സഹപാഠികളുടെയും അധ്യാപകരുടെയും ജാതി അധിക്ഷേപത്തെ തുടർന്ന് കോയമ്പത്തൂരിൽ 16കാരനായ ദളിത് വിദ്യാർഥി ജീവനൊടുക്കി. പീളമേട് സ്വദേശിയും 11ാം ക്ലാസ് വിദ്യാർഥിയുമായ എ അകിലൻ ആണ് മരിച്ചത്. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർക്കും ഒരു അധ്യാപകനും രണ്ട് കുട്ടികൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പീളമേട്ടിലെ ശ്രീ കെ.കെ നായിഡു ഹയർ സെക്കൻഡറി സ്കൂളിലാണ് അകിലൻ പഠിച്ചിരുന്നത്. ജാതിയുടെ പേരിൽ കുട്ടിയെ അധ്യാപകർ നിരന്തരം പരിഹസിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ദളിതനായതിന് കുട്ടി നിരന്തരം അധിക്ഷേപങ്ങൾക്കിരയായതായി എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്. വിജയകുമാർ എന്ന അധ്യാപകൻ പല തവണ അകിലനെ ദലിത് വിദ്യാർഥി എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇത് കൂടാതെ ഒരു തവണ, ബീഫ് കഴിക്കുന്നവരെ ക്ലാസിൽ എഴുന്നേൽപ്പിച്ച് നിർത്തുകയും ചെയ്തു. അകിലൻ മാത്രമാണ് ഈ കൂട്ടത്തിലുണ്ടായിരുന്നത്. തുടർന്ന് ബീഫ് കഴിക്കുന്നത് ദളിതരാണെന്നും അവരെ അകറ്റി നിർത്തണമെന്നുമൊക്കെ പ്രതികളായ രണ്ട് കുട്ടികൾ മറ്റ് കുട്ടികളോട് പറഞ്ഞു. ഇത് അകിലനെ മാനസികമായി തളർത്തി.
അധിക്ഷേപം കടുത്തതോടെ അകിലൻ വീടുവിട്ട് ആലന്ദുരയിലുള്ള ബന്ധുവീട്ടിലേക്ക് ഓടിപ്പോയി. പിതാവ് അശോക് കുമാർ അനുനയിപ്പിച്ച് വീട്ടിൽ കൊണ്ടുവന്നെങ്കിലും സ്കൂളിൽ പോകാൻ കുട്ടി തയ്യാറായിരുന്നില്ല. ഇതോടെ പിതാവ് സ്കൂൾ മാനേജ്മെന്റിനോട് പരാതിപ്പെട്ടു. പിന്നീട് കുറച്ച് ദിവസത്തേക്ക് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിലും വീണ്ടും പരിഹാസം തുടങ്ങി.
പൂജ അവധി കഴിഞ്ഞ് സ്കൂളിൽ തിരിച്ചെത്തിയ സമയം അധിക്ഷേപങ്ങൾ കടുത്തു. ജാതി പറഞ്ഞ് സഹപാഠികളായ രണ്ട് കുട്ടികൾ അകിലനെ ഉപദ്രവിക്കാനും തുടങ്ങി. മരിക്കുന്ന ദിവസം, സ്കൂൾ അസംബ്ലിയിൽ വരെ അകിലന് നേരെ ജാതിപറഞ്ഞുള്ള കളിയാക്കലുകളുണ്ടായെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ കുട്ടി ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
അകിലന്റെ മരണത്തിൽ സ്കൂളിന്റെയും ഹെഡ്മാസ്റ്ററുടെയും ക്ലാസ് ടീച്ചറുടെയും മറ്റുള്ളവരുടെയും പങ്ക് പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണ, സ്വമേധയാ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അകിലന്റെ മൃതദേഹം കോയമ്പത്തൂർ ഇഎസ്ഐ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ സ്കൂൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമെതിരെയുള്ള ആരോപണങ്ങൾ കുടുംബം ശക്തമാക്കുന്നുണ്ട്. സ്കൂളിലെ രണ്ട് വിദ്യാർഥികളുടെയും വിജയകുമാർ എന്ന അധ്യാപകന്റെയും പേരെടുത്ത് പറഞ്ഞാണ് കുട്ടിയുടെ മാതാവ് കൌസല്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്. കുടുംബം പരാതിപ്പെട്ടിട്ടും ഹെഡ്മാസ്റ്റർ അനിൽകുമാർ വിഷയത്തിൽ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നത് വിശദമായി അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്.
കോയമ്പത്തൂരിലെ സ്കൂളുകളിൽ ജാതിവിവേചനത്തെക്കുറിച്ച് മുമ്പുണ്ടായ ആരോപണങ്ങളുടെ ശക്തി കൂട്ടുന്ന സംഭവമാണിത്. കഴിഞ്ഞ വർഷം, ആർത്തവസമയത്ത് ഒരു ദളിത് വിദ്യാർത്ഥിനിയെ ക്ലാസ്മുറിക്ക് പുറത്തുള്ള പടിയിലിരുത്തി പരീക്ഷ എഴുതിച്ചുവെന്നാരോപിച്ച് ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തിരുന്നു.
A 16-year-old boy died by suicide in Coimbatore following caste-based harassment by classmates and teachers. A. Akilan, a Class 11 student from Peelamedu, was the deceased. Police have registered a case against the school headmaster, a teacher and two students in connection with the incident.