International

ഗാസ വൃത്തിയാക്കാൻ കൈക്കരുത്തും മനക്കട്ടിയും കുറച്ച് കൂടുതൽ വേണം; 61 മില്യൺ ടൺ കെട്ടിടാവശിഷ്ടം, 10,000 മൃതദേഹങ്ങളും!

ഒരു സ്പൂണുപയോഗിച്ച് കടലിലെ വെള്ളം വറ്റിക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഗസ്സ വൃത്തിയാക്കലെന്ന് സന്നദ്ധപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു

Madism Desk

ലോകത്തിലെ ഏറ്റവും ദുരിതം പിടിച്ച ജോലി എന്താണ്? നിലവിലെ സാഹചര്യം വെച്ച് നോക്കിയാൽ അത് ഗാസ വൃത്തിയാക്കുന്ന ജോലിയാവും. യുദ്ധമവശേഷിപ്പിച്ച മനുഷ്യരെ മാനസികമായും ശാരീരികമായും പിന്തുണയ്ക്കുന്നത് പോലെ തന്നെ പ്രധാനമാണ് അവർ ജീവിക്കുന്ന മണ്ണ് വൃത്തിയാക്കിയെടുക്കുക എന്നതും. കൂനകൂടിക്കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അഹോരാത്രം പണിയെടുക്കുകയാണ് സന്നദ്ധ പ്രവർത്തകർ. ഒരു സ്പൂണുപയോഗിച്ച് കടലിലെ വെള്ളം വറ്റിക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഗാസ വൃത്തിയാക്കലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു

61 മില്യൺ ടൺ കെട്ടിടാവശിഷ്ടങ്ങൾ നിലവിൽ ഗാസയിലുണ്ടെന്നാണ് ഏകദേശ കണക്ക്. കഴിഞ്ഞ 18 വർഷം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ യുദ്ധങ്ങളിലെ അവശിഷ്ടങ്ങളേക്കാൾ 20 മടങ്ങുണ്ടിത്. അതീവ ദുർഘടം പിടിച്ച, അപകടകരമായ സാഹചര്യത്തിലാണ് സന്നദ്ധപ്രവർത്തകർ ജോലി ചെയ്യുന്നത്. എല്ലാ പ്രദേശത്തും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ ലഭിക്കുക പതിവാണെന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, യുഎൻ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ പലസ്തീൻ പ്രതിനിധി ജേക്കോ സിലിയേഴ്സ് ചൂണ്ടിക്കാട്ടുന്നു. പൊട്ടാത്ത ബോംബുകളും പല തവണയായി കണ്ടെത്തിയിട്ടുണ്ട്. യുഎൻഡിപി, വേൾഡ് ഫുഡ് പ്രോഗ്രാം (WFP) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഇതുവരെ 580 കിലോമീറ്റർ റോഡാണ് സന്നദ്ധപ്രവർത്തകർ വൃത്തിയാക്കി ഗതാഗതയോഗ്യമാക്കിയത്. ഭക്ഷണവും മരുന്നുമായി പലസ്തീനികൾക്കുള്ള ട്രക്കുകൾ എത്തിയതും ഈ വഴിയാണ്. രണ്ട് വർഷത്തെ കഠിനാധ്വാനത്തിനൊടുവിൽ ഇതുവരെ 907,000 ടൺ കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ തന്നെ 3 ലക്ഷം ടൺ വസ്തുക്കൾ പുനരുപയോഗം ചെയ്യുകയും ചെയ്തു. എന്നാലുമിത് ആകെയുള്ള അവശിഷ്ടങ്ങളുടെ 1 ശതമാനം പോലുമാകുന്നില്ല എന്നിടത്താണ് ഗാസയിലെ നിലവിലെ അവസ്ഥയുടെ ഭീകരതയിരിക്കുന്നത്.

ഇസ്രായേലിന്റെ നടപടികളാണ് അസഹനീയം. നിസ്സഹായരായ മനുഷ്യർക്ക് നേരെയുള്ള ആക്രമണങ്ങൾ പോരാഞ്ഞ്, ശുചീകരണപ്രവർത്തനങ്ങൾ തങ്ങളാലാവും വിധം തടയാനും ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ട്. ഗാസയിലേക്ക് മരുന്നും ഭക്ഷണവുമല്ലാതെ മറ്റൊന്നും കടത്തിവിടാൻ സൈന്യം അനുവദിക്കില്ല. ശുചീകരണപ്രവർത്തനങ്ങൾക്ക് വേണ്ട ഉപകരണങ്ങൾ പോലും ഹമാസ് ദുരുപയോഗം ചെയ്തേക്കും എന്നാണ് വിശദീകരണം.

തുടക്കത്തിൽ മണ്ണും കോൺഗ്രീറ്റുമെല്ലാം വഴിയരികിലേക്ക് നീക്കി വൃത്തിയാക്കുകയാണ് സന്നദ്ധപ്രവർത്തകർ ചെയ്തിരുന്നത്. ട്രക്കുകളും ആംബുലൻസുകളും ദുരിതബാധിത പ്രദേശങ്ങളിലേക്കെത്തിക്കുകയായിരുന്നു പ്രധാനലക്ഷ്യം. എന്നാൽ അവശിഷ്ടങ്ങൾ കൂടിയതോടെ, ഇവ കൂന കൂടി നീക്കാനാവാത്ത അവസ്ഥയിലെത്തി. തുടർച്ചയായുള്ള ബോംബ് വർഷം സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു.

