ഈജിപ്ഷ്യൻ പിരമിഡുകളുടെയത്ര നിഗൂഢത പേറുന്ന ഒരു ലോകാത്ഭുതമുണ്ടോ എന്നതിൽ ഇന്നും സംശയമാണ്. പിരമിഡുകൾ എങ്ങനെ പണിതു എന്നത് തന്നെയാണ് അവയെ അങ്ങനെയാക്കുന്നതും.
ഇപ്പോൾ, ഈജിപ്തിലെ മിന്യ ഗവർണറേറ്റിൽ നൈൽ നദിയുടെ കിഴക്കൻ തീരത്തുള്ള ഒരു പുതിയ കണ്ടെത്തൽ, ആ പരീക്ഷണഘട്ടം എങ്ങനെയായിരുന്നുവെന്നതിന് അപൂർവമായ തെളിവുകൾ നൽകുകയാണ്. ഈജിപ്തിന്റെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്ക്വിറ്റീസിലെ പുരാവസ്തു ഗവേഷകർ, ജബൽ അൽ-തൈർ പ്രദേശത്ത് ഏകദേശം 5,000 വർഷം പഴക്കമുള്ള രണ്ട് ശവകുടീരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് പുറമെ, അതിലും പഴക്കമുള്ള പ്രീ-ഡൈനാസ്റ്റിക് കാലഘട്ടത്തിലെ ശവസംസ്‌കാര കേന്ദ്രങ്ങളും പിന്നീട് ലേറ്റ് പീരിയഡിൽ നിന്നുള്ള ശവകുടീരങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ കണ്ടെത്തലുകൾ ഒരുമിച്ച് പരിശോധിക്കുമ്പോൾ, നൈൽ നദിക്കരയിലെ ഈ പ്രദേശം ആയിരക്കണക്കിന് വർഷങ്ങളായി ഒരു പ്രധാന ശവസംസ്‌കാര കേന്ദ്രമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. കൂടാതെ, ഈ ശവകുടീരങ്ങൾ നിർമിച്ചവർ പിന്നീട് സ്റ്റെപ്പ് പിരമിഡിലേക്കും അതിനപ്പുറമുള്ള മഹത്തായ പിരമിഡ് നിർമാണങ്ങളിലേക്കും നയിച്ച എഞ്ചിനീയറിങ് ആശയങ്ങൾ വികസിപ്പിക്കുകയും ചെയ്തു.
ഈജിപ്തിലെ ഒന്നാം രാജവംശത്തിലെ ഏറ്റവും പ്രശസ്തരായ ഭരണാധികാരികളിൽ ഒരാളായ അബിദോസിലെ 'ഡെൻ' രാജാവിന്റെ ശവകുടീരവുമായി ഇവയുടെ രൂപകൽപ്പനയ്ക്ക് ശക്തമായ സാദൃശ്യമുണ്ടെന്നാണ് പ്രാരംഭ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈജിപ്ഷ്യൻ ഭരണകൂട രൂപീകരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ വിവിധ പ്രദേശങ്ങളിലെ ശില്പികൾ വാസ്തുവിദ്യാ ആശയങ്ങൾ പരസ്പരം പങ്കുവെച്ചിരുന്നു എന്നും ഈ സാദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഇതിൽ ആദ്യത്തെ ശവകുടീരം അതിന്റെ ചുവരുകളുടെ നിർമ്മാണ രീതി കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ഈ ചുവരുകൾക്ക് താഴെ ഭാഗത്ത് കട്ടിയും മുകളിലേക്ക് പോകുന്തോറും കട്ടി കുറഞ്ഞു വരുന്നു. ഘടനയുടെ സുരക്ഷിതത്വവും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ആദ്യകാല എഞ്ചിനീയറിംഗ് രീതിയാണിത് എന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം നിർമ്മിക്കപ്പെട്ട സ്റ്റെപ്പ് പിരമിഡുകളും യഥാർത്ഥ പിരമിഡുകളും ഉൾപ്പെടെയുള്ള വലിയ സ്മാരകങ്ങളിൽ പിന്നീട് സമാനമായ സാങ്കേതിക തത്വങ്ങൾ ഉപയോഗിച്ചിട്ടുള്ളതായി കാണാം.
പിൽക്കാലങ്ങളിൽ ഈ കല്ലുകൾ മാറ്റിയപ്പോൾ ഒന്നാമത്തെ ശവകുടീരത്തിന്റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, പ്രധാനപ്പെട്ട പല വിവരങ്ങളും അവശേഷിച്ചിട്ടുണ്ട്. കല്ലുകളുടെ ഉപരിതലത്തിൽ ഓക്സൈഡ് വരകളുടെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പുരാതനമായ കല്ല് വെട്ടൽ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട തെളിവാണ്.
കൂടാതെ, വലിയ തടികൊണ്ടുള്ള താങ്ങുകളും ഈ നിർമ്മിതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവയിൽ ചിലത് ചുവരുകളുടെ നീളത്തിലുടനീളം വ്യാപിച്ചു കിടക്കുന്നവയായിരുന്നു, മറ്റുള്ളവയാകട്ടെ ഘടനയ്ക്ക് കൂടുതൽ ബലം നൽകാനായി പ്രത്യേകം ഘടിപ്പിച്ചവയായിരുന്നു. 5,000ത്തിലധികം വർഷങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന നിർമ്മാണ രീതികളെക്കുറിച്ചുള്ള അപൂർവ്വമായ വിവരങ്ങളാണ് ഈ അവശിഷ്ടങ്ങൾ നൽകുന്നത്.
