റ്സ് പുറത്തുവിട്ട "Gen Z: Defining Trends, Influencing Spends" എന്ന റിപ്പോർട്ട് പ്രകാരം, 2030-ഓടെ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 27 ശതമാനവും ജെന്‍സീ വിഭാഗമായിരിക്കും. ഏകദേശം 1.3 ട്രില്യൺ ഡോളറിന്റെ വിനിമയമാണ് ഈ കാലയളവിൽ ഇവർ ഇന്ത്യൻ വിപണിയിൽ നടത്തുകയെന്ന് കണക്കാക്കപ്പെടുന്നത്. ഡിജിറ്റൽ സൗകര്യങ്ങൾക്കും, സുസ്ഥിരമായ ഉൽപ്പന്നങ്ങൾക്കും, പുതിയ അനുഭവങ്ങൾക്കും മുൻഗണന നൽകുന്ന ഇവരുടെ ശൈലി പരമ്പരാഗത വിപണന രീതികളെ അടിമുടി മാറ്റുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
സൗന്ദര്യവർദ്ധക വസ്തുക്കളുടെയും വ്യക്തിഗത പരിചരണത്തിന്റെയും മേഖലയിലാണ് ജെന്‍സീയുടെ സ്വാധീനം ഏറ്റവും പ്രകടമാവുക. 2030-ഓടെ ഈ വിഭാഗത്തിൽ മാത്രം 19 ബില്യൺ ഡോളറിന്റെ വിപണി സാധ്യതയാണ് ഇവരെ കാത്തിരിക്കുന്നത്. പ്രത്യേകിച്ച്, ജെന്‍സീ വിഭാഗത്തിലെ പകുതിയോളം സ്ത്രീകളും തങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനത്തിലധികം ചർമ്മ-ശരീര സംരക്ഷണ ഉൽപ്പന്നങ്ങൾക്കായി മാറ്റിവെക്കുന്നു. ബ്രാൻഡ് മോഹത്തേക്കാൾ ഉപരിയായി, തങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാനാണ് ഇവർ താല്പര്യപ്പെടുന്നത്. ജെൻഡർ വ്യത്യാസങ്ങളില്ലാതെ പുരുഷന്മാർക്കിടയിലും മേക്കപ്പ്, സ്കിൻകെയർ ശീലങ്ങൾ വർധിച്ചുവരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഫാഷൻ രംഗത്തും ജെൻ സി വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. 2030-ഓടെ ഫാഷൻ വ്യവസായത്തിന്റെ പകുതിയോളം വിഹിതം ഈ തലമുറയുടെ കയ്യിലായിരിക്കും. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 'ഫാസ്റ്റ് ഫാഷൻ' ഉൽപ്പന്നങ്ങളോടാണ് ഇവർക്ക് കൂടുതൽ പ്രിയം. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും കൂടുതൽ സജീവമായ വിഭാഗമാണെങ്കിലും, മുൻ തലമുറകളെ അപേക്ഷിച്ച് ഓരോ പർച്ചേസിനും ചെലവാക്കുന്ന ശരാശരി തുക കുറവാണെന്ന പ്രത്യേകതയുമുണ്ട്. തങ്ങളുടെ തനിമയും വ്യക്തിത്വവും വെളിപ്പെടുത്തുന്ന തരം വസ്ത്രധാരണ രീതികളാണ് ഇവർ തിരഞ്ഞെടുക്കുന്നത്.
ശാരീരികക്ഷമതയ്ക്കും ആരോഗ്യകരമായ ഭക്ഷണരീതിക്കും ജെൻ സി വലിയ പ്രാധാന്യം നൽകുന്നുണ്ട്. വരുമാനത്തിന്റെ ഗണ്യമായ പങ്ക് ഫിറ്റ്‌നസ് സെന്ററുകൾക്കും സ്പോർട്സ് വെയറുകൾക്കുമായി ഇവർ ചെലവാക്കുന്നു. പ്രോട്ടീൻ സപ്ലിമെന്റുകൾക്കും സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീൻ സ്രോതസ്സുകൾക്കും (Alternative Proteins) വിപണിയിൽ ആവശ്യക്കാർ ഏറുകയാണ്. ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലെ പ്രോട്ടീൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ ഉണ്ടായ വമ്പിച്ച വർധനവ് ഇതിന് തെളിവാണ്. സ്പോർട്സ് ഷൂ വിപണിയിലും താങ്ങാനാവുന്ന വിലയിലുള്ള ബ്രാൻഡുകൾക്ക് വലിയ സ്വീകാര്യതയാണ് ഈ യുവതലമുറ നൽകുന്നത്.
English Summary: India’s Gen Z population is set to reshape the country’s consumer market by 2030, accounting for 27% of the population and driving nearly $1.3 trillion in spending. A new report highlights their growing influence in beauty, fashion, fitness, and sustainable lifestyle choices.