സോഷ്യൽമീഡിയ സെൻസേഷൻ ആയി മാറിയ, ആക്ഷേപഹാസ്യ കൂട്ടായ്മ കോക്രോച്ച് ജനതാ പാർട്ടിയുടെ കൂട്ടായ്മയ്ക്ക് കൊച്ചിയിൽ നീക്കം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻഡ്രൈവിൽ ഒത്തുചേരാനാണ് ആഹ്വാനം. യോഗത്തിന്ർറെ അജണ്ടയടക്കം അറിയിച്ച് സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ് ടെലഗ്രാമിൽ.
കൂട്ടായ്മ നടന്നാൽ, സിജെപി ആദ്യമായി ഒത്തുചേരുന്ന, രാജ്യത്തെ തന്നെ ആദ്യ പരിപാടിയാകും അത്. ഡിജിറ്റൽ ഇടങ്ങളിലൂടെ മാത്രമായിരുന്നു ഇതുവരെയുള്ള പ്രചാരണം. കോക്രോച്ച് ജനതാ പാർട്ടി സൌത്ത് ഇന്ത്യ കൊച്ചി മീറ്റ് അപ്പ് എന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമത്തിൽ കാർഡ് പ്രചരിക്കുന്നുണ്ടായിരുന്നു. പാർട്ടിയുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാനുള്ള ഒരു ക്യൂആർ കോഡും കാർഡിലുണ്ട്.ചാനൽ ക്രിയേറ്റ് ചെയ്തിരിക്കുന്നത് ആരാണെന്നതിൽ വ്യക്തതയില്ല.
കാർഡ് എത്തിയതിന് പിന്നാലെ മലയാളത്തിൽ ഒരു മെസേജും എത്തി. മൂന്ന് മണിക്ക് ഫ്രണ്ട്ഷിപ്പ് മീറ്റ് സംഘടിപ്പിക്കുന്നുവെന്നും സമരങ്ങൾക്കോ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കോ അല്ല മീറ്റപ്പ് എന്നും അറിയിക്കുന്ന ഒരു മെസേജ്. പാർട്ടിയുടെ അഞ്ച് അജണ്ടകളും ഈ മെസേജിൽ ആവർത്തിക്കുന്നുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗ്രൂപ്പ് വഴി രജിസ്റ്റർ ചെയ്യാനാണ് ആഹ്വാനം.
കോക്രോച്ച് പാർട്ടിയുടെ കഥ
ഇന്ത്യയിലെ ഏറ്റവും പുതിയ പൊളിറ്റിക്കൽ സ്റ്റാർട്ടപ്പ് ആണ് സിജെപി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ അഭിജീത് ദീപ്കെ ആക്ഷേപഹാസ്യമായി തുടങ്ങി ഈ പാർട്ടിയിൽ ഇന്ന് തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര വരെ അംഗങ്ങളാണ്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, രാജ്യത്തെ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി. അമരത്ത് യു.എസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റി വിദ്യാർഥിയായ അഭിജീത് ദിപ്കെയും. ചീഫ് ജസ്റ്റിസിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ട അഭിജീത്, ലോകമെമ്പാടുമുള്ള എല്ലാ 'പാറ്റകൾക്കുമായി' ഒരു പാർട്ടി രൂപികരിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന കോടതി വിചാരണയ്ക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം. യാതൊരു തൊഴിലുമില്ലാതെ പാറ്റകളെപ്പോലെ ചില ചെറുപ്പക്കാരുണ്ടെന്നും അവരിൽ ചിലർ മാധ്യമപ്രവർത്തകരും സോഷ്യൽമീഡിയ, ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുകയാണ് എന്നുമായിരുന്നു ഇത്. തുടർന്ന് പരാമർശത്തിനെതിരെ വ്യാപകമായി വിമർശനമുയർന്നു.
പിന്നാലെയാണ് എക്സിൽ കോക്രോച്ച് ജനതാ പാർട്ടി എന്ന അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. നിലവിലെ രാഷ്ട്രീയപ്പാർട്ടികളോടുള്ള വിയോജിപ്പാണ് സിജെപിക്ക് ലഭിക്കുന്ന പിന്തുണയെന്നാണ് അഭിജീത് അഭിപ്രായപ്പെടുന്നത്. യുവാക്കൾക്കുവേണ്ടി പ്രവർത്തിക്കുന്ന, അവരുടെ പൾസ് അറിയുന്ന രാഷ്ട്രീയപ്പാർട്ടികളില്ല എന്നതിന്റെ സൂചനയും സിജെപിക്കുള്ള ഫോളോവേഴ്സിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: A gathering is being planned in Kochi for the satirical collective Cockroach Janata Party, which has become a social media sensation. Supporters have been invited to assemble at Marine Drive at 3 p.m. today. A message detailing the meeting agenda is being widely circulated on Telegram.
If the meetup takes place, it will be CJP's first-ever in-person gathering and potentially the first such event of its kind in the country. Until now, the group's activities and outreach have been confined to digital platforms.