പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശത്തില്‍ വംശീയ അധിക്ഷേപ വിവാദം കനക്കുന്നു. യുഎഇയില്‍ തുടങ്ങി ഇറ്റലി വരെ നീളുന്ന യാത്രയില്‍ നോര്‍വെയില്‍ വച്ചാണ് വിവാദങ്ങളുടെ തുടക്കം. നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തക ഹെല്ലെ ല്യംഗിന്റെ ചോദ്യത്തില്‍ തുടങ്ങി മോദിയെ അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ വരെ നീളുന്നതാണ് വിവാദങ്ങള്‍.
കാര്‍ട്ടൂണില്‍ അധിക്ഷേപം
മകുടി ഊതുന്ന പാമ്പാട്ടിയായി മോദിയെ ചിത്രീകരിക്കുന്നതാണ് കാര്‍ട്ടൂണ്‍. പാമ്പിന്‍ കൂടയില്‍നിന്ന് പാമ്പിനു പകരം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പൈപ്പ് ഉയര്‍ന്നുവരുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി കാണുന്ന പാശ്ചാത്യ കൊളോണിയല്‍ മനോഭാവത്തിന്റെ തെളിവ് എന്നാണ് കാര്‍ട്ടൂണിന് എതിരായ വിമര്‍ശനം. ഇന്ത്യയോടും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവിനോടും അനാദരവ് കാണിക്കുന്നതാണ് കാര്‍ട്ടൂണ്‍ എന്നാണ് വിമര്‍ശനം. നോര്‍വേ സന്ദര്‍ശനത്തിനിടെ അവിടുത്തെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് മോദി ഒഴിഞ്ഞുമാറിയെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.
വാര്‍ത്താസമ്മേളത്തിലെ നാടകീയത
നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗാര്‍ സ്റ്റോറിനൊപ്പമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മറുപടി നല്‍കാതെ മടങ്ങിയ മോദിയോടായിരുന്നു ഹെല്ലെ ല്യംഗ് ഉയര്‍ത്തിയ ചോദ്യവും പിന്നീടുണ്ടായ പ്രതികരണങ്ങളും ചര്‍ച്ചയാകുന്നതിനിടെയാണ് കാര്‍ട്ടൂണ്‍ വിവാദം.
ലോകത്തിലെ ഏറ്റവും വലിയ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യത്തില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ മുഖ വിലയ്ക്ക് എടുക്കാത്തത് എന്താണെന്നായിരുന്നു മാധ്യമ പ്രവര്‍ത്തക ശബ്ദമുയര്‍ത്തി ചോദിച്ചത്. വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുന്‍പ് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ഉയര്‍ന്നതോടെ അദ്ദേഹം നോര്‍വീജിയന്‍ പ്രധാനമന്ത്രിക്കൊപ്പം അവിടെനിന്ന് നടന്നുനീങ്ങി. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കാനായി നോര്‍വീജിയന്‍ പ്രധാനമന്ത്രി തിരികെ എത്തിയെങ്കിലും നരേന്ദ്ര മോദി മടങ്ങിവന്നില്ല. ചോദ്യം ചോദിക്കുന്ന വീഡിയോ അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
വിഷയം ചര്‍ച്ചയായതോടെ, തിങ്കളാഴ്ച രാത്രി 9:30-ന് ഓസ്ലോയിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രത്യേക വാര്‍ത്താ സമ്മേളനത്തിലേക്ക് ഹെല്ലെ ലാംഗിനെ ക്ഷണിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോര്‍ജ് ആണ് മറുപടി നല്‍കിയത്. 'ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ എന്തിന് വിശ്വസിക്കണം? ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമോ? ഭാവിയിലെങ്കിലും ഇന്ത്യന്‍ മാധ്യമങ്ങളുടെ വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ നേരിടാന്‍ പ്രധാനമന്ത്രി തയ്യാറാകുമോ?' എന്നിവയായിരുന്നു ലാംഗിന്റെ ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി ഇന്ത്യ കൈകാര്യം ചെയ്ത രീതി, മരുന്നുകളും വാക്സിനുകളും കയറ്റുമതി ചെയ്തത്, യോഗയുടെ ഉത്ഭവം ഇന്ത്യയിലാണ് തുടങ്ങിയ കാര്യങ്ങളാണ് സിബി ജോര്‍ജ് നിരത്തിയത്. ലാംഗ് കൂടുതല്‍ വ്യക്തതയ്ക്കായി ചോദ്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് അനുവദിക്കുകയും ചെയ്തില്ല.
മറുപടിയില്ല! സൈബര്‍ ആക്രമണവും
സംഭവത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂലികളുടെ വലിയ സൈബറാക്രമണം ആണ് ഉണ്ടായത്. പിന്നാലെ ഇവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ പൂട്ടുന്ന നിലയും ഉണ്ടായി.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുകയാണ് ഉണ്ടായത്. സ്‌പെൻഷൻ അറിയിപ്പിന്റെ സ്ക്രീൻഷോട്ടിനൊപ്പം 'പത്രസ്വാതന്ത്ര്യത്തിനായി കൊടുക്കേണ്ട ചെറിയ വില മാത്രമാണിത്. പക്ഷേ, ഇതുപോലൊരു അനുഭവം മുമ്പ് ഉണ്ടായിട്ടില്ല' എന്നാണ് അവർ പ്രതികരിച്ചത്.
'വിദേശ ചാര', 'ചൈനീസ് പ്രതിനിധി' തുടങ്ങിയ പരാമർശങ്ങൾ ഹെല്ലെ ല്യംഗിനെതിരെ ഉയർന്നിരുന്നു. എന്നാൽ താനൊരു വിദേശ ചാരയല്ലെന്നും, ഏതെങ്കിലും സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്നതല്ലെന്നും, ജോലിയാണ് ചെയ്യുന്നതെന്നും അവർ വിശദീകരിച്ചു.
English Summary: Prime Minister Narendra Modi’s Norway visit sparked international controversy after Norwegian journalist Helle Lyng questioned why he avoided media questions during a joint briefing with Norway’s Prime Minister Jonas Gahr Store. The incident went viral, followed by claims that Lyng’s Instagram and Facebook accounts were suspended amid backlash. Adding to the row, Norwegian newspaper Aftenposten published a controversial cartoon depicting Modi as a “snake charmer”, triggering accusations of racism and colonial stereotyping.