മഞ്ഞവരയിലെ കടന്നുകയറ്റമാണ് മറ്റൊരു ഗുരുതര പ്രശ്നം. 2025ലെ വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി, ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചുകൊണ്ട് ഇസ്രായേൽ സൈന്യം നിശ്ചയിച്ചിട്ടുള്ള അതിർത്തിരേഖയാണിത്. പലസ്തീനികൾക്കിടയിൽ മരണവര എന്നാണിത് അറിയപ്പെടുന്നത്. സൈന്യം ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതോടെ മുന്നോട്ട് നീങ്ങുകയാണ് ഈ വര. തൽഫലമായി ജനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഇപ്പോൾ പ്രവേശനമുള്ള പ്രദേശം മുഴുവൻ മുനമ്പിന്റെ വെറും 30% മാത്രമാണ്. ഇത് അവശിഷ്ടങ്ങൾ എന്തുചെയ്യണം എന്ന പ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു.

യുദ്ധാവശിഷ്ടങ്ങൾ റീസൈക്കിൾ ചെയ്യുകയാണ് ആകെയുള്ള പരിഹാരം. എന്നാൽ അവശിഷ്ടങ്ങളിൽ എല്ലാം ഇങ്ങനെ ഉപയോഗിക്കാനാവില്ല. 2025 ജൂലൈയിൽ ഗാസയിലെ 8 മില്യണിലധികം കെട്ടിടാവശിഷ്ടങ്ങളിലും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുണ്ടെന്നും ഇത് പുനരുയോഗിക്കാനാവില്ലെന്നും കണ്ടെത്തിയിരുന്നു.

നിർമ്മാണ സാമഗ്രികളുടെ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതിനാൽ, തകർന്ന കെട്ടിടാവശിഷ്ടങ്ങൾ പൊടിച്ച് പല അവശ്യ ആവശ്യങ്ങൾക്കായി എഞ്ചിനീയർമാർ പുനരുപയോഗിക്കുകയാണ്. ഇതിൽ ഭൂരിഭാഗവും റോഡുകൾ അറ്റകുറ്റപ്പണി നടത്താനും കുഴികൾ നികത്താനുമാണ് ഉപയോഗിക്കുന്നത്. കൂടാതെ, മഴവെള്ളത്തിൽ നിന്നും മലിനജലത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി കൂടാരങ്ങൾക്കും താൽക്കാലിക അഭയകേന്ദ്രങ്ങൾക്കും അടിയിൽ ഉയരം കൂട്ടാനായും ഇവ വിതറുന്നുണ്ട്.

ഏതാണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷവും കടുത്ത മാനുഷിക പ്രതിസന്ധി തുടരുമ്പോൾ, 21 ലക്ഷത്തിലധികം കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ കൂടാരങ്ങളിലും താൽക്കാലിക അഭയകേന്ദ്രങ്ങളിലുമാണ് കഴിയുന്നത്. കെട്ടിടാവശിഷ്ടങ്ങൾ അവർ ദിവസേന ജീവിക്കുന്ന പരിസരത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു.

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത്, പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും കടകളും ചെറുകിട ബിസിനസുകളും പുനരാരംഭിക്കുന്നതിനും ജനങ്ങൾക്ക് വഴി തുറന്നുകൊടുത്തുകൊണ്ട് ഗാസയുടെ പ്രാദേശിക സാമ്പത്തിക രംഗത്തിന് ഉണർവേകുന്നതിനും സഹായിച്ചിട്ടുണ്ട്.

അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകളുടെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതാണ് ഗാസ നേരിടുന്ന ഏറ്റവും ഗുരുതരമായ മാനുഷിക പ്രശ്നങ്ങളിലൊന്ന്. യുഎൻഡിപി സൂചിപ്പിക്കുന്ന കണക്കുകൾ പ്രകാരം, എണ്ണായിരം മുതൽ പതിനായിരം വരെ മൃതദേഹങ്ങൾ ഇനിയും അവശിഷ്ടങ്ങൾക്കടിയിലുണ്ടാകാമെന്നാണ് കരുതുന്നത്.

മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനും, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലും വീണ്ടെടുക്കൽ പ്രവർത്തനങ്ങളിലുമുള്ള മുൻഗണന തീരുമാനിക്കാനും അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി (ICRC) ഉൾപ്പെടെയുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് യുഎൻഡിപി വ്യക്തമാക്കുന്നുണ്ട്. സ്ഫോടകവസ്തുക്കളിൽ നിന്നുള്ള അപകടങ്ങൾക്ക് പുറമേ, ശ്വസിക്കുമ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആസ്ബസ്റ്റോസ് പോലുള്ള മാരക വസ്തുക്കളും കെട്ടിടാവശിഷ്ടങ്ങളിൽ അടങ്ങിയിട്ടുണ്ടാകാം.

ഭാഗികമായി തകർന്നുനിൽക്കുന്ന കെട്ടിടങ്ങൾ മറ്റൊരു വലിയ ഭീഷണിയാണ്. സുരക്ഷിതമാണെന്ന് കരുതി സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തുന്ന കുടുംബങ്ങളുടെ തലയിലേക്ക് ചിലപ്പോഴൊക്കെ ഇത്തരം കെട്ടിടങ്ങൾ പെട്ടെന്ന് തകർന്നുവീഴാറുണ്ട്. അതിനാൽ, താമസക്കാർ മടങ്ങിയെത്തുന്നതിന് മുമ്പ് തകർന്ന കെട്ടിടങ്ങളുടെ സുരക്ഷിതത്വം വിലയിരുത്തുന്നത് വീണ്ടെടുക്കൽ പ്രക്രിയയിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്.

What is the most gruelling job in the world? Given the current situation, it could well be cleaning up Gaza. Clearing the land where people live is just as important as providing psychological and physical support to those left behind by the war. Volunteers are working day and night amid mountains of rubble left by destroyed buildings. They say cleaning up Gaza is like trying to drain the sea with a spoon