Crime

മാലിന്യത്തൊട്ടിയിൽ ആറ് ബാഗുകൾ; ഉള്ളിൽ വെട്ടിനുറുക്കിയ നിലയിൽ 19-കാരി! നഗരത്തെ നടുക്കിയ ആ ക്രൂരകൃത്യത്തിന് പിന്നിൽ ?

2015-ൽ ലക്നൗവിലെ വൃന്ദാവൻ കോളനിയിൽ നടന്ന 19 വയസുകാരിയുടെ അതിക്രൂര കൊലപാതക കേസ്

Madism Desk

ചില വാർത്തകൾ കേവലം വരികളിലൊതുങ്ങില്ല; അവ ഒരു സമൂഹത്തിന്റെ ഉറക്കം കെടുത്തുന്ന ഭീതിയായി പടരും. സാധാരണമായൊരു പ്രഭാതം എങ്ങനെയാണ് ഭീകരമായ ഒരു ക്രൈം സീനായി മാറുന്നത് എന്നതിന്റെ നടുക്കുന്ന ഉദാഹരണമാണ് ലക്നൗ നഗരത്തിലെ ആ സംഭവം. ഉത്തർപ്രദേശിലെ വൃന്ദാവൻ കോളനിയെ വിറങ്ങലിപ്പിച്ച, മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ആ ക്രൂരതയുടെ പിന്നാമ്പുറങ്ങൾ തേടിപ്പോകുമ്പോൾ വെളിപ്പെടുന്നത് ആർക്കും വിശ്വസിക്കാനാവാത്ത യാഥാർത്ഥ്യങ്ങളാണ്. 'ഗൗരി കൊലപാതക കേസ്' എന്ന പേരിൽ കുപ്രസിദ്ധമായ ആ സംഭവത്തിലെ ഭീതിജനകമായ വിവരങ്ങൾ ഇന്നും വായനക്കാരെ അസ്വസ്ഥമാക്കുന്ന ഒന്നാണ്.

2015 ഫെബ്രുവരി 2, ലക്നൗ നഗരത്തിലെ ആ പ്രഭാതം മറ്റേതൊരു ദിവസത്തെയും പോലെ സാധാരണമായിരുന്നു. എന്നാൽ, വൃന്ദാവൻ കോളനിയിലെ ആ മാലിന്യത്തൊട്ടിക്ക് സമീപം കണ്ട കാഴ്ച ഒരു നാടിനെയാകെ നടുക്കുന്ന ഭീതിയിലേക്കാണ് ഉണർത്തിയത്. സമയം രാവിലെ 9:30; തെരുവുനായ്ക്കൾ ഒരു കറുത്ത പ്ലാസ്റ്റിക് ബാഗ് കടിച്ചു കീറുന്നതുകണ്ട നാട്ടുകാർ ആദ്യം കരുതിയത് അത് വെറുമൊരു മാലിന്യപ്പൊതി എന്നാണ്. എന്നാൽ, കീറിപ്പറിഞ്ഞ ബാഗിനുള്ളിൽ നിന്നും പുറത്തുവന്നത് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു. ഒരു യുവതിയുടെ വെട്ടിനുറുക്കപ്പെട്ട ശരീരഭാഗങ്ങൾ! ആ കറുത്ത ബാഗ് തുറന്നവർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. മിനിറ്റുകൾക്കകം ലക്നൗ നഗരം ഒരു വലിയ കുറ്റകൃത്യത്തിന്റെ നിഴലിലായി.

വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശം സീൽ ചെയ്ത് വിശദമായ പരിശോധന ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ മാലിന്യത്തൊട്ടികളിലും പരിശോധന നടത്തിയപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്നായി കറുത്ത ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തി. ആറ് കറുത്ത ബാഗുകളിലായി ഒരു യുവതിയുടെ ശരീരഭാഗങ്ങൾ (തല, കൈകൾ, കാലുകൾ, ശരീരത്തിന്റെ മദ്ധ്യഭാഗം ഉൾപ്പെടെ) വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഫോറൻസിക് പരിശോധനയിൽ ശരീരഭാഗങ്ങൾ 19 വയസ്സുള്ള ഗൗരി ശ്രീവാസ്തവ എന്ന യുവതിയുടേതാണെന്ന് സ്ഥിരീകരിച്ചു. യുവതി ജീവനോടെയിരിക്കെ തന്നെയാണ് ഹാൻഡ്‌സോ ഉപയോഗിച്ച് ശരീരം വെട്ടിമുറിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ആരായിരുന്നു കൊല്ലപ്പെട്ട ഗൗരി ശ്രീവാസ്തവ ?

അംബേദ്കർ ലോ യൂണിവേഴ്സിറ്റിയിലെ ലോ വിദ്യാർത്ഥിനിയായിരുന്ന ഗൗരി ശ്രീവാസ്തവ അമിനാബാദ് സ്വദേശിനിയാണ്. ഫെബ്രുവരി 1-ന് തന്റെ സുഹൃത്തുക്കൾക്കൊപ്പം ഷോപ്പിങ്ങിന് പോകുന്നു എന്ന് പറഞ്ഞിറങ്ങിയ ഗൗരി നേരം വളരെ ഇരുട്ടിയിട്ടും വീട്ടിൽ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ, അവർ അന്നേ ദിവസം ഗൗരിയെ കണ്ടിട്ടില്ലെന്നും അവരുമായി ബന്ധപ്പെടാനായിട്ടില്ലെന്നും അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഗൗരിയുടെ ഫോണിൽ മാതാപിതാക്കൾ വിളിച്ചുകൊണ്ടിരുന്നു. എന്നാൽ യാതൊരു വിധത്തിലുള്ള പ്രതികരണം ലഭിച്ചിരുന്നില്ല. വീണ്ടും ഗൗരിയുടെ ഫോണിൽ വിളിച്ചപ്പോൾ ഒരു അപരിചിതൻ ഫോൺ എടുക്കുകയും ഗൗരിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു. പിന്നീട് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോയി എന്നും പറഞ്ഞു. ഒടുവിൽ ഫോൺ സ്വിച്ച് ഓഫ് ആയി. ഇതോടെ ഭയന്ന മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി

