സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ രാജ്യവ്യാപകമായി ക്യാംപെയ്നിന് തയ്യാറെടുക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി. മോശം പഠനസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ സ്കൂളുകളിൽ പരിശോധനകളും പ്രതിഷേധങ്ങളും പ്രഖ്യാപിച്ചതിന് പിന്നാലെ സ്കൂളുകളിൽ പുറത്ത് നിന്നുള്ളവർക്ക് സർക്കാർ പ്രവേശനം വിലക്കി. സർക്കാർ സ്കൂളുകളിൽ അനധികൃതമായി പ്രവേശിക്കുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി സർക്കുലർ പുറപ്പെടുവിച്ചിരിക്കുകയാണ് സെക്കൻഡറി എജ്യുക്കേഷൻ വകുപ്പ്.
ഞായറാഴ്ചയാണ്, രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ പരിശോധന നടത്തുമെന്ന് സിജെപി കോ-കൺവീനർ അശുതോഷ് രങ്ക സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സ്കൂളുകളിലെ പരിതാപകരമായ അവസ്ഥ വെളിവാക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ജയ്പൂർ, അജ്മേർ, ജോധ്പൂർ, ഉദയ്പൂർ, കോട്ട തുടങ്ങി പ്രധാന നഗരങ്ങളിലുൾപ്പടെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൌകര്യങ്ങളില്ലെന്നും പല സ്കൂളുകളും പരിതാപകരമായ അവസ്ഥയിലാണെന്നും തനിക്ക് വിവരം ലഭിച്ചതായി അശുതോഷ് അറിയിച്ചിരുന്നു. സ്കൂളുകളുടെ പുനരുദ്ധാരണത്തിനായി ഭരണകൂടം ഒന്നും തന്നെ ചെയ്യുന്നില്ലെന്നും വരും ദിവസങ്ങളിൽ ഈ സ്കൂളുകളിൽ സിജെപി സന്ദർശനം നടത്തും എന്നുമായിരുന്നു പ്രഖ്യാപനം.
എന്നാൽ ഈ പോസ്റ്റ് എത്തിയതിന് പിന്നാലെ, കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും മാനിക്കേണ്ടതുണ്ടെന്ന് കാട്ടി സെക്കൻഡറി എജ്യുക്കേഷൻ ഡയറക്ടർ ലളിത് കുമാർ സർക്കുലർ പുറത്തിറക്കി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള, ദേശീയ കമ്മിഷന്റെ (എൻസിപിസിആർ) സുരക്ഷാ മാർഗനിർദേശങ്ങളും സ്വകാര്യതയ്ക്കുള്ള അവകാശവും ചൂണ്ടിക്കാണിച്ചാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. സ്കുളുകളിലെ കുട്ടികളുടെ ക്ഷേമവും അന്തസ്സും ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
സർക്കുലർ പ്രകാരം, ഔദ്യോഗിക കൃത്യനിർവഹണത്തിന് നിയോഗിക്കപ്പെട്ടിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരല്ലാതെ ആർക്കും സ്കൂൾ ക്യാമ്പസിൽ പ്രവേശിക്കാൻ അനുമതിയില്ല. അങ്ങനെ സന്ദർശനം നടത്തണമെങ്കിൽ തന്നെ പ്രിൻസിപ്പലിന്റെ അനുമതി മുൻകൂറായി നേടണം. സ്കൂളുകൾ സന്ദർശിക്കുന്ന എല്ലാവരും തന്നെ വിസിറ്റർ രജിസ്റ്ററിൽ ഒപ്പുവയ്ക്കുകയും വേണം. ഇനി സ്കൂൾ ക്യാമ്പസിൽ പ്രവേശിക്കുകയാണെങ്കിൽ തന്നെ, ക്ലാസ്റൂമുകൾ, ലാബ്, ലൈബ്രറി, ഹോസ്റ്റൽ, ഗ്രൌണ്ട്, ടോയ്‌ലെറ്റ് എന്നിവിടങ്ങളിലേക്ക് പ്രവേശനമുണ്ടാകില്ല. അല്ലെങ്കിൽ പ്രിൻസിപ്പലിന്റെയോ ടീച്ചർമാരുടെയോ മറ്റ് സ്റ്റാഫിന്റെയോ സാന്നിധ്യമുണ്ടാകണം.
സ്കൂളുകളിൽ ഫോട്ടോഗ്രഫിക്കും വീഡിയോ ചിത്രീകരണത്തിനും, ലൈവ് സ്ട്രീമിംഗിനും വിലക്കുണ്ട്. കുട്ടികളുടെ വീഡിയോ പകർത്താനോ അവരെ ഇന്റവ്യൂ ചെയ്യാനോ ഒന്നും അനുവാദമില്ല. ടീച്ചർമാരോടും സംസാരിക്കാനാവില്ല. വിവരശേഖരണം പ്രിൻസിപ്പലിൽ നിന്ന് മാത്രമേ അനുവദിക്കൂ. കുട്ടികളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് തോന്നുന്ന ഏത് സന്ദർശനവും വിലക്കാൻ പ്രിൻസിപ്പലിന് സർക്കുലർ അധികാരം നൽകുന്നുണ്ട്. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ സ്കൂൾ അധികൃതർക്ക് കർശന നിർദേശവും സർക്കാർ നൽകിയിട്ടുണ്ട്. കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഒരു കാരണവശാലും പകർത്താൻ അനുവദിക്കരുതെന്നും കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നുമാണ് നിർദേശം.
ഇനി നിർദേശങ്ങളെല്ലാം അവഗണിച്ച് ആരെങ്കിലും സ്കൂൾ ക്യാമ്പസിൽ പ്രവേശിക്കുകയാണെങ്കിൽ, ഉടൻ തന്നെ പൊലീസിനെ വിളിക്കാനാണ് പ്രിൻസിപ്പൽമാരെ അറിയിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുക്കപ്പെട്ടാൽ പോക്സോ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസെടുക്കും.
കുട്ടികളുടെ സുരക്ഷയാണ് നിലവിലെ വിലക്കുകൾക്ക് ന്യായീകരണമായി രാജസ്ഥാനിലെ ബിജെപി സർക്കാർ ചൂണ്ടിക്കാട്ടുന്നതെങ്കിലും നടപടിയിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം കനക്കുകയാണ്. സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ മറച്ചുപിടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സർക്കുലറിനെതിരെ സിജെപിയും രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് വെല്ലുവിളിച്ച അശുതോഷ് റാങ്ക, സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും അവയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ നിന്നും തങ്ങളെ തടയാന്‍ ഒരു ഉത്തരവിനും കഴിയില്ലെന്നും പ്രഖ്യാപിച്ചു.
The Cockroach Janata Party is preparing for a nationwide campaign to address the poor condition of government schools. Following its announcement of inspections and protests at schools in Rajasthan over poor learning conditions, the government has barred outsiders from entering schools. The Secondary Education Department has issued a circular imposing strict restrictions on unauthorized entry and photography inside government schools.