India

'സമ്പത്തും സ്വാധീനവുമുള്ള കുടുംബമാണ്, ഒളിച്ചോടിയാലും നിനക്ക് ഈ വിവാഹത്തിൽ നിന്ന് രക്ഷയില്ലെന്ന് കേതൻ പറഞ്ഞു'; സിയയുടെ മൊഴി

25കാരനായ കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പരസ്പരം പഴി ചാരുകയാണ് സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും

Madism Desk

'വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചതാണ്. പക്ഷേ സമ്പന്ന കുടുംബമാണ് പിന്‍മാറാനാവില്ലെന്ന് പറഞ്ഞു. ഒളിച്ചോടിയാലും എന്നെ പിന്തുടരുമെന്നും പറഞ്ഞിരുന്നു'- പൂനെ ലോഹഗഡിൽ കാമുകനുമായി ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയലിന്റെ മൊഴിയാണിത്. കേസിലെ കൂട്ടുപ്രതി ചേതൻ ചൌധരിയുമായി മാസങ്ങൾ മാത്രമുള്ള ബന്ധമാണെന്നും വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ചിട്ടും കേതൻ ഗൌനിച്ചില്ലെന്നുമാണ് സിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. ഈ മൊഴി പക്ഷേ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

25കാരനായ കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പരസ്പരം പഴി ചാരുകയാണ് സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും. കേസ് ശ്രദ്ധിക്കപ്പെട്ടതോടെ, കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പരസ്പരം കെട്ടിവയ്ക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ചേതൻ ആണെന്ന് സിയ ആരോപിച്ചപ്പോൾ, സിയ നിർബന്ധിച്ചിട്ടാണ് താൻ കേതനെ കൊലപ്പെടുത്തിയത് എന്നാണ് ചേതന്റെ മൊഴി.

കൊലപാതകം ചേതന്റെ ആശയമാണെന്നും ജൂൺ 14ന് കേതനെ വധിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞെന്നും സിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. ഗൂഢാലോചനാ കുറ്റങ്ങളിൽനിന്ന് രക്ഷപ്പെടാൻ പ്രതികൾ നടത്തുന്ന തന്ത്രമായാണ് പൊലീസ് ഈ പരസ്പര വിരുദ്ധമായ മൊഴികളെ കാണുന്നത്. ജൂൺ 29 വരെ ഇരുവരും പൊലീസ് കസ്റ്റഡിയിൽ തുടരും. ഒളിച്ചോടി വിവാഹം കഴിക്കാൻ ഇരുവരും പദ്ധതിയിട്ടെങ്കിലും കുടുംബത്തിന്റെ അന്തസ്സിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം സിയ പിന്മാറിയതായി പൊലീസ് പറയുന്നു. കേതനുമായുള്ള സിയയുടെ വിവാഹനിശ്ചയം റദ്ദാക്കാൻ ഇരുവരും പല വഴികളും ചർച്ച ചെയ്ത ശേഷമാണ് കൊലപാതകത്തിലേക്ക് കടന്നത്.

മെയ് 31-ന് കേതനുമൊത്ത് ലോഹഗഡ് കോട്ട സന്ദർശിച്ചപ്പോൾ കേതൻ മലഞ്ചെരുവിൽ ഇരിക്കുന്നത് കണ്ടപ്പോഴാണ് ആദ്യമായി കൊലപാതക ചിന്ത സിയയുടെ മനസ്സിൽ ഉദിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് ജൂൺ 14-ന് സമാനമായ രീതിയിൽ കോട്ടയിൽ വെച്ച് കേതനെ തള്ളിയിടാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടപ്പോൾ പാമ്പ് വന്നതാണെന്ന് വ്യാജ ഭീതി പരത്തി സിയ രക്ഷപ്പെടുകയായിരുന്നു. രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടാൽ മൂന്നാമതും ശ്രമിക്കാനായിരുന്നു ഇരുവരുടെയും ശ്രമം.

