India

ഇൻസ്റ്റയിൽ സെലിബ്രിറ്റികളടക്കം കോടിക്കണക്കിന് ഫോളോവേഴ്സ്, ഒടുവിൽ എക്സ് അക്കൗണ്ടിന് പൂട്ട്; പാറ്റകൾക്ക് ഇത്ര പവറോ!

ഇൻസ്റ്റഗ്രാമിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയുമൊക്കെ ഫോളോവേഴ്സിനേക്കാൾ കൂടുതലാണ് സിജെപിയുടെ ഫോളോവേഴ്സ്

Madism Desk

സോഷ്യൽ മീഡിയയിൽ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ എക്സ് അക്കൗണ്ടിന് പൂട്ട്. നിയമപരമായ ആവശ്യത്തെ തുടർന്നാണ് പ്രൊഫൈൽ തടഞ്ഞതെന്ന് പ്ലാറ്റ്ഫോം അറിയിച്ചു. എക്സ് അക്കൗണ്ട് തുറക്കുമ്പോൾ കാണിക്കുന്ന പോപ് അപ്പ് മെസേജ് പങ്കുവച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയാണ് വിവരം പങ്കുവച്ചത്. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചുവെന്നായിരുന്നു നടപടിയോട് ദീപ്കെയുടെ പ്രതികരണം.

ഇന്ത്യയിലാണ് അക്കൗണ്ടിന് വിലക്ക്. തൊട്ടുപിന്നാലെ മറ്റൊന്ന് സിജെപി തുടങ്ങിയിട്ടുണ്ട്. മാസ് റിപ്പോർട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണോ അതോ സർക്കാർ നിർദേശപ്രകാരമാണോ അക്കൌണ്ട് പൂട്ടിയതെന്ന് വ്യക്തമല്ല. ‘CJP_2029’ എന്ന പേരുള്ള അക്കൗണ്ട് തുറക്കുമ്പോൾ ‘അക്കൗണ്ട് വിത്ത്ഹോൾഡ്' എന്നാണ് കാണിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയുമൊക്കെ ഫോളോവേഴ്സിനേക്കാൾ കൂടുതലാണ് സിജെപിയുടെ ഫോളോവേഴ്സ്. മേയ് 21-ലെ കണക്കുകൾ പ്രകാരം ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിന് 88 ലക്ഷം ഫോളോവേഴ്സാണുള്ളത്. കോൺഗ്രസിന് 1.3 കോടിയും. ഒരാഴ്ച കൊണ്ട് 14 മില്യൺ ഫോളോവേഴ്സിനെയാണ് സിജെപി നേടിയത്. വെറും 60 പോസ്റ്റുകളും.

അനുരാഗ് കശ്യപ്, ദിയ മിർസ, ഫാത്തിമ സന തുടങ്ങി സെലിബ്രിറ്റി ഫോളോവേഴ്സിന്ർറെ ഒരു നിര തന്നെയുണ്ട് സിജെപിക്ക്.

എക്സ് അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ ഇൻസ്റ്റ് അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടക്കുന്നുണ്ട്.

കോക്രോച്ച് പാർട്ടിയുടെ കഥ

ഇന്ത്യയിലെ ഏറ്റവും പുതിയ പൊളിറ്റിക്കൽ സ്റ്റാർട്ടപ്പ് ആണ് സിജെപി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ അഭിജീത് ദീപ്കെ ആക്ഷേപഹാസ്യമായി തുടങ്ങി ഈ പാർട്ടിയിൽ ഇന്ന് തൃണമൂൽ കോൺഗ്രസിന്ർറെ മഹുവ മൊയ്ത്ര വരെ അംഗങ്ങളാണ്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. അമരത്ത് യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഭിജീത് ദിപ്കെയും. ചീഫ് ജസ്റ്റിസിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ട അഭിജീത്, ലോകമെമ്പാടുമുള്ള എല്ലാ 'പാറ്റകൾക്കുമായി' ഒരു പാർട്ടി രൂപികരിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച നടന്ന കോടതി വിചാരണയ്ക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. യാതൊരു തൊഴിലുമില്ലാതെ പാറ്റകളെപ്പോലെ ചില ചെറുപ്പക്കാരുണ്ടെന്നും അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുകയാണ് എന്നുമായിരുന്നു ഇത്. തുടർന്ന് പരാമർശത്തിനെതിരെ വ്യാപകമായി വിമർശനമുയർന്നു.

പിന്നാലെയാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. നിലവിലെ രാഷ്ട്രീയപ്പാർട്ടികളോടുള്ള വിയോജിപ്പാണ് സിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് അഭിജീത് അഭിപ്രായപ്പെടുന്നത്. യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന, അവരുടെ പൾസ് അറിയുന്ന രാഷ്ട്രീയപ്പാർട്ടികളില്ല എന്നതിന്റെ സൂചനയും സിജെപിക്കുള്ള ഫോളോവേഴ്സിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: The SJP X account of the Cockroach Janata Party, which has been making waves across social media, has been suspended. The platform said the profile was withheld “in response to a legal demand.” SJP founder Abhijeet Deepke shared the information by posting the pop-up message shown while opening the X account. Reacting to the move, Deepke said it had happened exactly as expected.