കോക്രോച്ച് ജനതാ പാർട്ടി അഥവാ സിജെപി- ഈ പേര് കേൾക്കുമ്പോൾ തമാശയായി തോന്നുന്നുണ്ടാവും നമ്മളിൽ പലർക്കും. പക്ഷേ ഇന്ത്യയിൽ അതിവേഗം വളരുന്ന, ജനപ്രീതി ഏറെ പിടിച്ചുപറ്റി മുന്നേറുന്ന, യുവാക്കളുടെ ഒരു പാർട്ടിയാണ് സിജെപി.
ചെറുതും വലുതുമായി എണ്ണിയാലൊടുങ്ങാത്തത്ര രാഷ്ട്രീയ പാർട്ടികളുള്ള ഇന്ത്യയിൽ, അതിനൊന്നിനും കിട്ടാത്തത്ര സ്വീകാര്യതയും വാർത്താമൂല്യവുമാണ് ദിവസങ്ങൾക്കുള്ളിൽ സിജെപി പിടിച്ചുപറ്റിയിരിക്കുന്നത്. ഒരു പാരഡി പാർട്ടിയിൽ നിന്ന് ഓൺലൈൻ പൊളിറ്റിക്കൽ ക്യാംപയിനായി അതിവേഗമായിരുന്നു സിജെപിയുടെ വളർച്ച.
ഇന്ത്യയിലെ ഏറ്റവും പുതിയ പൊളിറ്റിക്കൽ സ്റ്റാർട്ടപ്പ് എന്ന് സിജെപിയെ വിശേഷിപ്പിക്കാം. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഒരു ഇന്ത്യൻ വിദ്യാർഥി തുടങ്ങിവെച്ച ഈ പാർട്ടിയിൽ ഇന്ന് തൃണമൂൽ കോൺഗ്രസിന്ർറെ മഹുവ മൊയ്ത്ര വരെ അംഗങ്ങളാണ്. ഇത്രയധികം രാഷ്ട്രീയപ്രാധാന്യം ലഭിക്കാൻ എന്താണ് ഈ പാർട്ടിയുടെ പ്രത്യേകത എന്നല്ലേ. ഈ പാർട്ടിയുണ്ടാകാൻ കാരണം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആണ് എന്നതാണത്.
ജസ്റ്റിസ് സൂര്യകാന്ത്, രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. ഇതിന്ർറെ അമരത്ത് , യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഭിജീത് ദിപ്കെയും. ചീഫ് ജസ്റ്റിസിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ട അഭിജീത്, ലോകമെമ്പാടുമുള്ള എല്ലാ 'പാറ്റകൾക്കുമായി' ഒരു പാർട്ടി രൂപികരിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന കോടതി വിചാരണയ്ക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്ർറെ വിവാദ പരാമർശം. യാതൊരു തൊഴിലുമില്ലാതെ പാറ്റകളെപ്പോലെ ചില ചെറുപ്പക്കാരുണ്ടെന്നും അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുകയാണ് എന്നുമായിരുന്നു ഇത്. തുടർന്ന് പരാമർശത്തിനെതിരെ വ്യാപകമായി വിമർശനമുയർന്നു.
പിന്നാലെയാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന അക്കൗ ണ്ട് പ്രത്യക്ഷപ്പെട്ടത്. ചീഫ് ജസ്റ്റിസിന്റെ പ്രസ്താവനയെ ആക്ഷേപഹാസ്യമായി ചിത്രീകരിക്കുന്ന രീതിയിൽ കൂളിംഗ് ഗ്ലാസ് വെച്ച ഒരു പാറ്റയെ കേന്ദ്രീകരിച്ചാണ് അക്കൌണ്ടിന്റെ ബയോ.
എല്ലാ പാറ്റകൾക്കുമായി ഒരു പുതിയ പ്ലാറ്റ്ഫോം എന്ന കുറിപ്പോടെയാണ് എക്സിൽ അക്കൗണ്ട് വന്നത്. തൊഴിൽ ഇല്ലാത്തവർ, അലസന്മാർ, എല്ലായ്പ്പോഴും ഓൺലൈനിൽ കഴിയുന്നവർ, പ്രൊഫഷണൽ രീതിയിൽ പരാതിപ്പെടാനുള്ള കഴിവുള്ളവർ എന്നിവർക്ക് സിജെപിയിൽ ചേരാം എന്നായിരുന്നു പോസ്റ്റ്. പുതിയ പാർട്ടിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കായി ഒരു ഗൂഗിൾ ഫോവും അഭിജീത്ത് പങ്കുവച്ചു. ഈ പോസ്റ്റിന് ഇതിനോടകം 96,000ത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്.
48 മണിക്കൂറിനുള്ളിൽ മാത്രം 22,000 പേരാണ് സിജെപിയിൽ ചേർന്നത്. ഈ സമയത്തിനുള്ളിൽ തന്നെ ഒരു പാർട്ടിഗാനവും വെബ്സൈറ്റും പാർട്ടി ഒരുക്കി. ഇൻസ്റ്റഗ്രാമിൽ 34,000ത്തിലധികം ഫോളോവേഴ്സ് പാർട്ടിക്കുണ്ട്. 20കളിലും ടീനേജ് പ്രായത്തിലുമുള്ളവരാണ് പാർട്ടിയിൽ ചേർന്നിരിക്കുന്നവരിലധികവും. പാർട്ടി ഒരിക്കലും പിരിച്ചുവിടരുതെന്നാണ് ഇവരെല്ലാവരും തന്നെ തന്നോട് പറയുന്നതെന്ന് അഭിജീത് പ്രതികരിക്കുന്നു.
നിലവിലെ രാഷ്ട്രീയപ്പാർട്ടികളോടുള്ള വിയോജിപ്പാണ് സിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് അഭിജീത് അഭിപ്രായപ്പെടുന്നത്. യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന, അവരുടെ പൾസ് അറിയുന്ന രാഷ്ട്രീയപ്പാർട്ടികളില്ല എന്നതിന്റെ സൂചനയും സിജെപിക്കുള്ള ഫോളോവേഴ്സിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇതുവരെ 46,000 പേരാണ് അഭിജീതിന്റെ പാർട്ടിയിൽ ചേർന്നിരിക്കുന്നത്.
സി.ജെ.പി Aam Aadmi Partyയുടെ പിന്തുണയോടെ രൂപീകരിച്ച പദ്ധതിയാണെന്ന ആരോപണങ്ങളും Xലെ നിരവധി അക്കൗണ്ടുകൾ ഉയർത്തുന്നുണ്ട്. എന്നാൽ, തന്റെ പോസ്റ്റ് വെറും പരിഹാസമായിരുന്നുവെന്ന് പറഞ്ഞ് അഭിജീത് എല്ലാ ആരോപണങ്ങളും തള്ളി.
English Summary: The CJP is a satirical political front that emerged in protest against Justice Surya Kant comparing the country’s youth to cockroaches. Among those leading it is Abhijeet Dipke, a student at Boston University in the US. After noticing the Chief Justice’s remark, Abhijeet decided to form a party for all the “cockroaches” around the world.