പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക അനിശ്ചിതത്വം നേരിട്ട ഖത്തർ വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. മേയ് ഒന്നു മുതൽ ഇന്ത്യയിൽനിന്ന് ദോഹയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും. ഇത് ഇന്ത്യൻ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമായിരിക്കുകയാണ്.
ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ പ്രധാന വിമാനക്കമ്പനികളാണ് സർവിസുകൾ ആരംഭിക്കുന്നത്. ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ സർവിസുകൾ. വരും ദിവസങ്ങളിൽ കേരളത്തിൽനിന്ന് ഉൾപ്പെടെ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
വിമാന സർവിസുകൾ പുനരാരംഭിക്കുന്നതോടെ അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾക്ക് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള തടസ്സങ്ങൾ കുറയും. ഖത്തറിലെ നിർമാണം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ഐടി, റീട്ടെയിൽ മേഖലകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾക്ക് ഇത് ഗുണകരമാകും. അതേസമയം, വേനൽ അവധിയും സ്കൂൾ അവധിയും മുന്നിൽ കണ്ടുകൊണ്ട് ടൂറിസം മേഖലയ്ക്കും ഇതിലൂടെ ഉണർവ് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
2022 ഫിഫ ലോകകപ്പിന് ശേഷം ടൂറിസം, നിക്ഷേപം, അന്താരാഷ്ട്ര ബിസിനസ് ഹബ്ബ് എന്നീ മേഖലകളിൽ ഖത്തർ കൂടുതൽ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ തിരിച്ചുവരവ്. ദോഹയെ ട്രാൻസിറ്റ് ഹബ്ബായി ഉപയോഗിക്കുന്ന യാത്രക്കാർക്കും ഇത് സഹായകരമാകും.
ഖത്തറും പശ്ചിമേഷ്യൻ സംഘർഷവും
പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന ഭൂരാഷ്ട്രീയ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ ഗൾഫ് മേഖലയെ മുഴുവൻ ബാധിക്കുമ്പോൾ, ഖത്തറും അതിന്റെ പിടിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതിക്കാരിൽ ഒന്നായ ഖത്തർ, ഹോർമുസ് കടലിടുക്കിനോടടുത്തുള്ള നിർണായക സമുദ്ര ഗതാഗത പാതകളെ ആശ്രയിക്കുന്നതിനാൽ മേഖലയിലെ സുരക്ഷാ പ്രതിസന്ധികൾ രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നേരിട്ടുള്ള സ്വാധീനം ചെലുത്തുന്നു.
ഇറാൻ–അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമായതോടെ ഖത്തർ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക്-ഊർജ ഗതാഗതത്തിൽ തടസ്സം നേരിട്ടാൽ, ക്രൂഡ് ഓയിൽ, എൽഎൻജി എന്നിവയുടെ ആഗോള വിതരണ ശൃംഖല തകരാറിലാകാൻ സാധ്യതയുണ്ട്. ഇത് എണ്ണവില കുതിച്ചുയരാനും ഗതാഗത, ഇൻഷുറൻസ് ചെലവുകൾ വർധിക്കാനും കാരണമാകും.
ഖത്തറിന്റെ തന്ത്രപ്രധാന്യം വർധിപ്പിക്കുന്ന മറ്റൊരു ഘടകം രാജ്യത്തെ അമേരിക്കൻ സൈനിക സാന്നിധ്യമാണ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ വ്യോമതാവളങ്ങളിലൊന്നായ അൽ ഉദെയ്‌ദ് എയർ ബേസ് ഖത്തറിലാണുള്ളത്. മേഖലയിലെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾക്ക് നിർണായക കേന്ദ്രമായ ഈ താവളം, നിലവിലെ സംഘർഷത്തിൽ ഖത്തറിനെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കുന്നുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ ഫലം കാണാതെ നീണ്ടുപോയാൽ, ഖത്തറിന്റെ നയതന്ത്ര-സുരക്ഷാ പ്രാധാന്യം ഇനിയും ഉയരാനിടയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒരു വശത്ത് സംഘർഷത്തിന്റെ സാമ്പത്തിക ആഘാതങ്ങൾ നേരിടുമ്പോഴും, മറുവശത്ത് മേഖലയിലെ നയതന്ത്ര ഇടപെടലുകളിൽ നിർണായക പങ്കാളിയായി ഖത്തർ മാറാൻ സാധ്യതയുണ്ട്.
ഊർജസുരക്ഷ, ആഗോള വ്യാപാരം, വ്യോമഗതാഗതം, വിദേശ നിക്ഷേപം എന്നിവയെല്ലാം ഖത്തറുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, പശ്ചിമേഷ്യയിലെ ഓരോ രാഷ്ട്രീയ നീക്കവും രാജ്യത്തിന്റെ ഭാവി സാമ്പത്തിക സ്ഥിരതയെ നിർണയിക്കുന്ന ഘടകമായി മാറുകയാണ്.
ഖത്തറിനെ പ്രതികൂലമായി ബാധിച്ചതെന്ത്?
