കേരളത്തിൽ തൂഫാൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി ആളുകളെയാണ് വൻമയക്കുമരുന്ന് ശേഖരവുമായി പിടികൂടുന്നത്. എന്നാൽ ഇതിന്റെ ഉറവിടം കണ്ടെത്താണ് മാത്രം പൊലീസിന് പലപ്പോഴും കഴിയാറുമില്ല. പിടികൂടുന്നതിൽ ഭൂരിഭാഗം ലഹരിവസ്തുക്കളും വരുന്നത് സംസ്ഥാനത്തിന് പുറത്തുനിന്നാണ്. അതുകൊണ്ടുതന്നെ ലഹരിയുടെ വേര് പൂർണമായും അറുക്കാൻ പൊലീസിന് സാധിക്കാത്തതും. ഇപ്പോഴിതാ അത്തരമൊരു വാർത്തയാണ് ഒഡീഷയിൽനിന്ന് പുറത്തുവരുന്നത്.
ഒഡിഷയിലെ ഉൾപ്രദേശങ്ങളിലെ ആളുകൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയാത്ത, ഉപയോഗിക്കാതെ കിടക്കുന്ന വിശാലമായ സർക്കാർ, റവന്യൂ ഭൂമികളിൽ മാഫിയകളും നിയമവിരുദ്ധ സംഘങ്ങളും വ്യാപകമായി കഞ്ചാവ് കൃഷി നടത്തുന്നതായാണ് റിപ്പോർട്ട്. ഔദ്യോഗിക രേഖകൾ പ്രകാരം മാൽക്കൻഗിരി, കോരാപുട്ട്, റായഗഡ, കന്ധമാൽ, ബൗധ്, ഗജപതി എന്നീ ആറ് ജില്ലകളിലാണ് അനധികൃത കയ്യേറ്റവും കഞ്ചാവ് കൃഷിയും വ്യാപകമായിരിക്കുന്നത്.
2025-26 വിള സീസണിൽ പൊലീസ് നടത്തിയ പ്രത്യേക നടപടിയുടെ ഭാഗമായി ഈ ആറ് ജില്ലകളിലായി 36,508 ഏക്കർ ഭൂമിയിലെ അനധികൃത കഞ്ചാവ് കൃഷി നശിപ്പിച്ചു. ഇതിൽ 6,632 ഏക്കർ സർക്കാർ ഭൂമിയായിരുന്നു. മുൻപ് അനധികൃത കഞ്ചാവ് കൃഷി കണ്ടെത്തുകയോ നശിപ്പിക്കുകയോ ചെയ്ത ഭൂമികളിൽ തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കാൻ ഫീൽഡ് തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ഒഡിഷ റവന്യൂ വകുപ്പ് ഈ ജില്ലകളിലെ കളക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പൊലീസിന്റെ കണ്ണുവെട്ടിച്ച് കഞ്ചാവ് കൃഷി ചെയ്യുന്നവർ സംസ്ഥാനത്ത് വ്യാപകമാണെന്നും അതുകൊണ്ടുതന്നെ ജാഗ്രത വേണമെന്നും പ്രത്യേകിച്ച് നിരീക്ഷണം പരിമിതമായ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ, ഓരോ കൃഷിസീസണിലും അതേ ഭൂമിയിടങ്ങളിലേക്ക് തന്നെ തിരിച്ചെത്തുന്ന പ്രവണതയുണ്ടെന്നും ആറ് ജില്ലകളിലെ കളക്ടർമാർക്ക് അയച്ച കത്തിൽ റവന്യൂ സെക്രട്ടറി അരബിന്ദ കുമാർ പാധി പറഞ്ഞു.
