India

'അര്‍ഹതയുള്ളവയുടെ അതിജീവനം'; തെരുവുനായ ആക്രമണവും പരിണാമസിദ്ധാന്തവും തമ്മിൽ ബന്ധമെന്ത്? വ്യക്തമാക്കി സുപ്രീം കോടതി

റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, മറ്റു പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് തെരുവുനായകളെ മാറ്റണമെന്ന 2025 നവംബര്‍ ഏഴിനു പുറപ്പെടുവിച്ച മുന്‍ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് സുപ്രീം കോടതി

Madism Desk

ചാൾസ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും തെരുവുനായ ശല്യവും തമ്മിൽ എന്ത് ബന്ധം? അതിന് ഉത്തരം നൽകുകയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള നിർണായക ഉത്തരവിലാണ് കോടതി പരിണാമ സിദ്ധാന്തം പരാമർശിച്ചിരിക്കുന്നത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വിമാനത്താവളങ്ങളിൽനിന്ന് ഉൾപ്പെടെ നായ്ക്കളെ നീക്കം ചെയ്യണമെന്നുമാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇതു സംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്ത് മൃഗസ്‌നേഹികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

തെരുവുനായ പ്രശ്‌നങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്കുണ്ടാക്കുന്ന ഭീഷണി കൈകാര്യം ചെയ്യുന്നതിനിടയില്‍, നിയമവും ക്രമസമാധാനവും നിലനിര്‍ത്തണമെന്നു നിര്‍ദേശിച്ചുകൊണ്ടാണ് 'അര്‍ഹതയുടെ അതിജീവനം' എന്ന ഡാര്‍വിന്‍ സിദ്ധാന്തത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ''കുട്ടികളും പ്രായമായവരും ശാരീരിക ശക്തിയുടെ മാത്രം അടിസ്ഥാനത്തില്‍ അതിജീവിക്കേണ്ട ഒരു സമൂഹത്തെ ഭരണഘടന വിഭാവനം ചെയ്യുന്നില്ല. നിയമവാഴ്ച കാര്യക്ഷമല്ലെങ്കില്‍, പൊതു ഇടങ്ങളിലെ പൗരജീവിതം 'അര്‍ഹതയുടെ അതിജീവനം' എന്ന ഡാര്‍വിനിയന്‍ അവസ്ഥയിലേക്കും പിന്നോട്ടു പോകും. ഇത്തരം സാഹചര്യം ഭരണഘടനാപരമായ ജനാധിപത്യവുമായി പൊരുത്തപ്പെടുന്നതല്ല,'' ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് തെരുവുനായ്ക്കളെ മാറ്റണമെന്ന 2025 നവംബര്‍ ഏഴിന് പുറപ്പെടുവിച്ച മുന്‍ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച കോടതി, നായപ്രേമികളും മൃഗക്ഷേമ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളുകയായിരുന്നു.

സുപ്രീം കോടതി വിധിയിലെ നിര്‍ണായക വിലയിരുത്തലുകള്‍

രാജ്യത്ത് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം സംഭവങ്ങള്‍ എണ്ണിപ്പറയാനും തയ്യാറായി.

രാജസ്ഥാനിലെ ശ്രീ ഗംഗാ നഗര്‍ നഗരത്തില്‍ മാത്രം ഒരു മാസത്തിനുള്ളില്‍ 1,084 നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഉദയ്പൂരില്‍ ഈ വര്‍ഷം 1700ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചുകുട്ടികള്‍ക്ക് ഗുരുതരമായ പരുക്കുകള്‍ സംഭവിച്ചു, അവരുടെ മുഖത്ത് പോലും ഗുരുതര പരുക്കുണ്ടായി.

ഈ വര്‍ഷം ആദ്യ നാല് മാസത്തിൽ തമിഴ്നാട്ടില്‍ മാത്രം രണ്ട് ലക്ഷം പേർക്കു കടിയേറ്റു. അന്താരാഷ്ട്ര യാത്രക്കാര്‍ പോലും നായ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഭരണകൂടത്തിനു നിശബ്ദരായി തുടരാനാകില്ല.

നായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഭയപ്പെടാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നതാണ് ഭരണഘടന അനുവദിക്കുന്ന മാന്യമായി ജീവിക്കാനുള്ള അവകാശം. കുട്ടികളും അന്താരാഷ്ട്ര യാത്രക്കാരും പ്രായമായവരും നായ്ക്കളുടെ കടിയേറ്റ സംഭവങ്ങള്‍ പോലുള്ള കഠിനമായ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ കോടതിക്ക് അവഗണിക്കാന്‍ കഴിയില്ല.

കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ അതിനെ ഗൗരവത്തോടെ കാണണം. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍, സംസ്ഥാനങ്ങള്‍ കോടതിയലക്ഷ്യം ഉള്‍പ്പെടെയുള്ള നേരിടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

English Summery: The Supreme Court of India made strong observations while hearing petitions related to the control of stray dogs, stating that there is nothing wrong in eliminating stray dogs that pose a serious threat to human life. The court stressed that public safety must remain the top priority and directed authorities to take effective steps to control the stray dog menace, including removing dogs from sensitive areas such as airports.

During the hearing, the bench also referred to Charles Darwin’s theory of evolution, remarking that survival and protection of human beings cannot be compromised. The court dismissed petitions filed by animal rights activists challenging earlier directions on stray dog control, thereby reinforcing its tough stance on the issue.