മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചതിന് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി സുരക്ഷ മനപ്പൂർവം പിൻവലിച്ചതാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' മായി ബന്ധപ്പെട്ട സംഭാഷണത്തിനിടയിലാണ് കുടുംബത്തിന്റെ ഓർമകളെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമുള്ള സംഭാഷണത്തിന്റെ വിഡിയോ എക്സിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹം ഒരു തുറന്ന ജീപ്പിൽ സഞ്ചരിക്കുന്നതിനിടയിൽ വാഹനത്തിന് നേരെ കല്ലേറുണ്ടായത് സോണിയ ഗാന്ധി ഓർത്തെടുത്തു. ആ യാത്ര വളരെ ഭയപ്പെടുത്തിയതായും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.
ബിഹാറിലേക്കുള്ള യാത്രയിൽ രാജീവ് ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. ഈ യാത്രയ്ക്ക് പിന്നാലെയാണ് രാജീവ് ഗാന്ധിയുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകൾ വർധിച്ചതെന്നും സോണിയാ ഗാന്ധി ഓർത്തെടുത്തു. യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ, പിതാവിന്റെ സുരക്ഷയുടെ കാര്യത്തിൽ അടിയന്തരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ അധികം വൈകാതെ അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി തനിക്ക് വരേണ്ടിവരുമെന്ന് രാഹുൽ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു.
"പപ്പയുടെ സുരക്ഷ പിൻവലിച്ചത് അദ്ദേഹം കൊല്ലപ്പെടാനായിരുന്നു. അത് യാദൃച്ഛികമായി സംഭവിച്ചതല്ല, അദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മനപ്പൂർവം ചെയ്തതാണ്"- സോണിയ ഗാന്ധി പറഞ്ഞു. 500-ത്തിലധികം പേജുകളുള്ള അമ്മയുടെ പുസ്തകത്തിലും ചില കാര്യങ്ങൾ വിട്ടുപോയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
"ഈ കാര്യങ്ങളെല്ലാം അമ്മയ്ക്കൊപ്പം സംസാരിക്കാനാണ് ഞങ്ങളിവിടെ ഒത്തുകൂടിയത്. ആ പഴയ ഓർമകളിലേക്ക് മടങ്ങിയപ്പോൾ അന്നത്തെ സന്തോഷവും ചിരിയും അതോടൊപ്പം അന്ന് അനുഭവിച്ച വേദനകളും വീണ്ടും ഓർമകളിലേക്ക് കടന്നുവന്നു", രാഹുൽ പറഞ്ഞു. വലിയ സ്നേഹത്തിന്റെയും തീരാനഷ്ടങ്ങളുടെയും വഴികളിലൂടെയായിരുന്നു അമ്മയുടെ ജീവിതയാത്രയെന്നും എല്ലാം അവർ ധൈര്യത്തോടെയും അന്തസ്സോടെയും നേരിട്ടെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
1991 മേയ് 21-നാണ് ചെന്നൈയ്ക്കടുത്തുള്ള ശ്രീപെരുമ്പത്തൂരിൽ നടന്ന ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1989-ൽ വി പി സിങ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി പദം ഒഴിഞ്ഞ രാജീവ് ഗാന്ധിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ പിൻവലിച്ചിരുന്നു.
രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1991-ൽ എസ്പിജി നിയമത്തിൽ ഭേദഗതി വരുത്തി. മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പത്തുവർഷത്തേക്ക് സുരക്ഷ നൽകുന്നതായിരുന്നു നിയമത്തിലെ ഭേദഗതി. പിന്നീട് 2019-ൽ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷയും പിൻവലിച്ചു. ഗാന്ധി കുടുംബത്തിന് നേരിട്ട് ഭീഷണിയില്ലെന്നും ഇവർ പലപ്പോഴും സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുരക്ഷ പിൻവലിച്ചത്.
Rahul Gandhi has alleged that former Prime Minister Rajiv Gandhi’s security was deliberately withdrawn with an intention to get him killed. Recalling a frightening campaign tour in Bihar, Sonia Gandhi revealed Rahul’s concerns about his father’s safety. The family also discussed these memories in a conversation about Sonia Gandhi’s memoir, Belonging: A Journey of Love.