പതിനെട്ടാം ലോക്‌സഭയുടെ എട്ടാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിട്ട് 46 ദിവസങ്ങൾ പിന്നിടുന്നു. ചരിത്രത്തിലെ മൂന്നാമത്തേതും മോദി ഭരണത്തിലെ ആദ്യത്തെയും ദൈർഘ്യമേറിയ സഭ പിരിയലാണിത്. മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്താണ് ഇത്രയും ദിവസങ്ങൾ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുന്നത്. സഭ ഔപചാരികമായി അവസാനിപ്പിക്കാത്തത്, ഒക്ടോബറിൽ പുതിയ സിറ്റിങ്ങുകൾ ചേരാനുള്ള സാധ്യതയെ കുറിച്ച് അഭ്യൂഹങ്ങൾക്കും വഴിവച്ചിട്ടുണ്ടെന്ന് 'ദി ഇന്ത്യൻ എക്സ്പ്രസ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിച്ച് ഓഗസ്റ്റ് 13നാണ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. വീണ്ടും ചേരാനുള്ള തീയതി നിശ്ചയിക്കാതെയായിരുന്നു സഭ പിരിയൽ. 2023ലെ വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 21 വരെ 21 സിറ്റിംഗുകളോടെയാണ് നടന്നത്. തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ സഭ പൂർണമായി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുകയായിരുന്നു
നീറ്റ് ചോദ്യപേപ്പർ ചോർച്ച, അയോധ്യ ക്ഷേത്ര കൊള്ള, ഡൽഹിയിലെ ജെൻസീ സമരം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാൽ കലുഷിതമായ സമയത്താണ് സഭ അവസാനമായി കൂടിയത്. തൃണമൂൽ കോൺഗ്രസിലെ പിളർപ്പ്, രാജ്യസഭയിലെ എഎപി എംപിമാരുടെ വിമത നീക്കം എന്നിങ്ങനെയുള്ള സംഭവവികാസങ്ങൾ ഈ 46 ദിവസങ്ങൾക്കുള്ളിൽ നടക്കുകയും ചെയ്തു. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിരിക്കുന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. മണ്ഡല പുനർനിർണയവുമായും വനിതാ സംവരണവുമായും ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗബലത്തെ കുറിച്ചാണ് ചർച്ചകളേറെയും.
എൻഡിഎ സർക്കാരിന് കീഴിൽ ഇതിന് മുമ്പ് രണ്ട് തവണയാണ് ഇത്രയും ദൈർഘ്യമേറിയ അനിശ്ചിതകാല സഭ പിരിയൽ ഉണ്ടായിട്ടുള്ളത്. 2015ൽ ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 10 വരെ 28 ദിവസവും 2021 ഓഗസ്റ്റ് 11 മുതൽ 31 വരെ 20 ദിവസവും.
അനിശ്ചിതകാല സഭ പിരിയൽ എന്നാൽ സഭ അവസാനിപ്പിക്കൽ എന്നല്ല!
എം എൻ പോളിന്റെ പ്രാക്ടീസ് ആൻഡ് പ്രൊഡിഡ്യുവർ ഓഫ് പാർലമെന്റ് എന്ന പുസ്തകത്തിൽ പറയുന്നത് പ്രകാരം, സഭ Adjournament എന്നാൽ സമ്മേളനത്തിനിടയിൽ സഭ ഒരു ദിവസത്തേക്കോ, ഒന്നിലധികം ദിവസങ്ങളിലേക്കോ അല്ലെങ്കിൽ അനിശ്ചിതകാലത്തേക്കോ നീട്ടിവയ്ക്കുക എന്നതാണ്. ഇതിനർഥം സമ്മേളനം പൂർണമായി പിരിച്ചുവിട്ടു എന്നല്ല, മറിച്ച് ആ സിറ്റിംഗ് അവസാനിച്ചു എന്നാണ്.
എന്നാൽ Prorogation എന്നത് പിരിച്ചുവിടലാണ്. ഒരു മുഴുവൻ സഭാസമ്മേളനവും ഔദ്യോഗികമായി അവസാനിപ്പിക്കുന്നതാണിത്. അടുത്ത സമ്മേളനം നടക്കണമെങ്കിൽ രാഷ്ട്രപതിയോ ഗവർണറോ വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കണം. രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് പാർലമെന്റ് സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്.
ഇതിനു മുമ്പ് സഭ പിരിഞ്ഞ സംഭവങ്ങൾ
എട്ടാം ലോക്‌സഭയിലാണ് ഇതിനുമുമ്പ് ദൈർഘ്യമേറിയ അനിശ്ചിതകാല സഭാപിരിയലുകൾ ഉണ്ടായിട്ടുള്ളത്. 1987ൽ ബോഫോഴ്സ് അഴിമതി വിവാദം ഉണ്ടായ സമയത്ത് 76 ദിവസം സഭ പിരിഞ്ഞുനിന്നു. പിന്നീട് 1989ൽ ഇതേ ലോക്‌സഭയുടെ പതിനാലാം സെഷനിൽ 61 ദിവസത്തേക്കും സഭാപിരിയലുണ്ടായി.
