India

മോദിയും ഷായും ഭീരുക്കളെന്ന് രാഹുൽ; പിണറായിയെ വിട്ടയച്ചു, ദീപ്കെ എവിടെ?

രാവിലെ വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദീപ്കയെയും സൌരവ് ദാസ്, അശുതോഷ് റങ്കെ എന്നിവരെയും എവിടേക്കാണ് കൊണ്ടുപോയതെന്ന് വിവരമില്ല

Madism Desk

ഇന്ത്യൻ ജനാധിപത്യം ഡൽഹിയുടെ തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്ന കാഴ്ചയ്ക്കാണ് ഇന്ന് രാജ്യം സാക്ഷിയായത്. പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖ നേതാക്കളെയെല്ലാം അന്യായമായി കസ്റ്റഡിയിലെടുത്ത് 'നഗരം ചുറ്റിച്ച' വിചിത്ര നടപടിയും ഡൽഹി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായി. കേരളത്തിന്റെ ഇടപെടലിനെ തുടർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനെ വിട്ടയച്ചെങ്കിലും ഡൽഹി മുൻ മുഖ്യമന്ത്രി അരവിദ് കെജ്‌രിവാൾ, ബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ ഈ സമയം വരെയും കസ്റ്റഡിയിൽ തുടരുകയാണ്.

ഡൽഹി പൊലീസിന്റെയും അവരെ നിയന്ത്രിക്കുന്ന കേന്ദ്രത്തിന്ർറെ നടപടിയെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി ഇതിനിടെ രംഗത്തെത്തുകയുമുണ്ടായി. ഇന്ത്യയുടെ യുവജനങ്ങളിൽ അഭിമാനമെന്ന് പ്രതികരിച്ച രാഹുൽ ഗാന്ധി, ഭീരുക്കൾ എന്നാണ് മോദി അടക്കമുള്ള നേതാക്കളെ വിശേഷിപ്പിച്ചത്. രാജ്യം കഴിഞ്ഞ 15 വർഷം കൊണ്ട് അനുഭവിച്ചത് ഇനിയും തുടരാൻ അനുവദിക്കില്ലെന്നും രാജ്യത്തെ യുവജനതയ്ക്കൊപ്പം സധൈര്യം മുന്നോട്ട് പോകുമെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ചൂണ്ടിക്കാട്ടുകയുമുണ്ടായി.

കുറിപ്പിന്റെ പൂർണരൂപം:

നരേന്ദ്രമോദിയ്ക്കും ആർഎസ്എസിനുമെതിരെ എന്റെ പോരാട്ടം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. നിങ്ങൾക്ക് നിങ്ങളുടെ ശത്രുവിനെ എങ്ങനെ മനസ്സിലാകുമോ അങ്ങനെ മനസ്സിലാകും എനിക്കവരെ.. അവരുടെ ഉള്ളിലെന്താണ് എന്നൊക്കെ എനിക്കറിയാം.

അതുകൊണ്ടു തന്നെ പറയുകയാണ്. ഭീരുക്കളാണിവർ. പേടിയാണ് അവരെ നയിക്കുന്നത്. നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ... ഇവരൊക്കെയാണ് ഈ കഥയിലെ വില്ലൻമാർ. തങ്ങൾക്ക് ചുറ്റുമുള്ള വഴികൾ ഓരോന്നായി അടയുന്നത് ഇവർക്ക് മനസ്സിലാകുന്നുണ്ട്. ഞങ്ങൾ ആ വിടവ് അടച്ചുകൊണ്ടിരിക്കുകയാണ്.

മിസ്റ്റർ മോദി, നിങ്ങളെ കൊണ്ട് കഴിയുന്നതൊക്കെ ചെയ്യൂ.. പതിനായിരമോ, ഇരുപതിനായിരമോ, അമ്പതിനായിരമോ പൊലീസിനെ വിന്യസിക്കൂ.. എല്ലാവരെയും അറസ്റ്റ് ചെയ്യൂ.. നേതാക്കന്മാരെ, യുവാക്കളെ.. ഞങ്ങളെയെല്ലാം തടവിലാക്കിക്കോളൂ...

പക്ഷേ പിന്നോട്ടില്ലെന്ന് ഉറച്ചാണ് ഞങ്ങൾ ഇറങ്ങിയിരിക്കുന്നത്. നിങ്ങൾക്ക് ചുറ്റും നിലയുറപ്പിച്ചിരിക്കുകയാണ് ഞങ്ങൾ. എന്റെ വാക്കുകൾ കുറിച്ച് വെച്ചോളൂ- ഞങ്ങൾക്ക് വേണ്ട വിവരങ്ങളെല്ലാം ഞങ്ങൾക്ക് കിട്ടിക്കഴിഞ്ഞു.

ഭരണഘടനയെ പ്രതിരോധിക്കാൻ പോവുകയാണ് ഞങ്ങൾ. ഇന്ത്യൻ ജനതയുടെ ശബ്ദമാവാൻ പോവുകയാണ്. കഴിഞ്ഞ 10-15 വർഷമായി ഇന്ത്യ അനുഭവിക്കുന്നത് ഇനിയും തുടർന്ന് പോകാൻ ഞങ്ങൾ അനുവദിക്കില്ല.