അന്വേഷണത്തിൻറെ ഭാഗമായി പൊലീസ് ഗൗരിയുടെ മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ ഹിമാംശു പ്രജാപതി എന്ന യുവാവിന്റെ പേര് ഒന്നിലധികം തവണ ആവർത്തിക്കുന്നതായി കണ്ടെത്തി . ബികോം ബിരുദധാരിയായ ഇയാൾ, രണ്ട് വർഷം മുൻപ് ഫേസ്ബുക്ക് വഴി ഗൗരിയെ പരിചയപ്പെട്ടതായും പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം ചാറ്റിംഗിലൂടെ വളർന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഗൗരിയെ വിവാഹം കഴിക്കാൻ ഹിമാംശു ആഗ്രഹിച്ചിരുന്നെങ്കിലും, അവൾക്ക് അയാൾ ഒരു സുഹൃത്ത് മാത്രമായിരുന്നു. എന്നാൽ ഗൗരിക്ക് മറ്റ് ആൺസുഹൃത്തുക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നത് അയാളെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഈ സൗഹൃദങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങളും സംശയങ്ങളുമാണ് ഒടുവിൽ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനകളാണ് പോലീസിന് ലഭിച്ചത്.

ഫെബ്രുവരി ഒന്നിന്, വീട്ടിൽ ആരുമില്ലെന്ന് അറിയിച്ച് ഹിമാംശു അവളെ തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി. അവന്റെ ബൈക്കിന് പിന്നിലിരുന്ന് ആ വീട്ടിലേക്ക് പോകുമ്പോൾ, കാത്തിരിക്കുന്നത് മരണമാണെന്ന് അവൾ അറിഞ്ഞിരുന്നില്ല. അവിടെ വെച്ചാണ് എല്ലാം മാറിമറിഞ്ഞത്. ഗൗരിയുടെ ഫോണിലേക്ക് വന്ന ഒരു സന്ദേശവും അതിന് അവൾ നൽകിയ മറുപടിയും അവന്റെ ഉള്ളിലെ സംശയത്തിന് തീ പകർന്നു. അവളുടെ മൊബൈൽ ബലമായി പിടിച്ചുവാങ്ങിയ അവൻ കണ്ടത് മറ്റ് യുവാക്കളുമായുള്ള ചാറ്റുകളായിരുന്നു. ഇതോടെ തുടങ്ങിയ വാക്കുതർക്കം അക്രമാസക്തമായി. നിയന്ത്രണം വിട്ട ഹിമാംശു അവളുടെ കഴുത്തിന് നേരെ കൈകളടുപ്പിച്ചു. നിമിഷങ്ങൾക്കകം, ശ്വാസം മുട്ടി അവൾ നിലത്തേക്ക് വീണു.

ഗൗരി മരിച്ചുവെന്ന് കരുതിയ ഹിമാംശു തന്റെ സുഹൃത്ത് ഗൗതമിനെ സമീപിച്ചതായും, ഇരുവരും ചേർന്ന് പിന്നീട് ഒരു ഹാൻഡ്‌സോ വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഗൗരിയുടെ ശരീരം ആറ് ഭാഗങ്ങളാക്കി മുറിച്ച് കറുത്ത ബാഗുകളിലാക്കി, വൃന്ദാവൻ കോളനിയിലെ വിവിധ മാലിന്യത്തൊട്ടികളിൽ ഉപേക്ഷിച്ചു.

സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ലൊക്കേഷൻ, ഫോൺ റെക്കോർഡുകൾ എന്നിവയിലൂടെ പൊലീസ് ഹിമാംശുവിനെ കണ്ടെത്തുകയും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. ഗൗരിക്ക് താൻ അല്ലാതെ പല ബന്ധങ്ങൾ ഉണ്ടെന്നും അത് തനിക്ക് സഹിക്കാൻ കഴിഞ്ഞില്ലായെന്നും അതുകൊണ്ടാണ് ഗൗരിയെ കൊന്നതെന്നും പ്രതി പൊലീസിൽ മൊഴി നൽകി.

ഈ കേസ് ലക്നൗവിനെ മാത്രമല്ല, മുഴുവൻ ഉത്തരേന്ത്യയെയും നടുക്കിയ ഒന്നായിരുന്നു. ജെലസിയുടെ പേരിൽ നടന്ന ഏറ്റവും ക്രൂരമായ ഹത്യകളിലൊന്നായി ഇത് രേഖപ്പെടുത്തപ്പെട്ടു. 2024-ൽ പ്രധാന പ്രതി ഹിമാംശു പ്രജാപതിക്ക് ജാമ്യം ലഭിച്ചു. കേസിൻറെ വിചാരണ ഇപ്പോഴും തുടരുകയാണ്.

English Summary: The 2015 Lucknow Vrindavan Colony case involved the brutal murder and dismemberment of a 19-year-old law student, leading to a major police investigation, arrest, and ongoing trial