രണ്ടാമത്തെ ശവകുടീരം ആദ്യത്തേതിന് തെക്ക് വശത്തായാണ് സ്ഥിതി ചെയ്യുന്നത്, ഇത് ഏതാണ്ട് അതേ വാസ്തുവിദ്യാ മാതൃക തന്നെയാണ് പിന്തുടരുന്നത്. എന്നാൽ തൊട്ടടുത്തുള്ള നിർമ്മിതിയിൽ നിന്ന് വ്യത്യസ്തമായി, മോഷ്ടാക്കൾ ഈ കെട്ടിടത്തിന്റെ ഭൂരിഭാഗവും നശിപ്പിക്കാതെ ബാക്കിവെച്ചിരുന്നു. മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിരുന്നതിനാൽ, ഇതിന്റെ യഥാർത്ഥ സവിശേഷതകളെക്കുറിച്ച് കൂടുതൽ വിശദമായി പഠിക്കാൻ പുരാവസ്തു ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ സംഘം പ്രീഡൈനാസ്റ്റിക് (രാജവംശങ്ങൾക്ക് മുൻപുള്ള) കാലഘട്ടത്തിലെ ഒരു ശ്മശാനത്തിന്റെ ഭാഗവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ചുരുണ്ട് കിടക്കുന്ന രീതിയിലാണ് ഇവിടെ അടക്കം ചെയ്തിരുന്നത്. മാത്രമല്ല, ഇവ ചെടികൾ കൊണ്ടുണ്ടാക്കിയ പായകളിൽ പൊതിഞ്ഞിരുന്നുവെങ്കിലും അവയിൽ ഭൂരിഭാഗവും ജീർണ്ണിച്ചുപോയിരുന്നു. ചില ശവകുടീരങ്ങൾക്ക് സമീപം കണ്ടെത്തിയ കറുത്ത മുകൾഭാഗമുള്ള മൺപാത്രങ്ങൾഈജിപ്തിന്റെ ഏകീകരണത്തിന് മുൻപുള്ള 'നഖാദ II' 'നഖാദ III' കാലഘട്ടങ്ങളിലേതാണെന്ന് കണക്കാക്കപ്പെടുന്നു.
ഇവ കൂടാതെ, 'ലേറ്റ് പിരീഡ്' (വൈകിയ വന്ന കാലഘട്ടം) കാലത്തെ ചില ശവസംസ്കാര അവശിഷ്ടങ്ങളും ഇവിടെയുണ്ട്. വ്യക്തിഗതമായ ശവകുടീരങ്ങളും കൂട്ടമായി അടക്കം ചെയ്ത നിലയിലുള്ള ശവകുടീരങ്ങളും പുരാവസ്തു ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ചിലതിൽ തടികൊണ്ടുള്ള ശവപ്പെട്ടികളുടെ അവശിഷ്ടങ്ങളും ഉൾപ്പെടുന്നു. ആദ്യകാല രാജവംശങ്ങളുടെ ശവകുടീരങ്ങൾ നിർമ്മിക്കപ്പെട്ടതിന് ശേഷവും വളരെക്കാലം ഈ ശ്മശാനം ഉപയോഗത്തിലുണ്ടായിരുന്നു എന്നാണ് ഈ കണ്ടെത്തലുകൾ കാണിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ ഈ കണ്ടെത്തലുകൾ ഈജിപ്ഷ്യൻ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലായി ഉപയോഗിച്ചിരുന്ന ഒരു ശ്മശാന ഭൂമിയുടെ ചിത്രമാണ് നമുക്ക് മുന്നിൽ എത്തിക്കുന്നത്. പല സഹസ്രാബ്ദങ്ങളിലായി മാറിവന്ന ശവസംസ്കാര ചടങ്ങുകൾ, വാസ്തുവിദ്യാ ആശയങ്ങൾ, നിർമ്മാണ സാങ്കേതികവിദ്യകൾ എന്നിവയുടെ തെളിവുകൾ ഈ പ്രദേശം കാത്തുസൂക്ഷിക്കുന്നു.
കൂടുതൽ തെളിവുകൾക്കായി 'ജബൽ അൽ-തൈർ' എന്ന സ്ഥലത്തെ ഖനനം ഇപ്പോഴും തുടരുകയാണ്. പുരാതന ഈജിപ്തിലെ ആദ്യകാല ശില്പികളെക്കുറിച്ച് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ബാക്കിവെക്കുന്ന ഈ സ്ഥലത്തുനിന്ന്, ഇനിയും കൂടുതൽ കണ്ടെത്തലുകൾ ഉണ്ടാകുമെന്നാണ് പുരാവസ്തു ഗവേഷകർ പ്രതീക്ഷിക്കുന്നത്.
Summary: Few wonders of the world carry as much mystery as the Egyptian pyramids. Much of that fascination comes from the enduring question of how they were built.
Now, a new discovery on the eastern bank of the Nile in Egypt's Minya Governorate is offering rare clues about the experimental phase that may have led to their construction. Archaeologists from Egypt's Supreme Council of Antiquities have uncovered two tombs dating back around 5,000 years at the Jabal al-Tayr site. In addition, they have found even older Predynastic burial sites as well as tombs from the later Late Period.