ജൂലൈ 20ന് കോക്രോച് ജനതാ പാർട്ടി പാർലമെന്റിലേക്ക് നടത്തിയ മാർച്ചിന് നേരെ ആർഎഎഫ് ഉദ്യോഗസ്ഥർ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ പ്രയോഗിച്ചതായി കണ്ടെത്തൽ. മാർച്ചിനിടെ കൊണാട്ട് പ്ലേസ് മേഖലയിൽ വിന്യസിച്ചിരുന്ന സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ (ആർഎഎഫ്) ഉദ്യോഗസ്ഥൻ തന്റെ പെല്ലറ്റ് ഗണ്ണിൽ നിന്ന് ഏഴ് റൗണ്ട് വെടിയുതിർത്തുവെന്നാണ് കണ്ടെത്തിയത്. ഇതിൽ അഞ്ച് റൗണ്ടുകൾ പ്രതിഷേധക്കാർക്ക് നേരെയും രണ്ട് റൗണ്ട് നിലത്തേക്കുമാണ് വെടിയുതിർത്തതെന്ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
മാർച്ചിനിടെ സേനയുടെ പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റ് മൂന്ന് പേരാണ് ചികിത്സയിലുള്ളത്. ഗുരുഗ്രാം സ്വദേശി ഇർഷാദ്, ഡൽഹി സർവകലാശാല വിദ്യാർഥി സാഹിൽ ലോച്ചാബ്, ഒരു മാധ്യമ പ്രവർത്തകൻ എന്നിവർക്കാണ് പരിക്ക്. ആർഎഎഫ് ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ സിആർപിഎഫ് അന്വേഷണം ആരംഭിച്ചിരുന്നു.
ഡൽഹി കൊണാട്ട് പ്ലേസിൽ വിന്യസിച്ചിരുന്ന ഒരു ആർഎഎഫ് ഉദ്യോഗസ്ഥൻ ആകെ ഏഴ് പെല്ലറ്റ് റൗണ്ടുകൾ പ്രയോഗിച്ചതായി കണ്ടെത്തിയെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കല്ലെറിയാൻ തുടങ്ങുകയും ചെയ്തതിനെ തുടർന്നാണ് വെടിയുതിർത്തതെന്നും വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സംഭവുമായി ബന്ധപ്പെട്ട് സിആർപിഎഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് പ്രതികരണവുമായി രംഗത്തെത്തി. എല്ലാ പ്രധാന ഓപ്പറേഷനുകൾക്കും ശേഷം നടത്തുന്നതുപോലെ തങ്ങൾ ഒരു അന്വേഷണം ഇതുമായി ബന്ധപ്പെട്ട് നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിൽ, പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടി ആർഎഎഫിന്റെ പരിശീലന മാനദണ്ഡങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായിരുന്നില്ലെന്ന് ആർഎഎഫ് മേധാവി ദുൻധിയയും വ്യക്തമാക്കിയിട്ടുണ്ട്. നപടിയിൽ ഗുരുതര വീഴ്ചയുണ്ടായെന്നും അവർ കൂട്ടിച്ചേർത്തു.
ജൂലൈ 22ന് ഡൽഹിയിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജന്തർ മന്തറിലെ പ്രതിഷേധത്തിലും സൻസദ് ചലോ മാർച്ചിലും ആർഎഎഫ് ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചും വിലയിരുത്തലുണ്ടായിരുന്നു. ഭാവിയിൽ ക്രമസമാധാന ചുമതലകൾ നിർവഹിക്കുന്നതിനായുള്ള തിരുത്തൽ നടപടികളും യോഗത്തിൽ നിർദേശിച്ചതായാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിക്കുന്നത്.
ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ ബലപ്രയോഗം നടത്താവൂ എന്നും, ബലപ്രയോഗം ന്യായമായും സൂക്ഷ്മതയോടെയും ആയിരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബലപ്രയോഗത്തിന് മുമ്പ് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുകയും, സാഹചര്യത്തിനനുസരിച്ച് ലാത്തിച്ചാർജ്, കണ്ണീർവാതകം, മറ്റ് അംഗീകൃത ജനക്കൂട്ട നിയന്ത്രണ മാർഗങ്ങൾ എന്നിവ ഘട്ടംഘട്ടമായി ഉപയോഗിക്കുന്ന നടപടിക്രമങ്ങൾ പാലിക്കണമെന്ന് നിർദേശിച്ചതായും റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നു.
An investigation has found that a Rapid Action Force (RAF) personnel fired seven rounds from a pellet gun during the Croach Janata Party (CJP) Parliament march in Delhi on July 20, with five rounds hitting protesters and two fired at the ground after demonstrators allegedly attacked security personnel and pelted stones. The CRPF has launched an inquiry into the use of pellet guns during the protest, in which three people, including a Delhi University student, a Gurugram resident, and a journalist, were injured. The probe also concluded that the crowd-control measures adopted during the protest did not comply with RAF training standards and operational protocols, prompting officials to recommend corrective measures and reiterate that force should be used only when necessary and in accordance with established procedures.