“പുതിയ സീസൺ ആരംഭിച്ചതോടെ, കഴിഞ്ഞ സീസണിൽ കഞ്ചാവ് കൃഷി നശിപ്പിച്ച അതേ ഭൂമിയിൽ വീണ്ടും കൃഷി ആരംഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഫീൽഡ് തലത്തിൽ തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പാധി കൂട്ടിച്ചേർത്തു. സർക്കാർ ഭൂമിയിൽ അനധികൃത കഞ്ചാവ് കൃഷി കണ്ടെത്തിയാൽ, 1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിലെ 47-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലോ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിനോ ഉടൻ വിവരം നൽകണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ ചില പൊലീസ് ഉദ്യോഗസ്ഥരും ഫീൽഡ് തലത്തിലുള്ള ജീവനക്കാരും അനധികൃത കഞ്ചാവ് കൃഷിക്ക് സഹായം നൽകുന്നതായി സംശയിക്കുന്ന സാഹചര്യത്തിൽ, കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകി. സ്വാർത്ഥ താൽപര്യക്കാരുമായോ മാഫിയാ സംഘങ്ങളുമായോ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികളും ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ സെക്രട്ടറി കത്തിൽ വ്യക്തമാക്കി. അനധികൃത കഞ്ചാവ് കൃഷി തടയുന്നതിനായി ഫീൽഡ് തല ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നടപടികൾ ജില്ലാ കളക്ടർമാർ നിരീക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഒഡിഷയുടെ ഉൾഗ്രാമങ്ങളില്‍ കഞ്ചാവ് കൃഷി വ്യാപകമാകുന്നതെന്തുകൊണ്ട്?
പൊതുജനങ്ങൾക്ക് എത്തിപ്പെടാൻ അസാധ്യമായ ഉൾപ്രദേശങ്ങളിൽ അനധികൃതമായി കഞ്ചാവ് കൃഷി ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത് ഇതിലൂടെ ലഭിക്കുന്ന ഉയർന്ന വരുമാനമാണ്. മറ്റ് നിയമാനുസൃത വിളകളെ അപേക്ഷിച്ച് കഞ്ചാവ് കൃഷിയിലൂടെ കിലോയ്ക്ക് ഏകദേശം 2,000 മുതൽ 3,000 രൂപ വരെ ലഭിക്കുന്നതായി പൊലീസ് പറയുന്നു.
എത്തിപ്പെടാൻ ബുദ്ധിമുട്ടേറിയ പ്രദേശമായതിനാൽതന്നെ പൊലീസിന്റെയും ഏജൻസികളുടെയും പരിശോധനയും ഇടപെടലും താരതമ്യേന കുറവായതും കഞ്ചാവ് കൃഷി തഴച്ചുവളാരാൻ കാരണമാകുന്നു. ഗ്രാമത്തിലുള്ളവരെ സ്വാധീനിച്ച് പുറത്തുനിന്നുള്ളവരാണ് ഇവിടെ കഞ്ചാവ് കൃഷി ചെയ്യുന്നത്. ഇവർ ഗ്രാമവാസികളെ സമീപിച്ച് കൃഷിക്കായി പണം നൽകുകയും, തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായും പൊലീസ് വ്യക്തമാക്കി.
ഈ ആറ് ജില്ലകളിൽ ഭൂരിഭാഗവും ഒരുകാലത്ത് തീവ്ര ഇടതുപക്ഷ വാദികളുടെ സ്വാധീനത്തിലായിരുന്നു. കാണ്ഡമാലും ബൗധും അടുത്തിടെയാണ് മാവോയിസ്റ്റ് വിമുക്ത ജില്ലകളായി പ്രഖ്യാപിക്കപ്പെട്ടത്. അനധികൃത കഞ്ചാവ് കൃഷിക്ക് മാവോയിസ്റ്റ് സംഘങ്ങളുടെ പിന്തുണയും ലഭിച്ചിരുന്നുവെന്നും, അവരുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായി ഇത് മാറിയിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഒഡിഷ പൊലീസ് അടുത്തിടെ നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂൺ - ജൂലൈ മാസങ്ങളിൽ പിടിച്ചെടുത്ത 108 മെട്രിക് ടണ്ണിലധികം കഞ്ചാവ് നശിപ്പിച്ചതായി അറിയിച്ചു. ഏകദേശം 544 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് നശിപ്പിച്ചത്. അനധികൃത കഞ്ചാവ് കൃഷിയുടെയും കടത്തിന്റെയും പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഒഡിഷയെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, കേരളം, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുമായി ബന്ധമുള്ള വൻതോതിലുള്ള അന്തർസംസ്ഥാന കഞ്ചാവ് കടത്ത് ശൃംഖലകളിലേക്ക് ഒഡിഷയിൽ നിന്നാണ് കഞ്ചാവ് എത്തുന്നതെന്നും പൊലീസ് അറിയിച്ചു.
A storm of drug-related activity is sweeping across Kerala. Several people are being arrested from different parts of the state with large quantities of narcotics. However, the police often struggle to trace the source of these drugs. Most of the substances seized are believed to have originated outside the state, making it difficult for the police to completely cut off the roots of the drug trade.
Now, a similar report has emerged from Odisha.