ശക്തമായ കാറ്റിൽ ഫോട്ടോകൾ എടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് കേതന്റെ മരണത്തെക്കുറിച്ച് കുടുംബം ആദ്യം കരുതിയിരുന്നത്. കേതൻ വഴുതിവീണതാണെന്ന് സിയ ലോണാവാല റൂറൽ പോലീസിനോട് പറഞ്ഞതിനെത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സിയയുടെ പെരുമാറ്റത്തിൽ യാതൊരുവിധ സങ്കടവും കാണാത്തതിനെത്തുടർന്ന് പോലീസിന് സംശയം തോന്നി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കഴിഞ്ഞ ഏഴ് മാസത്തിനിടയിൽ സിയയും ചേതനും തമ്മിൽ 2,004 തവണ ഫോണിൽ സംസാരിച്ചതായും ഇതിന്റെ ആകെ ദൈർഘ്യം ഏകദേശം 238 മണിക്കൂറോളം വരുമെന്നും കണ്ടെത്തി. സിയയുടെയും കേതന്റെയും കുടുംബങ്ങൾ വിവാഹനിശ്ചയവുമായി മുന്നോട്ട് പോകുന്നതിനിടെ, 2025 നവംബറിലാണ് ഇവർ തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. പിന്നാലെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ഇരുവരും കുറ്റം സമ്മതിക്കുകയുമായിരുന്നു.

കേതനുമായുള്ള വിവാഹത്തിന് സിയ യാതൊരു എതിർപ്പും പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. മറ്റാരെങ്കിലുമായും ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സിയയുടെ ആവർത്തിച്ചുള്ള മറുപടി. തുടർന്നാണ് വീട്ടുകാർ വിവാഹമുറപ്പിക്കുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനിടെ യുവതി ചേതനെ പരിചയപ്പെടുകയായിരുന്നു.

സിയയുടെ അച്ഛൻ പ്രവീൺ ഗോയൽ പറയുന്നതനുസരിച്ച്, ഗോവയിൽ നടന്ന ഒരു കല്യാണത്തിനിടെയാണ് കേതന്ർറെ ആലോചനയെത്തുന്നത്. പക്ഷേ അന്ന് 19 വയസ്സ് മാത്രമായിരുന്നു സിയയ്ക്ക് പ്രായം എന്നത് കൊണ്ട് ഒഴിവാക്കി. പക്ഷേ പിന്നീട് രണ്ടാമതും ഇതേ ആലോചന വന്നപ്പോൾ, ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് വിവാഹത്തിന് കുടുംബം സമ്മതം മൂളുന്നത്. തുടർന്ന് ഫെബ്രുവരിയിൽ വിവാഹനിശ്ചയവും നടത്തി.

വിവാഹനിശ്ചയത്തിന് മുമ്പോ ശേഷമോ സിയയും കേതനും തമ്മിൽ ഏതെങ്കിലും തരത്തിൽ അസ്വാരസ്യങ്ങളുള്ളതായി തോന്നിയിട്ടില്ലെന്നാണ് സിയയുടെ കുടുംബം പറയുന്നത്.

വിവാഹനിശ്ചയ കാലയളവിലുടനീളം മകളും കേതനും ഒരുമിച്ച് സന്തോഷവതികളായാണ് കാണപ്പെട്ടിരുന്നതെന്നും, ഇരുവരും പതിവായി വീഡിയോ കോളുകളിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും സിയയുടെ അമ്മ പറയുന്നു. മകൾ കുറ്റക്കാരിയാണെങ്കിൽ തക്കതായ ശിക്ഷ കൊടുക്കണമെന്നാണ് ഇവരുടെ ഭാഗം. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതികൾ ഇരുവരും.

Summary: Siya Goyal and her lover, Chetan Choudhary, are now blaming each other for the murder of 25-year-old Ketan Agarwal. As the case has gained widespread attention, both are attempting to pin the entire responsibility for the murder on one another. While Siya alleged that it was Chetan who masterminded the plan to kill Ketan, Chetan's statement claims that he murdered Ketan because Siya forced him to do so.