നീറ്റ് പുനഃപരീക്ഷയിൽ ഇനിയൊരു വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം. ചോദ്യപേപ്പറുകളടക്കം പരീക്ഷാ സാമഗ്രികളുടെ സുരക്ഷിതമായ ഗതാഗതവും വിതരണവും ഉറപ്പാക്കാൻ വ്യോമസേനയെ രംഗത്തിറക്കുകയാണ് സർക്കാർ. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്ർറെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന, വാർത്താ വിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
അച്ചടിശാലകളിൽ നിന്ന് രാജ്യത്തിന്ർറെ വിവിധ ഭാഗങ്ങളിലേക്ക് ചോദ്യപേപ്പർ എത്തിക്കുന്നതിനുള്ള പൂർണ ചുമതല വ്യോമസേനയ്ക്ക് നൽകുന്നതിനെ കുറിച്ചാണ് യോഗത്തിൽ ചർച്ച ചെയ്തത്. പോസ്റ്റൽ സർവീസ് വഴി എത്തിച്ചിരുന്ന ചോദ്യപേപ്പർ പല കൈ മറിഞ്ഞ് നിരവധി ഉദ്യോഗസ്ഥരിലൂടെ കടന്നുപോകുന്നതിനാൽ സുരക്ഷാ വീഴ്ചയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു. ഇതൊഴിവാക്കാനാണ് വ്യോമസേനയുടെ സഹായം തേടുക.
എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനമായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടായിരിക്കും തീരുമാനമെടുക്കുക. ജൂൺ 21ലെ പുനഃപരീക്ഷയുടെ തയ്യാറെടുപ്പുകൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുകയും ചെയ്യുമെന്നാണ് വിവരം. നിലവിൽ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ നീക്കങ്ങളും പ്രധാനമന്ത്രിയെ അറിയിക്കുന്നുണ്ട്.
ചോദ്യപേപ്പര്‍ നിര്‍മ്മാണം, പ്രിന്റിംഗ് പ്രസ്സ്, പരീക്ഷാ കേന്ദ്രം എന്നിങ്ങനെ നീളുന്ന പരീക്ഷാ നടപടികളുടെ ആദ്യ ഘട്ടത്തിലാണ് സുരക്ഷാവീഴ്ച ഉണ്ടായിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് നിലവുണ്ടായിരുന്ന ഒരു ടീമിനെയും പരിഭാഷകരെയും പ്രക്രിയയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ എന്‍ടിഎ തീരുമാനിച്ചിരുന്നു.. ഇവരുടെ പേരുകൾ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്തു.
ലാത്തൂർ ദയാനന്ദ സയൻസ് കോളേജിലെ കെമിസ്ട്രി പ്രൊഫസറായ പി.വി കുല്‍ക്കര്‍ണിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ സൂത്രധാരനെന്നാണ് കണ്ടെത്തല്‍. പുണെയില്‍ നിന്നുള്ള മറ്റൊരു പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ദ്ഹരെയെ അറസ്റ്റ് ചെയ്തിരുന്നു. കെമിസ്ട്രി വിഭാഗത്തിലെ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിലും അവ മറാഠിയിലേക്ക് പരിഭാഷപ്പെടുത്തുന്നതിലും കുല്‍ക്കര്‍ണിയുടെ പങ്കുണ്ടായിരുന്നതായാണ് എന്‍ടിഎ വൃത്തങ്ങള്‍ അറിയിച്ചത്.
ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനായി എന്‍ടിഎയ്ക്ക് നിരവധി വിദഗ്ധരുണ്ടെങ്കിലും ചോദ്യങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താതിരിക്കാന്‍ ഒരേ വ്യക്തിയെത്തന്നെ ചോദ്യം തയ്യാറാക്കാനും പരിഭാഷപ്പെടുത്താനും ചിലപ്പോള്‍ ചുമതലപ്പെടുത്താറുണ്ട്. മന്ദ്ഹരെ കൈകാര്യം ചെയ്തിരുന്നത് ബോട്ടണി, സുവോളജി ചോദ്യപേപ്പറുകള്‍ ആയിരുന്നു.
2024-ല്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ച് ചോദ്യപേപ്പര്‍ സുരക്ഷിതമായ രീതിയിലാണ് തയ്യാറാക്കുന്നത് എന്ന് ഉറപ്പാക്കാന്‍ എന്‍ടിഎയ്ക്ക് കര്‍ശനമായ ഒരു ചട്ടക്കൂട് നിലവിലുണ്ട്. സമിതിയുടെ ശുപാര്‍ശകള്‍ അനുസരിച്ച് രാജ്യത്തുടനീളമുള്ള വിഷയ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കേണ്ടത്. ഇതില്‍ ഒരു ചീഫ് പേപ്പര്‍ സെറ്ററും ഉണ്ടായിരിക്കും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സംഘം എന്‍ടിഎ നിശ്ചയിക്കുന്ന പ്രത്യേക മുറിയിലാണ് പ്രവര്‍ത്തിക്കേണ്ടത്. ഈ മുറി ശബ്ദപ്രതിരോധമുള്ളതും, സുതാര്യമായ ഗ്ലാസുകള്‍ ഇല്ലാത്തതും, ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തതുമായിരിക്കണം.
ചോദ്യകര്‍ത്താക്കള്‍ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ള വ്യക്തിഗത സാധനങ്ങള്‍ മുറിക്ക് പുറത്തവെക്കണം. ലഘുഭക്ഷണങ്ങള്‍ക്കായി മുറിക്കുള്ളില്‍ തന്നെ ഒരു പാന്‍ട്രി ഏരിയ ഉണ്ടായിരിക്കും. ഈ സംഘം തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഉപയോഗിച്ച് ഒന്നിലധികം ചോദ്യപേപ്പറുകളാണ് നിര്‍മ്മിക്കുന്നത്. ചോദ്യങ്ങളുടെ ഉള്ളടക്കം, ചോദ്യങ്ങളുടെ തരം, ചോദ്യങ്ങളുടെ എണ്ണം അല്ലെങ്കില്‍ മൂല്യനിര്‍ണ്ണയ രീതി എന്നിവ മൂന്നാമതൊരു കക്ഷിയോ പ്രസ്സോ കണ്ടിട്ടില്ലെന്ന് ഭാഷാ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന് സമിതി ശുപാര്‍ശ ചെയ്യുന്നു.
ചോദ്യപേപ്പർ ചോർച്ചയിൽ നിലവിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ നേരത്തെ അറസ്റ്റിലായ അധ്യാപകരിലൂടെ കൂടുതൽ കണ്ണികളിലേക്കെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. കേസിൽ ഇതുവരെ 13 പേരാണ് അറസ്റ്റിലായിരിക്കുന്നത്.
English Summary: The Centre has assured that there will be no more compromises in the NEET re-examination process. To ensure the secure transportation and distribution of question papers and other exam materials, the government is deploying the Indian Air Force. The decision was taken at a high-level meeting held at Defence Minister Rajnath Singh’s residence. Education Minister Dharmendra Pradhan, Communications Minister Jyotiraditya Scindia, and senior Air Force officials also attended the meeting.