ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉപരോധം തുടരുന്ന ഹോർമൂസ് കടലിടുക്ക് ഇന്ത്യയുടെ ചരക്ക് കപ്പൽ 'സർവ് ശക്തി' രാജ്യത്തെ സമുദ്രാതാർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. 45,000 ടൺ പാചകവാതകവുമായിട്ടാണ് സർവ്വശക്തി എത്തുന്നത്. രാജ്യം കടന്നുപോകുന്ന അതിരൂക്ഷമായ പാചക വാതക ക്ഷാമത്തിന് ഇതോടെ താത്ക്കാലിക അറുതിവരും. അമേരിക്ക ഹോർമൂസിൽ ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ കപ്പൽ ഹോർമൂസ് കടലിടുക്കിലൂടെ രാജ്യത്ത് എത്തിച്ചേരുന്നത്. ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ഇരുപക്ഷവുമായി ചർച്ച വിജയം കണ്ടതോടെയാണ് കപ്പലിന് സുരക്ഷതമായി ഹോർമൂസ് കടക്കാനായത്.
ദുബായിൽ നങ്കൂരമിട്ടിരുന്ന മറ്റൊരു കപ്പലിൽനിന്ന് പാചകവാതകം നിറച്ച ശേഷമാണ് സർവ് ശക്തി ഹോർമൂസിലെത്തിയത്. 2026 ഫെബ്രുവരിയിലാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് വേണ്ടി സർവ് ശക്തി രാജ്യത്തുനിന്ന് ഗൾഫിലേക്ക് പുറപ്പെട്ടത്. സംഘർഷത്തിന് പിന്നാലെ ഹോർമൂസിന് പുറത്തുള്ള സമുദ്രാതിർത്തിയിൽ കപ്പൽ കുടുങ്ങുകയായിരുന്നു.
ഹോർമൂസിൽ ഇന്ത്യയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് നേരത്തെ ഇറാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ വീണ്ടും പ്രതിസന്ധിയിലാവുകയായിരുന്നു. പത്തിലധികം ഇന്ത്യൻ കപ്പലുകൾ ഹോർമൂസിന് പുറത്ത് കാത്തിരിക്കുന്നുണ്ടെന്നാണ് സൂചന. നേരത്തെ അമേരിക്കൻ ഭീഷണി മറികടന്ന ചൈന ഒന്നിലധികം കപ്പലുകൾ ഹോർമൂസിലൂടെ കടത്തിയിരുന്നു. വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമായാൽ സമാന നീക്കങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും സൂചനകളുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഏകദേശം എട്ട് ഇന്ത്യൻ കപ്പലുകൾ മാത്രമാണ് ഹോർമൂസ് വഴി രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നത്. പാചക വാതക ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വലിയ നിയന്ത്രണങ്ങളും രാജ്യത്ത് നിലവിൽ വന്നിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ എൽപിജി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ എൽപിജി ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാമതും ഇന്ത്യയാണ്. നിലവിൽ ആഭ്യന്തര ഉൽപാദനം 60 ശതമാനത്തോളം വർധിപ്പിച്ച് ക്ഷാമം പരിഹരിക്കാനുള്ള ശ്രമമാണ് രാജ്യം നടത്തുന്നത്. എന്നാൽ ആഭ്യന്തരം ഉൽപാദനം വർധിപ്പിച്ചാലും രാജ്യത്തിന്റെ ആവശ്യം പൂർണമായും പൂർത്തീകരിക്കപ്പെടില്ല. നിലവിൽ പ്രതിദിനം 54,000 ടൺ എൽപിജിയാണ് ഇന്ത്യ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്.
English Summary: Amid escalating tensions in the Strait of Hormuz, India’s LPG carrier ‘Sarv Shakti’ has entered Indian waters carrying 45,000 tonnes of cooking gas. The development offers temporary relief from the ongoing shortage, following diplomatic coordination involving United States and Iran.