India

'തമിഴ് ഞങ്ങളുടെ വികാരം, അഭിമാനം'; ചടങ്ങുകളിൽ 'തമിഴ് തായ് വാഴ്ത്ത്' തന്നെ ആദ്യം, പ്രമേയം പാസാക്കി തമിഴ്‌നാട്

തമിഴ്‌നാട്ടിൽ, മറ്റേത് ഗാനത്തെക്കാളും 'തമിഴ് തായ് വാഴ്ത്തിന്' തന്നെയാണ് പ്രാധാന്യം എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിജയ് പ്രമേയം അവതരിപ്പിച്ചത്

Madism Desk

പൊതുപരിപാടികളിൽ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കുന്നതിനുള്ള പ്രമേയം ഐകകണ്ഠേന പാസാക്കിയിരിക്കുകയാണ് തമിഴ്‌നാട്. ഔദ്യോഗിക ചടങ്ങുകളിൽ ദേശീയ ഗാനത്തിന് തൊട്ടുമുമ്പ് ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാരിന്റെ ഈ നീക്കം.

തമിഴ്‌നാട്ടിൽ, മറ്റേത് ഗീതത്തേക്കാളും 'തമിഴ് തായ് വാഴ്ത്തിന്' തന്നെയാണ് പ്രാധാന്യം എന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രമേയം അവതരിപ്പിച്ചത്. തമിഴ്‌നാടിന്റെ ഭാഷാപരവും സാംസ്കാരികവുമായ അവകാശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും വിജയ് കൂട്ടിച്ചേർത്തു. പ്രമേയത്തെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി പിന്തുണച്ചു.

വൈകാരികമായ പ്രസംഗത്തോടെയാണ് വിജയ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്. തമിഴ് നമുക്ക് ഭാഷ മാത്രമല്ല, വികാരവും അഭിമാനവുമാണെന്ന് കൂട്ടിച്ചേർത്ത വിജയ്, തമിഴ്‌നാട്ടിൽ തമിഴ് തായ് വാഴ്ത്തിന് മുകളിലല്ല ഒരു ഗാനവുമെന്നും ചൂണ്ടിക്കാട്ടി.

വിജയ്‌യുടെ വാക്കുകളിങ്ങനെ:

നമുക്ക് മാതൃഭാഷ എന്നാൽ മാതൃത്വം പോലെ പരിശുദ്ധമാണ്. തമിഴ്‌നാടിന് തമിഴ് വെറുമൊരു ഭാഷ മാത്രമല്ല. അത് നമ്മുടെ വികാരവും അഭിമാനവുമൊക്കെയാകുന്നു. തമിഴ് എന്ന് കേൾക്കുമ്പോൾ തമിഴ്‌നാട് മുഴുവൻ ഒറ്റക്കെട്ടായി ഓടിയെത്തും. നമ്മുടെ ഭാഷയിലും സംസ്കാരത്തിലുമൊന്നും ഒരു വിട്ടുവീഴ്ചയും നടത്താൻ ഈ സർക്കാർ സമ്മതിക്കില്ല. തമിഴ്‌നാട്ടിൽ തമിഴ് തായ് വാഴ്ത്തിന് തന്നെയാണ് മുൻഗണന. അതിന് പ്രഥമസ്ഥാനം നൽകേണ്ടത് നമ്മുടെ അവകാശമാണ്.

ഔദ്യോഗിക പരിപാടികളിൽ ദേശീയ ഗാനത്തിന് മുമ്പ് ദേശീയ ഗീതമായ വന്ദേമാതരം ആലപിക്കണമെന്ന ജനുവരി 28ലെ നിർദേശം കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 9ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച കത്തിന് മറുപടിയായാണ് തമിഴ്‌നാടിന്റെ പുതിയ നീക്കം. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ നടത്തുന്ന പരിപാടികളുടെ തുടക്കത്തിൽ ഇനി മുതൽ 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമായും ആലപിക്കും.

ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിൽ തമിഴ് തായ് വാഴ്ത്ത് പാടണമെന്ന് വ്യവസ്ഥ ചെയ്ത്, 1970 നവംബർ 23നാണ് തമിഴ്നാട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. അന്ന് മുതൽ എല്ലാ പരിപാടിയിലും ഈ ഗാനം തന്നെ ആദ്യം ആലപിച്ചു വരികയും 2021 ഡിസംബറിന് സംസ്ഥാന സർക്കാർ തമിഴ് തായ് വാഴ്ത്ത് സംസ്ഥാന ഗാനമായി അംഗീകരിക്കുകയും ചെയ്തിരുന്നു. ആ വർഷം തന്നെ ഔദ്യോഗിക പരിപാടികളിലും സ്ഥാപനങ്ങളിലും ഈ ഗാനം ആദ്യം ആലപിക്കണമെന്ന് ഉത്തരവിട്ടു.

എന്നാൽ ഇക്കഴിഞ്ഞ മേയിൽ നടന്ന ഒരു പൊതുപരിപാടിയിൽ വന്ദേമാതരവും ദേശീയഗാനവും കഴിഞ്ഞ് മൂന്നാമതായി തമിഴ് തായ് വാഴ്ത്ത് ആലപിക്കപ്പെട്ടത് വലിയ വിവാദമായി. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത്.

Tamil Nadu has unanimously passed a resolution mandating that the Tamil Thai Vazhthu be sung first at public events. The move comes after the Union Home Ministry directed that Vande Mataram, the national song, be sung immediately before the national anthem at official functions. Presenting the resolution, Chief Minister C. Joseph Vijay said that Tamil Thai Vazhthu holds greater importance in Tamil Nadu than any other song. He also asserted that there would be no compromise on the state's linguistic and cultural rights. The resolution received unanimous support from opposition parties, including DMK and AIADMK.