1920കളിൽ ആരംഭിച്ച കീഴ്‌വഴക്കം
നിയമസഭകൾ വിളിച്ചുചേർക്കുന്നതും സമ്മേളനം അവസാനിപ്പിക്കുന്നതും സഭ പിരിച്ചുവിടുന്നതുമായ നടപടിക്രമങ്ങൾ 1920കളുടെ അവസാനത്തിലാണുണ്ടായത്. 1929ന് മുമ്പ്, കേന്ദ്ര നിയമസഭ വിളിച്ചുചേർക്കുന്നതിനും അവസാനിപ്പിക്കുന്നതിനും പിരിച്ചുവിടുന്നതിനും ഉള്ള ഗവർണർ ജനറലിന്റെ ഉത്തരവുകൾ സർക്കാരിന്റെ ലെജിസ്ലേറ്റീവ് ഡിപ്പാർട്ട്‌മെന്റ് വഴിയാണ് കൈപ്പറ്റുകയും വിജ്ഞാപനം ചെയ്യുകയും ചെയ്തിരുന്നത്.
1929 ജൂൺ 17ന് ഗവർണർ ജനറൽ ഇർവിൻ പ്രഭുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലെജിസ്ലേറ്റീവ് അസംബ്ലി പ്രസിഡന്റ് വിത്തൽഭായ് പട്ടേൽ, ആഭ്യന്തര-നിയമ വകുപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തിരുന്നു. ഇതിനു ശേഷം ലെജിസ്ലേറ്റീവ് അസംബ്ലിയുമായി ബന്ധപ്പെട്ട ഉത്തരവുകൾ അസംബ്ലി ഡിപ്പാർട്ട്‌മെന്റ് തന്നെ നേരിട്ട് കൈപ്പറ്റുകയും വിജ്ഞാപനം ചെയ്യുകയും ചെയ്യണമെന്ന് ആ യോഗത്തിൽ തീരുമാനിച്ചു. സ്വാതന്ത്ര്യത്തിനു ശേഷവും ഈ രീതി തുടർന്നുപോന്നു.
ലോക്‌സഭ വിളിച്ചുചേർക്കുന്നതിനും സമ്മേളനം അവസാനിപ്പിക്കുന്നതിനുമുള്ള രാഷ്ട്രപതിയുടെ ഉത്തരവുകൾ പാർലമെന്ററികാര്യ മന്ത്രാലയം വഴി വിജ്ഞാപനം ചെയ്യണമെന്ന് 1955 ൽ പാർലമെന്ററികാര്യ മന്ത്രി നിർദ്ദേശിച്ചിരുന്നു. സമാനമായ നിർദ്ദേശം 1958 ൽ ആഭ്യന്തര മന്ത്രിയും മുന്നോട്ടുവെച്ചു. എന്നാൽ സ്പീക്കർ ഈ രണ്ട് നിർദ്ദേശങ്ങളും തള്ളി.
രാഷ്ട്രപതി രാഷ്ട്രത്തലവൻ മാത്രമല്ല, പാർലമെന്റിന്റെ ഒരു അവിഭാജ്യ ഘടകം കൂടിയാണെന്നായിരുന്നു പാർലമെന്ററി രേഖകളിൽ രേഖപ്പെടുത്തിയ കാരണം. ലോക്‌സഭ വിളിച്ചുചേർക്കുന്നതും അവസാനിപ്പിക്കുന്നതും പിരിച്ചുവിടുന്നതുമായ കാര്യങ്ങൾ വിശാലമായ പാർലമെന്ററി പ്രക്രിയയുടെ ഭാഗമാണെന്നും, സ്പീക്കർ സർക്കാരുമായി കൂടിയാലോചിച്ച് തീയതികൾ നിശ്ചയിച്ച് രാഷ്ട്രപതിയെ അറിയിക്കണമെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്.
ഇതിന് പിന്നിൽ ഒരു ഭരണഘടനാപരമായ ആശങ്കയുമുണ്ടായിരുന്നു. ഇത്തരം തീരുമാനങ്ങൾ പൂർണ്ണമായും സർക്കാരിന്റെ മാത്രം വിവേചനാധികാരത്തിന് വിട്ടുകൊടുക്കുന്നത് പ്രതിപക്ഷത്തെയോ ന്യൂനപക്ഷ വിഭാഗങ്ങളെയോ പ്രതികൂലമായി ബാധിച്ചേക്കാം. സിറ്റിംഗുകൾ ക്രമീകരിക്കുക, സഭ പിരിയൽ നടപടികൾ, ഇവ വിളിച്ചുചേർക്കൽ, നടപടികളുടെ ആരംഭം കുറിക്കൽ എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളാണെന്നും അതിൽ സ്പീക്കർക്ക് പ്രധാന പങ്കുണ്ടെന്നുമായിരുന്നു അന്ന് ഉയർത്തിയ വാദം.
The eighth session of the 18th Lok Sabha has been adjourned sine die for 46 days. This is the third-longest adjournment in the history of the Lok Sabha and the longest during the Modi government. Such lengthy adjournments have previously occurred during the tenure of Congress-led governments. The fact that the House has not been formally prorogued has also sparked speculation about the possibility of new sittings being held in October.