പശ്ചിമേഷ്യന്‍ സംഘർഷത്ത് പിന്നാലെ ആഗോളവിപണിയില്‍ ഉടലെടുത്ത ക്രൂഡ് ഓയിൽ പ്രതിസന്ധി ഇന്ത്യയെയും രൂക്ഷമായി ബാധിക്കുന്നു. രാജ്യത്തെ ഇന്ധനവില ഗണ്യമായി വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് അനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തിൽ വർധിക്കുക. ഇതിനൊപ്പം സിഎൻജി വിലയും കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. രണ്ടുരൂപയാണ് സിഎൻജി വില വർധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 110.48 രൂപയും ഡീസലിന് 99.38 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 108.62 രൂപയായും ഡീസലിന് 97.55 രൂപയായും ഉയർന്നു.
മെയ് 15ന് ഇന്ധനവില വർധിപ്പിക്കാനിടയുണ്ടെന്ന സൂചനകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ വില വർധന ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ലിറ്ററിന് അഞ്ച് രൂപ വരെ വർധന വേണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. എന്നാൽ നിലവിൽ മൂന്ന് രൂപയുടെ വർധനയ്ക്കാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനയും എണ്ണക്കമ്പനികൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദവും വില വർധനയ്ക്ക് പ്രധാന കാരണങ്ങളായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ഇന്ധനവില കൂട്ടേണ്ട സാഹചര്യം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിലും ഉടൻ വർധനവുണ്ടാകാനിടയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോൾ, ഡീസൽ വിലയിൽ ഇത്തരത്തിലുള്ള വർധന രേഖപ്പെടുത്തുന്നത്. 2022 മുതൽ രാജ്യത്തെ ഇന്ധനവിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുകയായിരുന്നു.
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ ശക്തമായതിനെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വിപണിയിലും വലിയ ചലനങ്ങളുണ്ടായി. ക്രൂഡ് ഓയിൽ വില ബാരലിന് 70 യുഎസ് ഡോളറിൽ നിന്ന് 126 യുഎസ് ഡോളർ വരെ ഉയർന്നതോടെയാണ് എണ്ണവിപണിയിൽ സമ്മർദം കൂടിയത്. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ ഇന്ധനവില വർധനയെന്നുമാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.
English Summary: India has increased fuel prices after nearly four years, raising petrol and diesel rates by ₹3 per litre amid rising global crude oil prices and financial pressure on oil companies. LPG prices may also increase soon.