ഉത്തർപ്രദേശിലെ കാൺപുരിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ 63-കാരൻ സ്വന്തം ഫ്ളാറ്റിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ മരുമകൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസ്. ഇന്ദിരാനഗറിലെ വസതിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് വിനീത് മിനോച്ചയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കേസിൽ മരുമകൾ ഷാലു മിനോച്ചയാണ് കൊലപാതകത്തിന്റെ പ്രധാന സൂത്രധാരയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൊലപാതകം നടക്കുമ്പോൾ ഷാലു ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം കോസ്മോസിൻ ലോഞ്ചിൽ പാർട്ടി നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിജെ സംഗീതത്തിനൊപ്പം മറ്റുള്ളവരോടൊപ്പം നൃത്തം ചെയ്തിരുന്നെങ്കിലും, അതേസമയം ഫോണിലൂടെ കൊലയാളികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണ സംഘം ആരോപിക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളാണ് കേസിലെ നിർണായക തെളിവുകളിലൊന്നെന്ന് പൊലീസ് വ്യക്തമാക്കി.
കുടുംബത്തിലെ മുൻ ജീവനക്കാരനായ വിശാലും ഇയാളുടെ സുഹൃത്ത് രാജ് കിഷോറുമാണ് ആദ്യം കേസിൽ അറസ്റ്റിലായത്. ഇരുവരെയും ഏറ്റുമുട്ടലിനിടെ കാലിൽ വെടിവെച്ച് കീഴടക്കിയ ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെയാണ് ഷാലുവിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനായി ഷാലു വിശാലിന് ആറുലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. ഇതിൽ രണ്ട് ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ബാക്കി തുക 15 ദിവസത്തിന് ശേഷം നൽകാമെന്ന് ഉറപ്പുനൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറയുന്നു.
ഫ്ളാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലും ഷാലു പ്രതികൾക്ക് കൈമാറിയെന്നാണ് ആരോപണം. വെള്ളിയാഴ്ച വീട്ടിലെത്തിച്ച് വിശാലുമായി കൊലപാതകത്തിനുള്ള ധാരണ ഉറപ്പിച്ച ശേഷം അടുത്ത ദിവസം ഷാലു ഭർത്താവിനെയും കുട്ടിയെയും കൂട്ടി പാർട്ടിക്ക് പോയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ വിശാലും രാജ് കിഷോറും ഫ്ളാറ്റിലെത്തി. മരുന്ന് നൽകാനെത്തിയവരാണെന്ന് സുരക്ഷാ ജീവനക്കാരനോട് പറഞ്ഞ് പ്രതികൾക്ക് വീട്ടിലേക്ക് പ്രവേശിക്കാൻ സഹായം നൽകിയതും ഷാലുവാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ആദ്യഘട്ടത്തിൽ വിനീതിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സംഭവം ഹൃദയാഘാതമായി ചിത്രീകരിക്കാനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറയുന്നു. എന്നാൽ വിനീത് മുറിക്ക് പുറത്തേക്ക് എത്തിയതോടെ പ്രതികൾ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. 26 തവണ കുത്തേറ്റാണ് അദ്ദേഹം മരിച്ചതെന്നാണ് റിപ്പോർട്ട്. പുലർച്ചെ മൂന്ന് മണിയോടെ ഷാലുവും ഭർത്താവും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ വിനീതിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
പ്രതികളെ ചോദ്യംചെയ്തതോടെയാണ് ഷാലുവിന്റെ പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറയുന്നു. ഭർതൃപിതാവുമായുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. പണത്തിന്റെ കാര്യത്തിൽ കടുത്ത നിയന്ത്രണം, രാത്രി വൈകിയുള്ള പാർട്ടികളോടുള്ള എതിർപ്പ്, വീട്ടിലെ സിസിടിവി ക്യാമറകളിലൂടെ നിരന്തരം നിരീക്ഷിച്ചിരുന്നതായുള്ള പരാതി എന്നിവ ഷാലുവിനെ പ്രകോപിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 28-ന് വൈകി വീട്ടിലെത്തിയതിനെ തുടർന്ന് ഷാലുവും വിനീതും തമ്മിൽ തർക്കമുണ്ടായിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വീട്ടുചെലവുകൾക്കായി പോലും ഭർതൃപിതാവിനോട് പണം ചോദിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും തന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും ഷാലു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ സാഹചര്യങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണങ്ങളെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ പൊലീസ് ആരോപണങ്ങൾ പൂർണമായും തള്ളുകയാണ് ഷാലുവിന്റെ കുടുംബം. ഷാലു കുടുംബത്തെ ഒന്നിച്ചുനിർത്തിയിരുന്ന നല്ലൊരു ഭാര്യയും അമ്മയും മരുമകളുമാണെന്നും സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സഹോദരൻ ധീരജ് അറോറയും സഹോദരി സോണിയ മെഹ്റോത്രയും ആവശ്യപ്പെട്ടു.
വിനീതുമായി ഷാലുവിന് സൗഹാർദ്ദപരമായ ബന്ധമായിരുന്നുവെന്നും പ്രമേഹബാധിതനായ അദ്ദേഹത്തിന്റെ ഭക്ഷണകാര്യങ്ങളിൽ പോലും ഷാലു പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നുവെന്നും കുടുംബം പറയുന്നു. വീട്ടുചെലവുകൾക്ക് പണം നൽകുന്നതിൽ നിയന്ത്രണമുണ്ടായിരുന്നുവെന്ന വാദവും അവർ നിഷേധിച്ചു. ആവശ്യമായപ്പോഴെല്ലാം ഷാലുവിന് പണം ലഭിച്ചിരുന്നുവെന്നും കുടുംബത്തിൽ സാമ്പത്തിക നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും സോണിയ വ്യക്തമാക്കി.
വിശാലിന്റെ ഫോൺ നമ്പർ ഷാലുവിന് ലഭിച്ചത് വീട്ടിലെ ചെറിയ ജോലികൾക്കായി ബന്ധപ്പെടാൻ പരിചയക്കാരനായ സുബ്രത് വഴിയാണെന്നും, ജീവനക്കാരൻ എന്ന നിലയിൽ മാത്രമാണ് ഷാലുവിന് വിശാലിനെ പരിചയമുണ്ടായിരുന്നതെന്നും ധീരജ് അവകാശപ്പെട്ടു. കേസിൽ വിശാൽ ഷാലുവിന്റെ പേര് പരാമർശിച്ചതിന്റെ യഥാർഥ കാരണം പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത ആദ്യഘട്ടത്തിൽ കുറ്റവുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാടിലായിരുന്ന ഷാലു പിന്നീട് കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
നിലവിൽ റിമാൻഡിലുള്ള ഷാലുവിനെതിരെ ലഭിച്ച ഫോൺ രേഖകൾ, സിസിടിവി ദൃശ്യങ്ങൾ, പ്രതികൾ തമ്മിലുള്ള ആശയവിനിമയം, പാർട്ടിയുടെ സമയക്രമം എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, പൊലീസ് ആരോപണങ്ങൾക്കെതിരെ കുടുംബം ഉന്നയിച്ച വാദങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ട്.