ഇന്ത്യയുടെ യുവാക്കളിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. നിങ്ങൾ സധൈര്യം പ്രതിഷേധിക്കൂ.. ഞങ്ങൾ ഒപ്പം തന്നെയുണ്ട്. ഈ ഭരണകൂടവും ഭരണഘടനയെ ആക്രമിച്ചവും തോൽക്കുന്നത് വരെ ഈ പോരാട്ടം തുടരും.

അതേസമയം 8 മണിക്കൂറിലധികം നീണ്ട കസ്റ്റഡി നടപടികൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ പിണറായി വിജയനെയും മറ്റ് ഇടത് നേതാക്കളെയും ഡൽഹി പൊലീസ് വിട്ടയച്ചിട്ടുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളും നിയന്ത്രണങ്ങളുമാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സമരത്തിന്റെ ഭാഗമായി നൂറുകണക്കിന് പ്രവർത്തകരെ ഡൽഹിയിലും പരിസരങ്ങളിലുമായി പോലീസ് കസ്റ്റഡിയിലെടുത്തു.

പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ ജയിൽ സമാനമായ പ്രത്യേക വാഹനങ്ങളിലാണ് പൊലീസ് മാറ്റിയത്. മണിക്കൂറുകളോളം ഡൽഹി നഗരത്തിലൂടെ വട്ടംകറക്കിയ ശേഷം ഇവരെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലും പിന്നീട് ഛത്രസാൽ സ്റ്റേഡിയം, ബുരാരി മൈതാനം തുടങ്ങിയ തടങ്കൽ കേന്ദ്രങ്ങളിലേക്കും മാറ്റുകയായിരുന്നു.

പിണറായി വിജയൻ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, വൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് എം.പി, കെ.എൻ. ബാലഗോപാൽ, പി. രാജീവ് തുടങ്ങിയ പ്രമുഖ ഇടതുപക്ഷ നേതാക്കളെ ഡൽഹിയിലെ കേരള ഹൗസിന് പുറത്തുനിന്നാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർമന്തറിലേക്കുള്ള നീക്കത്തിനിടയിൽ പോലീസ് ഇവരെ തടയുകയും കരുതൽ തടങ്കലിലാക്കുകയുമായിരുന്നു.

ഡൽഹി പൊലീസ് നടത്തിയത് വിചിത്രമായ നടപടി എന്നാണ് പിണറായി വിജയൻ പ്രതികരിച്ചത്. ഇതുകൊണ്ടൊന്നും പ്രക്ഷോഭം തളരില്ലെന്നും കൂട്ടിച്ചേർത്തു.

വാക്കുകളിങ്ങനെ:

'ജനാധിപത്യ നിഷേധത്തിനെതിരെയുള്ള വികാരം രാജ്യത്ത് പൊതുവെ ശക്തിപ്പെട്ടുവരുന്നു എന്നാണ് കാണാൻ സാധിക്കുന്നത്. അതിൽ ഈ തരത്തിൽ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. തുടർന്നുള്ള നാളുകളിൽ പ്രക്ഷോഭം ശക്തമായി, കൂടുതൽ കരുത്തോടെ വളർന്നുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് നടപടികൊണ്ട് പ്രക്ഷോഭം തളർന്നുപോകില്ല. കൂടുതൽ കരുത്തോടെ മുന്നോട്ടുപോകും. അടിയന്തരാവസ്ഥക്കാലത്ത് ശാരീരികമായ മർദനമാണ് നേരിട്ടത്. എന്നാൽ ഇന്ന് തങ്ങളെ മാനസികമായി തളർത്താനാണ് ശ്രമിച്ചത്. അങ്ങനെ തളർന്നുപോകുന്നവരല്ല ഞങ്ങളാരും'

ഇതൊക്കെ സംഭവിക്കുമ്പോഴും അഭിജീത് ദീപ്കെ എവിടെയെന്ന ചോദ്യമാണ് ഉയരുന്നത്. രാവിലെ വിമാനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദീപ്കയെയും സൌരവ് ദാസ്, അശുതോഷ് റങ്കെ എന്നിവരെയും എവിടേക്കാണ് കൊണ്ടുപോയതെന്ന് വിവരമില്ല. മൂവരും എവിടാണ് എന്നതിൽ ബന്ധുക്കൾക്കും സ്ഥിരീകരണം ലഭിച്ചിട്ടില്ല.

മുത്തശ്ശിയുടെ മരണവാർത്ത ദീപ്കെയെ അറിയിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നതെങ്കിലും സംസ്കാരച്ചടങ്ങുകൾക്ക് പോകാൻ ദീപ്കെയ്ക്ക് അനുവാദമുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സമരം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ പൊലീസ് ദീപ്കെയ്ക്ക് മുന്നിൽ നിർദേശം വെച്ചിട്ടുണ്ടെന്നാണ് സൂചന.

Lok Sabha Leader of Opposition Rahul Gandhi said he is proud of India’s youth. In a post on X, he said he would not allow the country to continue experiencing what it has endured over the past 15 years and would move forward fearlessly alongside the nation’s young people.