പശ്ചിമേഷ്യൻ മേഖലയിലെ വർധിച്ചുവരുന്ന രാഷ്ട്രീയ-സൈനിക സംഘർഷം ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയെയും യാത്രാ മേഖലയെയും നേരിട്ട് ബാധിച്ചു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള സുരക്ഷാ ആശങ്കകൾ കാരണം സമുദ്ര ഗതാഗത മേഖലയിൽ അനിശ്ചിതത്വം ശക്തമായി. ലോകത്തിലെ പ്രധാന എൽഎൻജി കയറ്റുമതിക്കാരിൽ ഒരാളായ ഖത്തറിന് ഇത് വലിയ വെല്ലുവിളിയായിരുന്നു, കാരണം പ്രകൃതിവാതകവും അനുബന്ധ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിൽ ഗതാഗത സുരക്ഷ നിർണായകമാണ്.
സംഘർഷ സാധ്യത ഉയർന്നതോടെ കപ്പൽ ഗതാഗത ഇൻഷുറൻസ് പ്രീമിയങ്ങൾ വർധിക്കുകയും ചരക്ക് ഗതാഗത ചെലവ് കുത്തനെ കൂടുകയും ചെയ്തു. ഇതോടെ ഖത്തറിന്റെ വ്യാപാര പ്രവർത്തനങ്ങൾക്കും കയറ്റുമതിയിലും സമ്മർദ്ദമുണ്ടായി. അന്താരാഷ്ട്ര നിക്ഷേപകരും കമ്പനികളും മേഖലയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ തുടങ്ങി.
കൂടാതെ, വിമാന സർവീസുകളിലെ അനിശ്ചിതത്വവും ഖത്തറിനെ ബാധിച്ചു. ചില സർവീസുകൾ താൽക്കാലികമായി ക്രമീകരിക്കേണ്ടി വന്നതോടെ പ്രവാസികൾ, ബിസിനസ് യാത്രക്കാർ, ടൂറിസ്റ്റുകൾ എന്നിവരുടെ യാത്രാപദ്ധതികൾ തടസ്സപ്പെട്ടു. പ്രത്യേകിച്ച് ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് യാത്ര തടസപ്പെടുന്നതും, ടിക്കറ്റ് നിരക്കിലെ വർധനവും വെല്ലുവിളിയായി.
ടൂറിസം മേഖലയിലും ഖത്തറിന് തിരിച്ചടിയായിരുന്നു ഫലം. ദോഹയെ പ്രധാന ട്രാൻസിറ്റ് ഹബ്ബായി ആശ്രയിക്കുന്ന യാത്രക്കാരിൽ ചിലർ മറ്റു റൂട്ടുകൾ പരിഗണിക്കാൻ തുടങ്ങി. ഹോട്ടൽ ബുക്കിംഗുകൾ, ബിസിനസ് കോൺഫറൻസുകൾ, അന്താരാഷ്ട്ര ഇവന്റുകൾ എന്നിവയിലും താൽക്കാലിക സ്വാധീനം ഉണ്ടായെന്നാണ് റിപ്പോർട്ട്.
തിരിച്ചടികളെ മറികടന്നുള്ള തിരിച്ചു വരവ്!
വിമാന സർവീസുകളുടെ പുനരാരംഭം ഖത്തർ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി കാണാം. ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന രാജ്യങ്ങളുമായി വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നത് പ്രവാസികൾക്ക് മാത്രമല്ല, ടൂറിസം, വ്യാപാരം, നിക്ഷേപം, തൊഴിൽ മേഖലകൾക്കും പുതുജീവൻ നൽകുമെന്നാണ് വിലയിരുത്തൽ.
വ്യോമഗതാഗതം സാധാരണ നിലയിലാകുന്നതോടെ ദോഹയെ ആഗോള ട്രാൻസിറ്റ് ഹബ്ബായും ബിസിനസ് കേന്ദ്രമായും കൂടുതൽ ശക്തിപ്പെടുത്താൻ ഖത്തർ ശ്രമിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇതിലൂടെ തൊഴിൽ അവസരങ്ങൾ വർധിക്കാനും വിദേശ നിക്ഷേപം മെച്ചപ്പെടാനും സാധ്യതയുണ്ട്.
ഖത്തറിലേക്ക് വീണ്ടും യാത്രകൾ എളുപ്പമാകുന്നതോടെ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ആശ്വാസം ലഭിക്കുമ്പോൾ, ടൂറിസ്റ്റുകൾക്കും ദോഹയെയും ഖത്തറിലെ പ്രധാന ആകർഷണങ്ങളെയും വീണ്ടും തേടിയെത്താനുള്ള അവസരമൊരുങ്ങുകയാണ്. ഖത്തർ വീണ്ടും തിരിച്ചു വരവിന്റെ പാതയിലാണെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
English Summary: Qatar is showing clear signs of recovery after recent geopolitical tensions in West Asia, with flight services between India and Doha set to resume from May 1. Major airlines are restarting operations, bringing relief to Indian expatriates, workers, and tourists. The move is expected to revive travel, boost tourism, and support key sectors like construction, healthcare, IT, and hospitality in Qatar