India

ധർമേന്ദ്ര പ്രധാന് പകരം സോനം വാങ്‌ചുക്ക് വിദ്യാഭ്യാസ മന്ത്രിയാകണം: അരവിന്ദ് കെജ്‍രിവാള്‍

ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആശങ്കയിലായ വിദ്യാർഥികളുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ച് പരിഹരിക്കണമെന്നും പ്രതിഷേധവേദിയിൽ സംസാരിച്ച കെജ്‌രിവാൾ പറഞ്ഞു

Madism Desk

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയണമെന്നും അദ്ദേഹത്തിന് പകരം സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കണമെന്നും ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ദേശീയതലത്തിലുള്ള പരീക്ഷകളിലെ, പ്രത്യേകിച്ച് നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ക്രമക്കേട് ആരോപണങ്ങൾക്കെതിരെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന സോനം വാങ്‌ചുക്കിനെ സന്ദർശിച്ച ശേഷമാണ് കെജ്‌രിവാൾ ഇക്കാര്യം പറഞ്ഞത്.

"ധർമേന്ദ്ര പ്രധാനെ മാറ്റി സോനം വാങ്‌ചുക്കിനെ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കണം," എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കെജ്‍രിവാള്‍ പറഞ്ഞു. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആശങ്കയിലായ വിദ്യാർഥികളുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ച് പരിഹരിക്കണമെന്നും പ്രതിഷേധവേദിയിൽ സംസാരിച്ച കെജ്‌രിവാൾ, ആവർത്തിച്ച് ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ചകൾ കാരണം വിദ്യാർഥികളുടെ ഭാവി ഓരോ വർഷവും അപകടത്തിലാകുകയാണെന്നും അദ്ദേഹം പറഞ്ഞു

"ഓരോ വർഷവും പരീക്ഷാ ചോദ്യപേപ്പറുകൾ ചോരുന്നു. അതിന്റെ വില നൽകേണ്ടിവരുന്നത് യുവാക്കളാണ്. വിദ്യാർഥികളുടെയും സോനം വാങ്ചുക്കിന്റെയും ആവശ്യങ്ങൾ സർക്കാർ കേൾക്കണം. ഇന്ന് ഇവിടെ എത്തുമ്പോൾ 2011 ഏപ്രിൽ 4-ാം തീയതി ഓർമവന്നു. അന്ന് ജനങ്ങളുടെ ശബ്ദം കേൾക്കാതിരിക്കുകയും അഹങ്കാരം കാരണം ഉത്തരവാദിത്തം നഷ്ടപ്പെട്ടപ്പോളാണ് ആ സർക്കാരിന് അധികാരം നഷ്ടമായത്" അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു.

രാജ്യത്തെ വിദ്യാർഥികൾക്കുവേണ്ടി അനിശ്ചിതകാല നിരാഹാര സമരം നടത്താൻ സന്നദ്ധനായ സോനം വാങ്‌ചുക്കിനെ കെജ്‌രിവാൾ അഭിനന്ദിച്ചു. സുതാര്യവും നീതിപൂർവവുമായ പരീക്ഷാ സംവിധാനം ആവശ്യപ്പെട്ട് സമരം നടത്തുന്ന യുവാക്കളെയും അദ്ദേഹം പ്രശംസിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ 25 ദിവസത്തിലേറെയായി പ്രതിഷേധം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന്റെ ഭാഗമായാണ് ജൂൺ 28-ന് വാങ്‌ചുക്ക് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂലൈ 20-ന് "ചലോ സംസദ്" മാർച്ച് സംഘടിപ്പിക്കുമെന്നും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

നിരാഹാര സമരത്തിന്റെ 19-ാം ദിവസം വാങ്‌ചുക്കിന്റെ ശരീരഭാരം ഒൻപത് കിലോയിലധികം കുറഞ്ഞതായി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും അവർ വ്യക്തമാക്കി. തുടക്കത്തിൽ ഉയർന്ന നിലയിലായിരുന്ന കീറ്റോൺ അളവ് കുറഞ്ഞെങ്കിലും യൂറിക് ആസിഡ് ഉയർന്ന നിലയിൽ തുടരുന്നത് പേശികളുടെ ക്ഷയത്തിന് സൂചനയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ബുധനാഴ്ച രാത്രി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ നിരാഹാരം അവസാനിപ്പിക്കണമെന്ന ആവശ്യങ്ങൾ വാങ്‌ചുക്ക് തള്ളി. ഇതുവരെയുള്ള മെഡിക്കൽ പരിശോധനകളിൽ അടിയന്തര അപകടസൂചനകളില്ലെന്നും സമരം തുടരാനാകുമെന്നും അദ്ദേഹം പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തുന്നതിന് പകരം ജൂലൈ 20-ലെ "ചലോ സംസദ്" മാർച്ചിനായി ജനങ്ങളെ അണിനിരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അനുയായികളോട് അഭ്യർഥിച്ചു.

അതേസമയം, സുപ്രീം കോടതി ബാർ അസോസിയേഷൻ വ്യാഴാഴ്ച വാങ്‌ചുക്കിനോട് നിരാഹാരം അവസാനിപ്പിക്കണമെന്ന് ഔപചാരികമായി അഭ്യർഥിച്ചു. അദ്ദേഹത്തിന്റെ സമരം രാജ്യത്തിന്റെ മനഃസാക്ഷിയെ ഉണർത്തിയെന്ന് അസോസിയേഷൻ പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയെങ്കിലും, രാജ്യത്തിന് അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമാണെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി.

എസ്‌സിബിഎ പ്രസിഡന്റ് വികാസ് സിങ് ജന്തർ മന്തറിലെത്തി വാങ്‌ചുക്കിന് കത്ത് കൈമാറി. "തകർന്ന ഒരു സംവിധാനത്തിനുവേണ്ടി നിങ്ങൾ മരിക്കേണ്ടതില്ല. നിങ്ങൾ ജീവനോടെ തുടരുകയും പ്രവർത്തിക്കുകയും ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്യണം. അതാണ് ഇന്ത്യയ്ക്ക് ആവശ്യം,' കത്തിൽ പറയുന്നു. ഇതിനിടെ, വാങ്‌ചുക്കിന്റെ ആരോഗ്യനില ദിവസേന നിരീക്ഷിക്കാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും ഡൽഹി ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നൽകി. ഏത് പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്ന് എന്ന് കോടതി നിരീക്ഷിച്ചു.

AAP national convener and former Delhi Chief Minister Arvind Kejriwal has demanded the resignation of Union Education Minister Dharmendra Pradhan and called for social activist Sonam Wangchuk to be appointed as India's Education Minister. Kejriwal made the remarks after visiting Wangchuk, who has been protesting at Jantar Mantar over alleged irregularities in national-level examinations, particularly the NEET medical entrance exam.