

ചാനൽ 4-ന്റെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയാണ് 'മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് യുകെ'. അപരിചിതരായ വ്യക്തികളെ പരസ്പരം വിവാഹം കഴിപ്പിച്ച് ഒരുമിച്ച് താമസിപ്പിക്കുന്നതാണ് പരിപാടി ഉള്ളടക്കം. പരിപാടി വലിയ റേറ്റിങോടെ മുന്നേറുന്നതിനിടെയാണ് മത്സരാർത്ഥികളായ സ്ത്രീകൾ ക്രൂരമായ ബലാത്സംഗത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇരയായതായി മൂന്ന് വനിതാ മത്സരാർത്ഥികൾ വെളിപ്പെടുത്തി. യുകെ മാധ്യമമായ ബിബിസിയുടെ 'പനോരമ' ഡോക്യുമെന്ററിയിലൂടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്
സംഭവം ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. അപരിചിതരായ വ്യക്തികളെ പരസ്പരം വിവാഹം കഴിപ്പിച്ച് ഒരുമിച്ച് താമസിപ്പിക്കുന്ന ഈ റിയാലിറ്റി ഷോയിലെ പുരുഷ പങ്കാളികളിൽ നിന്നാണ് ഇവർക്ക് ദുരനുഭവമുണ്ടായതെന്ന് സ്ത്രീകൾ ആരോപിക്കുന്നത്. മത്സരാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ചാനൽ അധികൃതരും നിർമ്മാണ കമ്പനിയായ സി.പി.എല്ലും കടുത്ത അനാസ്ഥ കാണിച്ചുവെന്ന ആരോപണം ശക്തമായതോടെ, പരിപാടിയുടെ എല്ലാ എപ്പിസോഡുകളും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ചാനൽ 4 അടിയന്തരമായി പിൻവലിച്ചിരിക്കുകയാണ്.
ലൈംഗിക അതിക്രമം നേരിട്ടവരിൽ പേര് വെളിപ്പെടുത്തി രംഗത്തുവന്ന ഏക മത്സരാർത്ഥി ശോന മാൻഡേഴ്സൺ ആണ്. ഷോയിലെ തന്റെ പങ്കാളിയായ ബ്രാഡ്‌ലി സ്കെല്ലി തന്റെ അനുവാദമില്ലാതെ ലൈംഗികമായി അതിക്രമം കാട്ടിയെന്നും അതിനെത്തുടർന്ന് തനിക്ക് ഗർഭച്ഛിദ്രത്തിന് വരെ വിധേയയാകേണ്ടി വന്നതായും ശോന വെളിപ്പെടുത്തി. നിയമപരമായ സുരക്ഷയുള്ളതിനാൽ പേര് വെളിപ്പെടുത്താത്ത മറ്റ് രണ്ട് സ്ത്രീകൾ തങ്ങൾ നേരിട്ട ക്രൂരമായ ബലാത്സംഗ വിവരങ്ങളും പങ്കുവെച്ചു. ഇതിൽ ഒരു യുവതിയെ പങ്കാളി ക്രൂരമായി മർദ്ദിക്കുകയും, വിവരം പുറത്തുപറഞ്ഞാൽ ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റൊരു ഇരയായ സ്ത്രീ തനിക്കുണ്ടായ ദുരനുഭവം പരിപാടി സംപ്രേഷണം ചെയ്യുന്നതിന് മുൻപ് തന്നെ ചാനൽ അധികൃതരെ അറിയിച്ചിട്ടും അവർ അത് ഗൗരവമായി എടുത്തില്ലെന്നും, എപ്പിസോഡുകൾ എയർ ചെയ്തതായും ബിബിസിയോട് പറഞ്ഞു.
ആരോപണങ്ങൾ കാട്ടുതീ പോലെ പടർന്നതോടെ ചാനൽ 4-ന്റെ ഭാഗത്തുനിന്നും നിർമ്മാണ കമ്പനിയിൽ നിന്നും കടുത്ത പ്രതിരോധ ശ്രമങ്ങളാണ് ഉണ്ടാകുന്നത്. തങ്ങൾ ഉന്നയിച്ച പരാതികളെല്ലാം അടിസ്ഥാനരഹിതമാണെന്നും മത്സരാർത്ഥിക്ക് നൽകേണ്ട എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നുമാണ് സി.പി.എൽ കമ്പനി വാദിക്കുന്നത്. ചിത്രീകരണ സമയത്ത് യുവതികൾ ആരും തന്നെ തങ്ങൾ സുരക്ഷിതരല്ലെന്ന് അറിയിച്ചിരുന്നില്ലെന്നും, എല്ലാം പരസ്പര സമ്മതത്തോടെയാണ് നടന്നതെന്നുമാണ് ചാനലിന്റെ നിലപാട്. എന്നാൽ ചാനൽ 4-ന്റെ ചീഫ് എക്സിക്യൂട്ടീവ് പ്രിയ ഡോഗ്ര ഇരകളായ സ്ത്രീകളോട് അനുതാപം പ്രകടിപ്പിക്കുകയും, ഉയർന്നുവന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാൻ ഒക്ടോബറിൽ തന്നെ ഒരു ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.
ഈ സംഭവം പുറത്തുവന്നതോടെ ബ്രിട്ടീഷ് മാധ്യമ രംഗത്തെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ടെലിവിഷൻ രംഗത്തെ സുരക്ഷാ വീഴ്ചകൾ നിരീക്ഷിക്കുന്ന പുതിയ വാച്ച്ഡോഗിന്റെ ചെയർപേഴ്സൺ ബാരനസ് ഹെലീന കെന്നഡി ഈ ഷോയുടെ ഫോർമാറ്റിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ഇത്തരം വിനാശകരമായ പരിപാടികൾ പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് മാധ്യമ നിയന്ത്രണ ബോർഡായ 'ഓഫ്‌കോം' വിഷയത്തിൽ ഇടപെടുകയും, മത്സരാർത്ഥികൾക്ക് നേരെയുള്ള അക്രമണത്തിൽ കർശന നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും അന്തസ്സും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ടെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും യുകെ ഡിജിറ്റൽ, കൾച്ചർ, മീഡിയ ആൻഡ് സ്പോർട്സ് മന്ത്രലയം വ്യക്തമാക്കി.
English Summary: Contestants of the reality show Married at First Sight UK have alleged severe sexual assault and abuse during filming, triggering a major controversy in the UK television industry. Following the allegations revealed through BBC Panorama, channel 4 removed all episodes from streaming and social platforms