ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ വംശജനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടമാക്കി താഴേക്ക് ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്ത കോ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തീവ്രവാദ ചിന്താഗതിയുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് ഇയാൾക്ക് ഒമാൻ നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നതായാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ വിലക്ക് നിലനിൽക്കെയാണ് പിന്നീട് ഫ്ലൈദുബായ് ഇയാളെ ജോലിയിൽ നിയമിച്ചതെന്നും റിപ്പോർട്ടുണ്ട്. ഒമാൻ സ്വദേശിയായ ഹമാം അൽ ഹമാമിയാണ് പ്രതിയെന്നാണ് അന്വേഷണ കേന്ദ്രങ്ങൾ വാൾ സ്ട്രീറ്റ് ജേണലിനോട് വ്യക്തമാക്കിയിരിക്കുന്നത്. യുഎഇയിൽ ജനിച്ച ഇയാളുടെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയൻ സ്വദേശിയുമാണ്. യുഎഇയിൽ വർഷങ്ങളോളം താമസിച്ച ഹമാം അൽ ഹമാമി യുകെയിലെ ബക്കിംഗ്ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ നിന്ന് ഏവിയേഷൻ മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുണ്ട്.
ഏകദേശം ഏഴ് വർഷത്തോളം ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന ഇയാളെ ഇസ്ലാമിക തീവ്രവാദ ആശയങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളെ തുടർന്ന് പൈലറ്റ് പരിശീലനത്തിൽ നിന്ന് മാറ്റി മറ്റ് ചുമതലകളിലേക്ക് നിയോഗിച്ചിരുന്നതായാണ് വിവരം. 2025 ഫെബ്രുവരിയിൽ ഒമാൻ എയറിൽ നിന്ന് പുറത്തുപോയ ഇയാൾ പിന്നീട് റോയൽ എയർ മറോക്കിൽ കുറച്ചുകാലം ജോലി ചെയ്തു. തുടർന്ന് എട്ട് മാസം മുമ്പാണ് ഫ്ലൈ ദുബായിൽ ചേർന്നത്.
ആക്രമണം നടന്നതിന് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം ഇയാളുടെ ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിന്നീട് ഈ അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ട്.
ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന ദൃശ്യങ്ങളായിരുന്നു ഒരു പോസ്റ്റിലുണ്ടായിരുന്നത്. ഇസ്രായേൽ വിമാനക്കമ്പനികളായ എൽ അൽ, അർകിയ എന്നിവയുടെ വിമാനങ്ങളും ദൃശ്യങ്ങളിൽ കാണാമായിരുന്നു. അൽ ഖ്വയ്ദയുടെ മുൻ മേധാവി അയ്മൻ അൽ സവാഹിരിയുടെയും 2009ൽ സിഐഎ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവിയയുടെയും ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിച്ചതെന്നും റിപ്പോർട്ടുണ്ട്.
മറ്റൊരു പോസ്റ്റിൽ മക്ക, മദീന, ജറുസലേം എന്നീ വിശുദ്ധ നഗരങ്ങളെ ബന്ധിപ്പിക്കുന്നതായി തോന്നിക്കുന്ന എഐ സൃഷ്ടിച്ച ചിത്രം ഉൾപ്പെടുത്തിയിരുന്നു. മരണത്തെ ഭയപ്പെടുന്നില്ലെന്ന ആശയം പ്രകടിപ്പിക്കുന്ന വരികളുള്ള കവിതയും ഇതോടൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാളുടെ പഴയ എക്സ് അക്കൗണ്ട് പരിശോധിച്ചതിലും തീവ്ര മതചിന്താഗതിയും സ്ത്രീവിരുദ്ധ നിലപാടുകളും പ്രകടമാക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തിയതായി അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ പൗരന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ കോ-പൈലറ്റായി ജോലി ചെയ്യാൻ എങ്ങനെ അനുമതി ലഭിച്ചുവെന്നതും അന്വേഷണത്തിലെ പ്രധാന ചോദ്യമാണ്. വിമാനം യുഎഇയിൽ രജിസ്റ്റർ ചെയ്തതായതിനാൽ സംഭവത്തിന് ഭീകരവാദ ബന്ധമുണ്ടോയെന്നും ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നോയെന്നും പരിശോധിക്കാൻ യുഎഇ അറ്റോർണി ജനറൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിയെ സൗദി അറേബ്യയിൽ ചോദ്യം ചെയ്തുവരുന്നതായാണ് റിപ്പോർട്ട്. ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. യുഎഇ-ഇസ്രയേൽ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന വ്യോമപാതയിൽ ഇയാൾക്ക് പറക്കാൻ അനുമതി ലഭിച്ചതിന്റെ സാഹചര്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഹമാമിയുടെ തീവ്രനിലപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഒമാൻ മറ്റ് രാജ്യങ്ങളുമായോ വിമാനക്കമ്പനികളുമായോ പങ്കുവച്ചിരുന്നോ എന്നതിലും വ്യക്തതയില്ല. അതിനിടെ, ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക തീവ്രവാദ ആശയങ്ങളാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആരോപിച്ചു. വിമാനത്തിലെ യാത്രക്കാരെ മുഴുവൻ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ കോ-പൈലറ്റ് ഒറ്റയ്ക്കായിരുന്നോ, അതോ മറ്റേതെങ്കിലും വ്യക്തികളുടെയോ സംഘത്തിന്റെയോ സഹായം ലഭിച്ചിരുന്നോ എന്നതും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചകളും ഇയാൾക്ക് പൈലറ്റ് ചുമതല ലഭിച്ച സാഹചര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.An attempted attack by a co-pilot on a Flydubai flight is suspected to be linked to extremist ideology. Investigators are also examining the hiring of the co-pilot by Flydubai despite an earlier ban imposed on him in Oman, as well as the circumstances that allowed him to operate on the UAE-Israel air route.
An attempted attack by a co-pilot on a Flydubai flight is suspected to be linked to extremist ideology. Investigators are also examining the hiring of the co-pilot by Flydubai despite an earlier ban imposed on him in Oman, as well as the circumstances that allowed him to operate on the UAE-Israel air route.