ശതകോടീശ്വരന്മാര്, രാഷ്ട്രീയനേതാക്കള്‍, രാജകുടുംബാംഗങ്ങള്‍ എന്നിവരുടെ സംശയാസ്പദമായ പണമിടപാടുകളിലേക്ക് വിരല്‍ ചൂണ്ടി ഡൊയ്ചെ ബാങ്കിന്റെ ആഭ്യന്തര രേഖകള്‍. ആഗോള സാമ്പത്തിക മേഖലയിലെ പ്രമുഖ സ്ഥാപനവും ജര്‍മ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നുമായ മായ ഡൊയ്ചെ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ ബാങ്കിന്റെ ഇടപാടുകളെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഗുരുതര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. കള്ളപ്പണം വെളുപ്പിക്കല്‍, ഉപരോധങ്ങള്‍ മറികടന്നുള്ള സാമ്പത്തിക ഇടപാടുകള്‍, രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികളുമായുള്ള ബന്ധം, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവം തുടങ്ങി നിരവധി വിഷയങ്ങളിലേക്കാണ് രേഖകള്‍ വിരല്‍ചൂണ്ടുന്നത്.
പ്രമുഖ ഇന്ത്യന്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ ജോസി ജോസഫ്, ദക്ഷിണാഫ്രിക്കന്‍ മാധ്യമപ്രവര്‍ത്തകയായ ഖദീജ ഷെരീഫ് എന്നിവരുള്‍പ്പെടുന്ന 50 രാജ്യങ്ങളിലെ അമ്പതിലധികം മാധ്യമസ്ഥാപനങ്ങളില്‍നിന്നുള്ള ഇരുന്നൂറിലേറെ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെട്ട സംഘമാണ് വിവരങ്ങള്‍ വിശകലനം ചെയ്തത്.
ഇതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക വിവരങ്ങളും ബാങ്കിന്റെ ആഭ്യന്തര രേഖകളില്‍ ഇടംപിടിച്ചിട്ടുണ്ട്. മറ്റ് ബാങ്കുകള്‍ അകറ്റിനിര്‍ത്തിയ സമയത്താണ് ഡോണള്‍ഡ് ട്രംപും ഡൊയ്ചെ ബാങ്കിന്റെ സേവനങ്ങള്‍ ഉപയോഗിച്ചത്. ഇതിനിടെ, 2017ല്‍ 1,586 ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങളടങ്ങിയ ലിങ്ക് പുറത്തുള്ള വ്യക്തിക്ക് അബദ്ധത്തില്‍ കൈമാറിയ സംഭവത്തില്‍ ട്രംപിന്റെ മൂന്ന് അക്കൗണ്ടുകളും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇതുസംബന്ധിച്ച് അദ്ദേഹത്തെ അറിയിക്കേണ്ടതില്ലെന്ന് ബാങ്ക് അധികൃതര്‍ തീരുമാനിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.
ജെഫ്രി എപ്സ്റ്റീനെ 2013ല്‍ ഉപഭോക്താവായി സ്വീകരിച്ചത് തെറ്റായിരുന്നുവെന്ന് ഡൊയ്ചെ ബാങ്ക് തന്നെ സമ്മതിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്കുശേഷം, 2013-ലാണ് ഡൊയ്ചെ ബാങ്ക് എപ്സ്റ്റൈനെ ഉപഭോക്താവായി സ്വീകരിച്ചത്.
ഡോയിചെ ബാങ്കിന്റെ പുറത്തുവന്ന രേഖകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രധാനമായും പരാമര്‍ശിക്കപ്പെടുന്നത് ദക്ഷിണാഫ്രിക്കയിലെ വന്‍ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ട ഗുപ്ത സഹോദരന്മാരുടെ സാമ്പത്തിക ഇടപാടുകളാണ്. ഇന്ത്യയില്‍ വേരുകളുള്ള വ്യവസായികളായ അജയ് ഗുപ്ത, അതുല്‍ ഗുപ്ത, രാജേഷ് ഗുപ്ത എന്നിവരുമായി ബന്ധമുള്ള കമ്പനികള്‍ക്ക് ഡോയിചെ ബാങ്കിന്റെ സിംഗപ്പൂര്‍ ശാഖയിലൂടെ നൂറുകണക്കിന് ദശലക്ഷം ഡോളറിന്റെ ഇടപാടുകള്‍ നടന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ അഴിമതി ആരോപണങ്ങള്‍ നേരിട്ട ഗുപ്ത സഹോദരന്മാരുമായി ബന്ധമുള്ള കമ്പനികള്‍ക്ക് 675 ദശലക്ഷം ഡോളറോളം കൈമാറിയ ഇടപാടുകളും രേഖകളില്‍ പരാമര്‍ശിക്കുന്നു.
ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെ സ്വാധീനിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഗുപ്ത സഹോദരന്മാര് നേരിട്ടിരുന്നത്. ഈ വിവാദം ദക്ഷിണാഫ്രിക്കയില്‍ വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഗുപ്ത സഹോദരന്മാരുടെ മുന്‍ നിലപാട്. അതേസമയം, സാങ്ബോയുടെ ഇടപാടുകളെക്കുറിച്ച് ബാങ്ക് വിശദമായ പരിശോധന ആരംഭിച്ചത് 2019 ഡിസംബറില്‍ പുറത്തുനിന്നുള്ള ഒരു വിവരദാതാവിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷമാണ്. 2021ലാണ് സാങ്ബോയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ബാങ്ക് ആരംഭിച്ചതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.
റഷ്യന്‍ വ്യവസായികളുമായും രാഷ്ട്രീയ സ്വാധീനമുള്ളവരുമായും ബാങ്ക് പുലര്‍ത്തിയ ബന്ധങ്ങളും രേഖകളിലുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധമുള്ള ഒലെഗ് ഡെറിപാസ്ക, വിക്ടര്‍ വെക്സല്ബര്ഗ് തുടങ്ങിയ റഷ്യന്‍ കോടീശ്വരന്മാരുമായി ബാങ്കിന് ദീര്‍ഘകാല ബന്ധമുണ്ടെന്നാണ് പരാമര്‍ശം. ഡെറിപാകിന് എതിരെ ബാങ്കിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ടുകള്‍തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ്, അധോലോകബന്ധങ്ങള്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിട്ട വ്യക്തിയാണ് ഡെറിപാസ്ക് എന്നായിരുന്നു പരാമര്‍ശം. വലിയ ലാഭം ലക്ഷ്യമിട്ട് ബാങ്ക് ഈ മുന്നറിയിപ്പുകള്‍ അവഗണിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. റോമന്‍ അബ്രമോവിച്ച്, തിമൂര്‍ കുലിബയേവ് തുടങ്ങിയ പ്രമുഖരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഉപരോധങ്ങള്‍ ഭയന്ന് ബാങ്ക് തങ്ങളുടെ റഷ്യന്‍ കോടീശ്വരന്മാരായ ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ രഹസ്യമായി ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങി കര്‍ശനമായ ബാങ്ക് രഹസ്യനിയമങ്ങളുള്ള രാജ്യങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
2019ല്‍ ബാങ്കിന്റെ ജീവനക്കാര്‍ കണ്ടെത്തിയ ഒരു വന്‍ കള്ളപ്പണ ശൃംഖലയെ കുറിച്ചും രേഖകള്‍ പരാമര്‍ശിക്കുന്നുണ്ട്. സൈപ്രസ്, ബ്രിട്ടന്, ഹോങ്കോങ്, യുക്രെയ്ന് തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികള്‍ വഴി ദശലക്ഷക്കണക്കിന് യൂറോയുടെ ഇടപാടുകള്‍ നടന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. നൂറുകണക്കിന് ഇടപാടുകളാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. ബാങ്കിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ ഇടപാടുകളിലെ ചില അസ്വാഭാവികതകള്‍ കണ്ടെത്തിയെങ്കിലും അവ തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇടപാടുകള്‍ നടന്ന് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ജീവനക്കാരന് ഈ ശൃംഖലയുടെ വ്യാപ്തി തിരിച്ചറിഞ്ഞത്.
Leaked Deutsche Bank records reveal suspicious financial transactions involving global figures, including Donald Trump, Jeffrey Epstein, Russian billionaires and the Gupta brothers, raising serious questions about money laundering, banking practices and financial misconduct.