മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറിന്റെ രാജി ആവശ്യവുമായി ഡൽഹിയിൽ ഇന്നും സിജെപി സമരം. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുക്കും. പത്ത് മണിക്ക് ജന്തർ മന്തറിലെത്താനാണ് സിജെപിയുടെ ആഹ്വാനം. നാളെ ഇൻഡ്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഐസ, എസ്എഫ്ഐ, എഐഎസ്എഫ് എന്നീ ഇടത് സംഘടനകളും ഇന്ന് നഗരത്തിൽ വിവിധ ഭാഗങ്ങളിലായി പ്രതിഷേധിക്കും.
പ്രതിഷേധത്തിനെത്തിയ 4000ത്തോളം പേരെയാണ് ഇന്നലെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ എല്ലാവരെയും തന്നെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കളായ അഭിജീത് ദീപ്കെ, ധ്രുവ് റാഠി, സൌരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ കുറിച്ച് ഒരു വിവരവുമില്ല. ഇവരെല്ലാം അജ്ഞാത കേന്ദ്രത്തിൽ തുടരുകയാണ്.
അജിങ്ക്യ ഷിൻഡെയുടെ നേതൃത്വത്തിലാണ് സിജെപി ഇന്ന് പ്രതിഷേധത്തിന് ഇറങ്ങുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ രാജിവെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. 'കസ്റ്റഡിയിലെടുത്താൽ ഞങ്ങൾ വീട്ടിലേക്ക് തിരികെ പോകുമെന്ന് സർക്കാർ കരുതിക്കാണും. പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഈ ഭയം വ്യക്തമാക്കുന്നത് നമ്മൾ ഈ സമരം വിജയിച്ചുവെന്നതാണ്', അജിങ്ക്യ ഷിൻഡെ പറഞ്ഞു. സിജെപി നേതാക്കളെ കുറിച്ച് വിവരം നൽകണമെന്നും ഇവരെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് അജിങ്ക്യ പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയിട്ടുണ്ട്.
സിജെപി ഇടത് യുവജന പ്രതിഷേധത്തിനിടെ കോടതി അലക്ഷ്യ നടപടികൾ ഉണ്ടായെന്ന ഹർജികൾ പരിഗണിക്കാൻ, ഞായറാഴ്ച അവധി ദിനമായ ഇന്ന് സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് നടത്തും. ദില്ലിയിൽ അനാവശ്യമായി മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയോ തീവണ്ടി സർവീസുകൾ റദ്ദാക്കുകയോ ചെയ്യരുതെന്ന നിർദേശം ലംഘിച്ചെന്നാണ് അഭിഭാഷകനായ ശൈലേന്ദ്രമണി ത്രിപാഠിയുടെ ഹർജി. സമരനേതാക്കളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതിനെതിരെ ടിഎംസിയുടെ രാജ്യസഭാ എംപി മേനകാ ഗുരുസ്വാമി നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.
നഗരത്തിൽ ഇന്നും കനത്ത സേനാ വിന്യാസവും ഗതാഗത നിയന്ത്രണങ്ങളും തുടരും. അടച്ചിട്ട മെട്രോ സ്റ്റേഷനുകൾ ഇന്നലെ രാത്രി പത്തുമണിയോടെ തുറന്നിരുന്നു. ഇൻറർനെറ്റ് നിയന്ത്രണവും നീക്കി. ഇന്ന് ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തുടർ പ്രതിഷേധങ്ങൾ ചർച്ചചെയ്യും.
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തെ പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ് ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തക സംഘടനകൾ ശക്തമായി അപലപിച്ചിട്ടുണ്ട്.
പ്രസ് ഐഡന്റിറ്റി കാർഡുകൾ പ്രദർശിപ്പിച്ചിട്ടും നിരവധി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ചില റിപ്പോർട്ടർമാരുടെ ഫോണുകളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച പ്രതിഷേധവുമായി എത്തിയ നൂറുകണക്കിന് സമരക്കാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടപടികൾ റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെയും ഛത്രസാൽ സ്റ്റേഡിയം, ചാണക്യപുരി പോലീസ് സ്റ്റേഷൻ തുടങ്ങിയ തടങ്കൽ കേന്ദ്രങ്ങളിലേക്ക് ബസുകളിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് സംഘടനകൾ അറിയിച്ചത്.
Protests by the CJP demanding the resignation of Chief Election Commissioner Gyanesh Kumar will continue in Delhi today. Organisations including the Youth Congress will also join the demonstrations. The CJP has called on supporters to gather at Jantar Mantar at 10 am. Rahul Gandhi has also announced that the INDIA bloc will hold a major rally tomorrow. Left-wing student organisations, including AISA, SFI and AISF, will stage protests at various locations across the city today.