India

'വിശ്വാസവഞ്ചന': കേന്ദ്ര സർക്കാരിന്റെ വാഗ്ദാനങ്ങൾ വിലയിരുത്താൻ സിജെപി, വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സാധ്യത

വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ, വീണ്ടും സമാധാനപരമായ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കാനാണ് സിജെപിയുടെ നീക്കം.

Madism Desk

കഴിഞ്ഞ മാസം അവസാനിച്ച രാജ്യവ്യാപക പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി. ജൂലൈ 25ന് സമരം പിൻവലിക്കുന്നതിലേക്ക് നയിച്ച കേന്ദ്ര സർക്കാരിന്റെ വാഗ്ദാനങ്ങൾ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച സിജെപിയുടെ ദേശീയ വർക്കിങ് കമ്മിറ്റി യോഗം ചേരും. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു പിന്മാറ്റവും രാജ്യത്തെ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായി കണക്കാക്കുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സിജെപി അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ, അന്ന് നൽകിയ ഉറപ്പുകൾ നടപ്പിലാക്കാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സർക്കാരിലുള്ള പൂർണ്ണ വിശ്വാസത്തിന്റെ പുറത്താണ് യുവാക്കൾ സമരം പിൻവലിച്ചതെന്നും, തങ്ങളുടെ സദുദ്ദേശ്യത്തെ ഒരു ദൗർബല്യമായി കേന്ദ്രം കാണരുതെന്നും പാർട്ടി വ്യക്തമാക്കി. വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെങ്കിൽ, വീണ്ടും സമാധാനപരമായ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കാനാണ് സിജെപിയുടെ നീക്കം.

പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ സംയോജിത പട്ടിക സമർപ്പിക്കാൻ ഓഗസ്റ്റ് 18-ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് ഈ കേസുകൾ റദ്ദാക്കുന്നത് പരിഗണിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. എന്നാൽ, കോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും പട്ടിക കൈമാറാൻ സർക്കാർ തയ്യാറായില്ല. ഈ നിസ്സംഗത യുവാക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസും ലീഗൽ അഫയേഴ്സ് മേധാവി രത്ന സിങും ആരോപിക്കുന്നു.

''രാജ്യത്തെ യുവാക്കൾക്ക് സ‍ർക്കാർ നൽകിയ വാക്ക് വിശ്വാസിച്ചാണ് സിജെപി പ്രക്ഷോഭം പിൻവലിച്ചത്''- പാ‍ർട്ടി പറഞ്ഞു. തങ്ങളുടെ ഈ സദുദ്ദേശത്തെ ദൗർബല്യമായി കാണാൻ അനുവദിക്കില്ലെന്നും സിജെപി വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ യോഗത്തിന്റെ തീരുമാനങ്ങൾക്കായി തയ്യാറായിരിക്കാൻ വിദ്യാർഥികളോടും യുവ പൗരന്മാരോടും അനുഭാവികളോടും വോളന്റിയർമാരോടും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രക്ഷോഭവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, വിദ്യാർഥികൾക്കും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കും ഭാവിയിൽ ശിക്ഷാ നടപടികൾ നേരിടേണ്ടിവരില്ലെന്ന് ഉറപ്പുനൽകുക, പേപ്പർ ചോർച്ച ആരോപണങ്ങളെ തുടർന്ന് മേയിൽ പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത നീറ്റ്-യുജി ഉദ്യോഗാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിവയാണ് സർക്കാരിൽ നിന്നും ലഭിച്ച പ്രധാന ഉറപ്പുകൾ.

ഇതിനിടെ പ്രക്ഷോഭങ്ങൾക്കിടയിൽ പൊലീസുകാർ ശാന്തത പാലിക്കണമെന്നും പ്രകോപനങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചത് ഡൽഹി പൊലീസിന് പുതിയ മാർ​ഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. തങ്ങളുടെ പെരുമാറ്റം റെക്കോർഡ് ചെയ്യപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുമെന്ന് കരുതി പ്രവർത്തിക്കണമെന്നും നിർദേശത്തിൽ പറയുന്നു. കഴിഞ്ഞ മാസം ജന്തർ മന്തറിൽ സിജെപി നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഈ പുതിയ നിർദ്ദേശങ്ങൾ.

പ്രക്ഷോഭകരുമായുള്ള വാഗ്വാദങ്ങൾ ഒഴിവാക്കാനും പരിഹാസങ്ങൾക്കും പാട്ടുകൾക്കും പ്ലക്കാർഡുകൾക്കും പ്രതികരിക്കാതിരിക്കാനും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, അസുഖം ബാധിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്ന പ്രക്ഷോഭകരെ സഹായിക്കണമെന്നും ആംബുലൻസുകൾ, സ്കൂൾ കുട്ടികൾ, പ്രായമായവർ എന്നിവരുടെ സുഗമമായ യാത്ര ഉറപ്പാക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ ഊന്നിപ്പറയുന്നു.

The Cockroach Janta Party (CJP) is set to review the Central government's progress on promises made to protesting students, warning that any failure to deliver will be considered 'vishwasghaat' (betrayal). The promises included quashing FIRs against students and compensating the families of NEET-UG candidates. The CJP hinted at the possibility of launching a fresh nationwide protest if the commitments are not met. Meanwhile, Delhi Police have issued new guidelines instructing officers to remain calm and avoid arguments during protests.