മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം കനക്കുകയാണ് ഡൽഹിയിൽ. സമരത്തിനായി ഡൽഹി വിമാനത്താവളത്തിലെത്തിയ അഭിജീത് ദീപ്കെ ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുക്കാൻ വനിതാ പൊലീസുകാരെ നിയോഗിച്ചത് ഡൽഹി പൊലീസിന്റെ മികച്ച തന്ത്രമെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട്. പുരുഷന്‍മാരെ കസ്റ്റഡിയിലെടുക്കാൻ സാധാരണ വനിതാ പൊലീസുകാരെ നിയോഗിക്കാറില്ല എന്നിരിക്കെ, ഡൽഹി പൊലീസ് സമർഥമായി ഈ സാഹചര്യം കൈകാര്യം ചെയ്തുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
ഇന്ന് രാവിലെയാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് ദീപ്കെ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പതിവിന് വിപരീതമായി വനിതാ പൊലീസുകാരായിരുന്നു പൊലീസ് സംഘത്തിൽ. കൂടുതൽ സംഘർഷങ്ങൾക്ക് വഴിയൊരുക്കാതെ ദീപ്കെ, സൌരവ് ദാസ്, അശുതോഷ് റങ്കെ എന്നിവർ പൊലീസിനോട് സഹകരിച്ച് പുറത്തിറങ്ങി. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് വനിതാ പൊലീസുകാരുടെ സംഘം വിമാനത്തിലെത്തിയത്. ഈ ദൃശ്യങ്ങൾ ദീപ്കെ തന്നെ പുറത്തുവിട്ടിരുന്നു.
വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പൊലീസ് സംഘം വിമാനത്തിൽ കയറുന്നതും വിമാനത്തിനകത്തിരുന്ന ദീപ്കെ അടക്കമുള്ളവർ മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നേതാക്കളെ തടഞ്ഞ് പന്ത്രണ്ടോളം പൊലീസുകാരാണുണ്ടായിരുന്നത്. ഇവരിലൊരു പുരുഷ പൊലീസ് പോലും ഉണ്ടായിരുന്നില്ല. ഇത് ഡൽഹി പൊലീസ് മനപൂർവം ചെയ്തതാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട്. വിമാനത്തിനുള്ളിൽ ഇടുങ്ങിയ നടപ്പാതയാണുള്ളത്. അതുകൊണ്ടു തന്നെ എത്ര ചെറിയ പ്രതിഷേധമാണെങ്കിലും അത് വലിയ സംഘട്ടനത്തിന്റെ പ്രതീതി സൃഷ്ടിക്കും. ഇത് തടയാനാണ് വനിതാ പൊലീസുകാരെ ഡൽഹി പൊലീസ് ഉപയോഗിച്ചത്. പ്രതിഷേധിക്കാനെത്തിയവരെ വിമാനത്തിൽ വെച്ച് കസ്റ്റഡിയിലെടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന സംഘർഷം ഒഴിവാക്കാനുള്ള പ്രയോഗം. ജൂലൈ 20ലെ സംഘർഷങ്ങൾ ഇന്നലെയെന്ന പോലെ ഓർമിലുള്ളതിനാലാവണം, സ്ത്രീകളെ മുന്നിൽ നിർത്തി ഇത്തവണയും ഡൽഹി പൊലീസിന്റെ സേഫ് പ്ലേ.
കസ്റ്റഡിയിലെടുത്ത നേതാക്കൾ എവിടെയെന്ന് സംഘടനാ പ്രവർത്തകർക്കോ കുടുംബാംഗങ്ങൾക്കോ വിവരമില്ല. നേതാക്കൾ മൂന്ന് പേരും മൂന്നിടങ്ങളിലാണെന്നാണ് സൂചന. ഇവരെ അണികളിൽ നിന്ന് അകറ്റുക എന്ന തന്ത്രമാണ് പൊലീസ് പ്രയോഗിക്കുന്നത്.
ഇന്ന് രാവിലെ, പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നതിനായി യൂട്യൂബർ ധ്രുവ് രാഠിയെയും, സി.ജെ.പി ലീഗൽ സെൽ മേധാവി രത്ന സിങിനെയും വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 400ലധികം ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സി.ജെ.പിയുടെ (CJP) പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും, സമരവുമായി മുന്നോട്ട് പോകാൻ ദീപ്‍കെ തീരുമാനിക്കുകയായിരുന്നു. ഇതുകൊണ്ടു തന്നെ ഡൽഹി കൂടാതെ, അതിർത്തി നഗരങ്ങളിലും വൻ സുരക്ഷയാണ് വിന്യസിച്ചത്.
57 മെട്രോ സ്റ്റേഷനുകളിലെ പ്രവേശന, ഗേറ്റുകൾ അടച്ചു. കൂടാതെ, ന്യൂഡൽഹി, ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ടിയിരുന്ന 250-ലധികം ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.
ഗതാഗത തടസ്സമോ ട്രെയിനുകൾ നിർത്തലാക്കലോ പൂർണ്ണമായി പാടില്ലെന്ന് സുപ്രീം കോടതി വെള്ളിയാഴ്ച കർശന ഉത്തരവ് നൽകിയിട്ടും സംഭവിച്ചതാണിതൊക്കെ.
ഡൽഹിയിലുടനീളം 23,000-ത്തിലധികം സി.എ.പി.എഫ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇത് സി.ജെ.പിയുടെ ജൂലൈ മാസത്തെ സമരത്തിലും, 2020-21 ലെ കർഷകസമര സമയത്തും കണ്ടതിനേക്കാൾ വളരെ കൂടുതലാണ്. സമരം ആരംഭിക്കുന്നതിന് വളരെ മുമ്പ് തന്നെ പോലീസ് കരുതലോടെയുള്ള കസ്റ്റഡി നടപടികൾ (preventive detentions) സ്വീകരിച്ചതിനാൽ വലിയ തോതിലുള്ള അക്രമങ്ങളും സംഘർഷങ്ങളും ഇത്തവണ ഒഴിവാക്കാൻ കഴിഞ്ഞു.
Protests demanding the resignation of Chief Election Commissioner Gyanesh Kumar are intensifying in Delhi. According to an India Today report, deploying women police officers to detain Abhijeet Dipke and others who arrived at Delhi airport to participate in the protest was a clever move by the Delhi Police. The report noted that women officers are not usually assigned to detain men, but the Delhi Police handled the situation strategically.