India

പ്രായമായവരുടെ സംരക്ഷണം; ആവശ്യമെങ്കിൽ മക്കളെ സ്വത്തിൽ നിന്ന് ഒഴിവാക്കാം, സുപ്രിംകോടതിയുടെ നിർണായക ഉത്തരവ്

എൺപത്തിയൊന്നുകാരിയായ അമ്മയെ സംരക്ഷിക്കാൻ രവികാന്ത് ഗുപ്ത എന്നയാൾ സ്വന്തം മകനുമായി നടത്തിയ നിയമപോരാട്ടമാണ് ഉത്തരവിന് ആധാരം

Madism Desk

മുതിർന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കാൻ, ആവശ്യമെങ്കിൽ സ്വത്തിൽ നിന്ന് മക്കളെയോ ബന്ധുക്കളെയോ ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രിം കോടതി. ഉത്തർപ്രദേശിൽ നിന്നുള്ള 81 വയസുകാരനും മാതാവും സമർപ്പിച്ച ഹർജിയിലാണ് വിധി. സ്വകാര്യ സ്വത്തിൽ താമസിക്കുകയും എന്നാൽ അവരുടെ സംരക്ഷണം ഉറപ്പാക്കാതിരിക്കുകയും ചെയ്ത മകനെതിരെയാണ് ഇവർ ട്രൈബ്യൂണലിനെ സമീപിച്ചത്.

ഉത്തർപ്രദേശിലെ ലക്നൗ വികാസ് നഗറിൽ എൺപത്തിയൊന്നുകാരിയായ അമ്മയെ സംരക്ഷിക്കാൻ രവികാന്ത് ഗുപ്ത എന്നയാൾ സ്വന്തം മകനുമായി നടത്തിയ നിയമപോരാട്ടമാണ് ഉത്തരവിന് ആധാരം. രവികാന്തിന്റെ മകനും മരുമകളും രവികാന്തിന്റെ അമ്മയെ വൃദ്ധസദനത്തിലാക്കിയിരുന്നു. തുടർന്ന് താൻ സമ്പാദിച്ച വീട്ടിൽ തന്റെ അമ്മയെ താമസിപ്പിക്കുന്നില്ലെന്ന പരാതിയുമായി രവികാന്ത് സബ് ഡിവിഷനൽ മജിസ്ട്രേട്ടിനെ സമീപിച്ചു.

മകനും ഭാര്യയും വീട് ഒഴിയണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, അപ്പീൽ പരിഗണിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവു റദ്ദാക്കി. രവികാന്തിന്റെ പുനഃപരിശോധന ഹർജി കൊണ്ടും കാര്യമുണ്ടായില്ല. തുടർന്നാണു കേസ് സുപ്രീം കോടതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ട്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ട്രൈബ്യൂണലിനുള്ള അധികാരം ശരിവയ്ക്കുകയായിരുന്നു..

ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എല്ലാ വ്യക്തികൾക്കുമെന്നപോലെ മുതിർന്ന പൗരന്മാർക്കും ലഭിക്കണമെന്ന് കോടതി നിരീക്ഷിച്ചു. 2007-ലെ മാന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്‍റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് പ്രകാരമാണ് ഈ ട്രൈബ്യൂണലുകൾ രൂപീകരിച്ചിരിക്കുന്നത്. സിവിൽ കോടതികളുടെ അധികാരത്തോടെയുള്ള അന്വേഷണങ്ങൾ നടത്താൻ ഇവക്ക് അധികാരമുണ്ട്. ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ ട്രൈബ്യൂണലുകൾക്ക് തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.

മുതിർന്ന പൗരന്‍മാരെ അവരുടെ സ്വന്തം വീടുകളിൽ നിന്ന് ഇറക്കിവിടാനോ അവരെ അവഗണിക്കാനോ മക്കൾക്ക് അധികാരമില്ല. സിവിൽ കേസുകളിലെ ദീർഘകാല താമസം വയോജനങ്ങൾക്ക് പ്രായോഗികമല്ലാത്തതിനാലാണ് ട്രൈബ്യൂണൽ രൂപീകരിച്ചതും നടപടികൾ വേഗത്തിലാക്കിയതും.

മാതാപിതാക്കളുടെ സ്വത്ത് അനുഭവിക്കുകയും എന്നാൽ അവരെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന മക്കൾക്കും ബന്ധുക്കൾക്കും ശക്തമായ താക്കീതാണ് ഈ വിധി.പ്രായമായവരെ വെറും ആശ്രിതരായി കാണാതെ, അവരെ ബഹുമാനത്തോടെയും പരിചരണത്തോടെയും സംരക്ഷിക്കേണ്ടത് മക്കളുടെ നിയമപരവും ധാർമ്മികവുമായ ബാധ്യതയാണെന്ന് കോടതി എടുത്തുപറയുന്നു.

