കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിക്ക് വിടചൊല്ലാൻ ഇറാൻ. ഭൗതികശരീരം ഇന്ന് ജന്‍മദേശമായ മഷാദിലെ ഇമാം റെസാ മസ്ജിദിൽ ഖബറടക്കും. ഇതോടെ ദിവസങ്ങൾ നീണ്ടുനിന്ന ഔദ്യോഗിക വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ഇന്ന് സമാപനമാകും.
സംസ്കാര ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക് അടുക്കവേ ഇന്നലെ ഇറാനിൽ വീണ്ടും യു.എസ് ആക്രമണമുണ്ടായിരുന്നു. ഹോർമൂസിൽ വാണിജ്യക്കപ്പലുകൾ ആക്രമിച്ചതിന് മറുപടിയായാണ് ആക്രമണമെന്നാണ് യു.എസ് വാദിക്കുന്നത്. ആക്രമണങ്ങൾക്കിടയിലും വിപുലമായ സംസ്കാര ചടങ്ങുകളൊരുക്കുകയാണ് രാജ്യം.
സംസ്കാരം പ്രമാണിച്ച് കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യോമാതിർത്തികളും പ്രധാന റോഡുകളും താല്ക്കാലികമായി അടച്ചു. 15 ദശലക്ഷം പേരെ സംസ്കാരച്ചടങ്ങുകളിൽ പ്രതീക്ഷിക്കുന്നുണ്ട്.
ഇറാൻ സമയം ഇന്ന് പുലർച്ചെ ആറ് മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്. പക്ഷേ ഇറാഖിൽ വിലാപയാത്ര വൈകിയതിനാൽ രണ്ട് മണിയിലേക്ക് മാറ്റി.
ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ മതപരവും രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ അടിത്തറകളെ പ്രതിഫലിപ്പിക്കുന്ന നിരവധി സ്ഥലങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഖമേനിയുടെ വിലാപയാത്ര. യാത്രയിലുടനീളം വൻ ജനാവലിയുടെ സാന്നിധ്യവുമുണ്ടായിരുന്നു.
മഷാദിൽ സംസ്കരിക്കപ്പെടണമെന്നത് ഖമേനിയുടെ തന്നെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് മുഹമ്മദി-ഗോൽപെയ്ഗാനി നേരത്തെ സംസ്ഥാന ടെലിവിഷനിലൂടെ വ്യക്തമാക്കിയിരുന്നു. മുൻ ഇറാൻ രാജാക്കന്മാരും മുൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും ഉൾപ്പെടെ പ്രശസ്തരായ നിരവധി വ്യക്തികൾ നൂറ്റാണ്ടുകളായി ഇവിടെയാണ് അടക്കം ചെയ്യപ്പെട്ടിട്ടുള്ളത്.
ടെഹ്റാനിലെ ഗ്രാൻഡ് മൊസെല്ലയിലായിരുന്നു സംസ്കാര ചടങ്ങുകൾക്ക് തുടക്കം. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ മാത്രം അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ടെഹ്റാനിലെ ചടങ്ങുകൾക്ക് പിന്നാലെ ഖമനേയിയുടെ ഭൌതികശരീരം ഹെലികോപ്റ്റർ മാർഗം ക്വോമിലും തുടർന്ന് ഇറാഖിലെ ഷിയാ തീർത്ഥാടന കേന്ദ്രങ്ങളായ നജാഫ് എന്നിവിടങ്ങളിലും എത്തിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു.
ഫെബ്രുവരിയിൽ മരണം, ജൂലൈയിൽ സംസ്കാരം
2026 ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് 86-കാരനായ അലി ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. തുടർന്ന് മാസങ്ങൾ നീണ്ടുനിന്ന യുദ്ധസാഹചര്യങ്ങൾക്കും താല്ക്കാലിക വെടിനിർത്തൽ ചർച്ചകൾക്കും ശേഷമാണ് ഇപ്പോൾ സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
അലി ഖമേനിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകനായ ആയത്തുള്ള മുജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്രായേലിൽ നിന്നുള്ള സുരക്ഷാ ഭീഷണികളും വ്യോമാക്രമണത്തിൽ പരിക്കേറ്റതായുമുള്ള റിപ്പോർട്ടുകൾ നിലനിൽക്കുന്നതിനാൽ, മുജ്തബ ഖമേനി ഇതുവരെ പൊതുവേദികളിലോ ഈ സംസ്കാര ചടങ്ങുകളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല.
Iran is preparing to bid farewell to its slain Supreme Leader, Ayatollah Ali Khamenei. His mortal remains will be buried today at the Imam Reza Mosque in his hometown of Mashhad, bringing days of official mourning and funeral ceremonies to a close. As the final rites approach, Iran witnessed another US strike yesterday. The US claims the attack was carried out in retaliation for attacks on commercial vessels in the Strait of Hormuz.