News

വാഹന പ്രേമം ദുല്‍ഖറിന് വിനയാകുമോ; പിന്തുടര്‍ന്ന് കസ്റ്റംസ്, വീണ്ടും ചോദ്യം ചെയ്യും

കേസുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റിവ് ഓഫീസിൽ വെച്ച് ദുൽഖറിനെ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു

Madism Desk, Entertainment Desk

ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാനെ വീണ്ടും ചെയ്യാനൊരുങ്ങി കസ്റ്റംസ്. ദുൽഖറിന്റെ ഉടമസ്ഥതയിൽ ഇത്തരത്തിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ കാറുകൾ എവിടെയന്ന് കണ്ടെത്താനും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിനായി ചെന്നൈയിലടക്കം പരിശോധന നടത്താനൊരുങ്ങുകയാണ് കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റിവ് ഓഫീസിൽ വെച്ച് ദുൽഖറിനെ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

കേസുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് ചേദ്യം ചെയ്യലിൽ ദുൽഖർ ആവർത്തിച്ചത്. എന്നാൽ ഈ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് ഒരുങ്ങുന്നത്. ഭൂട്ടാൻ വഴി നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് ആഡംബര കാറുകൾ കടത്തുന്നത് തടയാൻ കസ്റ്റംസ് നടത്തുന്ന ‘ഓപ്പറേഷൻ നുംഖോർ’ എന്ന നടപടിയുടെ ഭാഗമായാണ് താരത്തെ വിളിപ്പിച്ചത്. കേസിൽ കൂടുതൽ ആഡംഭര കാർ ഉടമകളേയും കസ്റ്റംസ് ചോദ്യം ചെയ്യും.

ഈ കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള നാല് ആഡംബര വാഹനങ്ങൾ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ലാൻഡ് റോവർ ഡിഫെൻഡർ, ടൊയോട്ട ലാൻഡ് ക്രൂയിസർ, നിസാൻ പെട്രോൾ എന്നിവയ്ക്കൊപ്പം ദുൽഖർ നായകനായ 'ലക്കി ഭാസ്കർ' എന്ന തെലുങ്ക് ചിത്രത്തിൽ ഉപയോഗിച്ചിരുന്ന നിസാൻ വാഹനവും കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് കോടതി ഇടപെട്ടതിനെ തുടർന്ന് ബാങ്ക് ഗ്യാരന്റി സമർപ്പിച്ച ശേഷമാണ് വാഹനങ്ങൾ ദുൽഖറിന് തിരികെ ലഭിച്ചത്.

അന്വേഷണ സംഘം ആവശ്യപ്പെടുമ്പോൾ വാഹനങ്ങൾ ഹാജരാക്കണമെന്നും കോടതി അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കാറുകൾ നിയമാനുസൃതമായാണ് വാങ്ങിയതെന്നും അവ കള്ളക്കടത്തിലൂടെ ഇന്ത്യയിലെത്തിയതാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് നൽകിയ മൊഴിയെന്നാണ് വിവരം.

ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങൾ എത്തിക്കുന്നതിലൂടെ വ്യാപക നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. ഈ രീതിയിൽ കേരളത്തിലെത്തിച്ച വാഹനങ്ങളുടെ ഉടമകളിൽ ഒരാളാണ് ദുൽഖറെന്ന സംശയത്തിലാണ് കസ്റ്റംസ്. വാഹനങ്ങളുടെ രേഖകളും ഭൂട്ടാനിൽ നിന്ന് കേരളത്തിലെത്തിയ സാഹചര്യങ്ങളും പരിശോധിച്ചാണ് നിലവിൽ അന്വേഷണം മുന്നോട്ടുപോകുന്നത്.

Actor Dulquer Salmaan is set to be questioned again by Customs in connection with the alleged smuggling of luxury vehicles from Bhutan. The move follows information suggesting he may own more such vehicles. Customs has also intensified its investigation to trace these cars and is planning searches, including in Chennai. Dulquer was questioned for over seven hours at the Customs Preventive Office in Kochi on Wednesday as part of the probe.