വയോജനസംരക്ഷണം ഇന്ത്യയിൽ

ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി നിയമപരവും സാമ്പത്തികവും സാമൂഹികവുമായ സംവിധാനങ്ങളുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2007-ലെ നിയമം (Maintenance and Welfare of Parents and Senior Citizens Act, 2007) ആണ്.

1. നിയമപരമായ അവകാശങ്ങളും സംരക്ഷണവും (2007-ലെ നിയമം)

സംരക്ഷണ തുക ലഭിക്കാനുള്ള അവകാശം:

സ്വന്തമായി ജീവിക്കാൻ മാർഗ്ഗമില്ലാത്ത മാതാപിതാക്കൾക്ക് മക്കളിൽ നിന്നോ (മക്കളില്ലെങ്കിൽ സ്വത്തിന്റെ അനന്തരാവകാശികളായ ബന്ധുക്കളിൽ നിന്നോ) മാസം തോറും സംരക്ഷണ തുക (Maintenance) ഈടാക്കാം.

സ്വത്ത് തിരികെ ലഭിക്കാനുള്ള അധികാരം:

മാതാപിതാക്കളെ ജീവിതാവസാനം വരെ സംരക്ഷിക്കാമെന്ന വ്യവസ്ഥയിൽ മക്കൾക്കോ ബന്ധുക്കൾക്കോ സ്വത്ത് എഴുതി നൽകുകയും, പിന്നീട് അവർ സംരക്ഷിക്കാതിരിക്കുകയും ചെയ്താൽ, ആ സ്വത്ത് കൈമാറ്റം ചെല്ലുബദ്ധമല്ല എന്ന് പ്രഖ്യാപിച്ച് സ്വത്ത് തിരികെ വാങ്ങാൻ ട്രൈബ്യൂണലിന് അധികാരമുണ്ട് (സെക്ഷൻ 23).

വീടൊഴിപ്പിക്കൽ അധികാരം (Eviction):

മാതാപിതാക്കളുടെ സ്വത്തിൽ താമസിച്ച് അവരെ അധിക്ഷേപിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന മക്കളെയോ ബന്ധുക്കളെയോ വീടൊഴിപ്പിക്കാൻ ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ട്.

വേഗത്തിലുള്ള നടപടികൾ (Senior Citizen Tribunals):

ഓരോ സബ് ഡിവിഷനിലും (RDO / Sub-Collector ഓഫീസുകളിൽ) ഇതിനായി പ്രത്യേക വയോജന ട്രൈബ്യൂണലുകൾ പ്രവർത്തിക്കുന്നു. സിവിൽ കോടതികളെപ്പോലെ ദീർഘകാല കാലതാമസമില്ലാതെ പരാതി നൽകി 90 ദിവസത്തിനകം തീർപ്പുണ്ടാക്കാൻ ട്രൈബ്യൂണലിന് സാധിക്കും.

വയോജനങ്ങളെ ഉപേക്ഷിക്കുന്നത് കുറ്റകരം:

മാതാപിതാക്കളെ ഉപേക്ഷിച്ചു കടന്നുകളയുന്നത് (Abandonment) 3 മാസം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

2. പരാതി നൽകേണ്ട രീതി

ട്രൈബ്യൂണലിനെ സമീപിക്കാം: ആർ.ഡി.ഒ (RDO) അധ്യക്ഷനായ ട്രൈബ്യൂണലിൽ മാതാപിതാക്കൾക്ക് നേരിട്ടോ, വയോജന സംഘടനകൾ വഴിയോ പരാതി നൽകാം. ഇതിനായി വക്കീലിന്റെ ആവശ്യമില്ല.

3. മറ്റ് പ്രധാന ആനുകൂല്യങ്ങളും പദ്ധതികളും

വയോമിത്രം പദ്ധതി (കേരള സർക്കാർ):

60 വയസ്സിന് മുകളിലുള്ളവർക്ക് കോർപ്പറേഷൻ/മുനിസിപ്പാലിറ്റി അതിർത്തികളിൽ സൌജന്യ വൈദ്യപരിശോധനയും മരുന്നുകളും എത്തിച്ചുനൽകുന്നു.

സായംപ്രഭ വീടുകൾ:

പകൽസമയങ്ങളിൽ വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും മാനസികോല്ലാസത്തിനുമായി തദ്ദേശ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന കേന്ദ്രങ്ങൾ.

ആരോഗ്യ ഇൻഷുറൻസ്:

ആയുഷ്മാൻ ഭാരത് (PM-JAY) പദ്ധതി വഴി 70 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും (വരുമാന പരിധിയില്ലാതെ) വാർഷിക സൗജന്യ ചികിത്സാ പരിരക്ഷ ലഭിക്കുന്നു.

The Supreme Court has ruled that tribunals for senior citizens have the authority to evict children or relatives from property, if necessary, to ensure the protection of elderly parents. The verdict came in a petition filed by an 81-year-old man and his mother from Uttar Pradesh. They had approached the tribunal against his son, who was living on their private property but failed to provide them with proper care.