രാംലീലയിൽ 'ഇന്ത്യ' ഒന്നിച്ചപ്പോൾ കുറിയ്ക്കപ്പെട്ടത് ഒരു പുതിയ ചരിത്രം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാനും എസ്ഐആർ നടപടികൾ മരവിപ്പിക്കാനും ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി സംഘടിപ്പിച്ച ബഹുജന റാലിയിൽ ആവേശം പടർന്നു കയറിയ കാഴ്ചയായിരുന്നു. ഗ്യാനേഷ് കുമാർ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം പ്രധാനമന്ത്രി മോദിയും അമിത് ഷായും ആയിരിക്കും എന്ന് പറഞ്ഞായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചത്. മല്ലികാർജുൻ ഖാർഗെ, മമതാ ബാനർജി, അഖിലേഷ് യാദവ് തുടങ്ങി പ്രമുഖ നേതാക്കളെല്ലാം മോദി ഭരണത്തിനെതിരെ ആഞ്ഞടിച്ചു. ഒടുവിൽ ഒന്നിച്ച് ജനഗണമനയും ആലപിച്ച് സഖ്യം റാലി അവസാനിപ്പിച്ചു.
പ്രതിഷേധവേദിയിൽ രാഹുലിന്റെ വാക്കുകൾ ഇങ്ങനെ:
'ഈ രാജ്യത്ത് വോട്ട് മോഷണം നടന്നുകൊണ്ടേ ഇരിക്കുകയാണ്. മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ട് ചോരി നടന്നു. ഇവിഎം, തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്നിവയിലൂടെ വോട്ടുകൾ മോഷ്ടിച്ചുകൊണ്ടേ ഇരിക്കുകയാണ്.
പതിനഞ്ച് ശതമാനം വോട്ടർമാരെയാണ് 2024 ലോക്സഭാ ഇലക്ഷന് ശേഷം പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. ഇത് ഞാൻ ഉണ്ടാക്കിയ കണക്കല്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ നൽകുന്ന വിവരങ്ങളാണ്. നിയമവിരുദ്ധമായ തെരഞ്ഞെടുപ്പായിരുന്നു അതെന്ന് പിന്നെങ്ങനെ പറയാതിരിക്കാനാകും.
ഞാൻ പറയുന്നതെല്ലാം ശരിയായ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടു തന്നെ എന്റെ വാക്കുകൾ കുറിച്ചു വച്ചോളൂ. ഗ്യാനേഷ് കുമാർ ജയിലിൽ പോവുക തന്നെ ചെയ്യും. ഗ്യാനേഷ് കുമാറില്ലാതെ മോദിക്കും അമിത് ഷായ്ക്കും പിന്നെ നിലനിൽപ്പുണ്ടാവില്ല. അവർ ഇരുവരും ഇത് കുറിച്ച് വെച്ചോളൂ... ഗ്യാനേഷിന് ശേഷം നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ വരുന്നത്...
കർഷകരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, യുവാക്കൾക്ക് തൊഴിലില്ല.. രാജ്യത്തിന്റെ സ്വത്ത് മുഴുവൻ പോകുന്നതോ... അദാനിയുടെയും അംബാനിയുടെയും കൈകളിലേക്കും. നമുക്ക് അങ്ങനെയുള്ള ഇന്ത്യയെ അല്ല വേണ്ടത്. അങ്ങിനെയൊരു ഇന്ത്യയെ നാം അംഗീകരിക്കരുത്.
കർഷകരുടെ കഷ്ടപ്പാടിന് ഫലം കിട്ടണം. ഒരു വിദ്യാർഥി 18 മണിക്കൂർ പഠിക്കുന്നുണ്ടെങ്കിൽ അവർക്ക് അർഹമായ പ്രതിഫലം ഉണ്ടാവണം. രണ്ടോ മൂന്നോ ആളുകളുടേത് മാത്രമായ ഒരു ഇന്ത്യ നമുക്ക് വേണ്ട.
പ്രതിപക്ഷത്തിന്, എനിക്ക് പ്രത്യേകിച്ച് പ്രധാനമന്ത്രി മോദിയോടോ അമിത് ഷായോടോ, ഗ്യാനേഷ് കുമാറിനോട് ഒരു വെറുപ്പുമില്ല. സ്നേഹം, അഹിംസ എന്നീ തത്വങ്ങളിലൂന്നിയാണ് എന്റെ ജീവിതം തന്നെ. ഈ രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ് എന്റെ മതം. അതുകൊണ്ടു തന്നെ, ആ ശബ്ദം വൃഥാവിലാവാൻ ഒന്നിനെയും ഞാനോ പ്രതിപക്ഷമോ അനുവദിക്കില്ല. വെറുപ്പോ വിദ്വേഷമോ പടർത്താൻ ഞങ്ങളെ കിട്ടില്ല- ഭരണഘടനയെ നശിപ്പിക്കാൻ ഞങ്ങൾ അനുവദിക്കുകയുമില്ല'
ബംഗാളിൽ നടത്തിയ പോലെ വോട്ടുകൊള്ള രാജ്യത്താകമാനം നടത്താൻ ബിജെപിയെ അനുവദിക്കില്ലെന്നായിരുന്നു മമത ബാനർജിയുടെ പ്രസംഗം. രാമക്ഷേത്രം കൊള്ളയടിച്ച ബിജെപി ഇനി അധികാരത്തിൽ എത്തില്ലെന്ന് സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവും ഗ്യാനേഷ് കുമാറിനെ വിചാരണ ചെയ്ത് ജയിലിൽ അടയ്ക്കണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവും തുറന്നടിച്ചു.
വോട്ടു കൊള്ള നടത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിയുടെ പ്രസംഗം. ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അല്ലെന്നും ബിജെപിയുടെ മുഖ്യതിരഞ്ഞെടുപ്പ് മാനേജർ ആണെന്നും ഓൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് നേഹ ബോറയും വിമർശനമുന്നയിച്ചു.
A new chapter in history was written as the INDIA bloc united at Ramlila. The massive rally, organised by the opposition alliance demanding the removal of Chief Election Commissioner Gyanesh Kumar and a halt to the Special Intensive Revision (SIR) process, witnessed tremendous enthusiasm.
Lok Sabha Leader of Opposition Rahul Gandhi ended his speech by declaring that Prime Minister Narendra Modi and Amit Shah would be the next targets after Gyanesh Kumar. Prominent leaders, including Mallikarjun Kharge, Mamata Banerjee and Akhilesh Yadav, launched sharp attacks on the Modi government. The alliance concluded the rally by singing the national anthem, Jana Gana Mana, together.