International

ഹാന്റ വൈറസ് കോവിഡ് അല്ല, പക്ഷേ അതീവ ശ്രദ്ധവേണമെന്ന് യുഎസ്; വൈറസ് പടർന്ന ക്രൂയിസ് കപ്പലിലെ 17 പേരെ കൂടെ രാജ്യത്ത് തിരികെയെത്തിച്ചു

ഹാന്റ വൈറസ് ആശങ്ക; എംവി ഹോണ്ടിയസിലെ അമേരിക്കൻ യാത്രക്കാർ ക്വാറന്റൈനിൽ

Madism Desk

സ്പെയിനിലെ കാനറി ദ്വീപുകൾ സമീപത്ത് നങ്കൂരമിട്ടിരിക്കുന്ന വൈറസ് ബാധിത ക്രൂയിസ് കപ്പലായ എംവി ഹോണ്ടിയസിലുണ്ടായിരുന്ന പതിനേഴ് പൗരന്മാരെ ചാർട്ടർ വിമാനത്തിൽ രാജ്യത്ത് തിരികെയെത്തിച്ച് അമേരിക്ക. ഇവർക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിച്ച ശേഷമാവും മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കുക. അമേരിക്കയിലെ നെബ്രാസ്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വാർഡിലായിരിക്കും യാത്രക്കാരെ ആദ്യമെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുക.

ആരോഗ്യനില തൃപ്തികരണമാണെങ്കിലും ക്വാറന്‍റീന്‍ പിരീഡ് പൂർത്തിയാക്കി ശേഷം മാത്രമായിരിക്കും ഇവരെ വീടുകളിലേക്ക് തിരികെ അയക്കുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രത്യേക മെഡിക്കല്‍ ബോർഡിന്‍റേതാകും. നേരത്തെ അതേ കപ്പലിലുണ്ടായിരുന്ന ഏഴ് യുഎസ് പൌരന്മാരെ അമേരിക്കയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇവർ നിലവിൽ വിവിധ ആരോഗ്യ വകുപ്പുകളുടെ നിരീക്ഷണത്തില്‍ തുടരുകയാണ്. പതിനേഴു അമേരിക്കൻ യാത്രക്കാരോടൊപ്പം അമേരിക്കയിൽ താമസിക്കുന്ന ഒരു ബ്രിട്ടീഷ് പൗരനെയും ഒഴിപ്പിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്. കപ്പലില്‍നിന്ന് രക്ഷപ്പെടുത്തിയവരെ നെബ്രാസ്കയിൽ എത്തിച്ച ശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. പൊതുജനങ്ങള്‍ക്ക് രോഗ ഭീഷണിയുള്ളതായി നിലവില്‍ വ്യക്തമായിട്ടില്ല. രോഗം പകരാനുള്ള മാർഗ്ഗങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും അമേരിക്കയിലെ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആക്ടിംഗ് ഡയറക്ടർ ജയ് ഭട്ടാചാര്യ വ്യക്തമാക്കിയിട്ടുണ്ട്. “രോഗലക്ഷണങ്ങളുള്ള ഒരാളുമായി അടുത്ത് ഇടപഴുകിയിട്ടില്ലെങ്കിൽ അവർക്ക് രോഗ സാധ്യത ഇല്ലെന്ന് കണക്കാക്കും. എന്നാൽ അത്തരം സമ്പർക്കമുണ്ടായിരുന്നെങ്കിൽ ഇടത്തരം അല്ലെങ്കിൽ ഉയർന്ന അപകടസാധ്യതയുള്ളവരായി പരിഗണിക്കുമെന്നും,” ഭട്ടാചാര്യ സിഎൻഎന്നിനോട് പറഞ്ഞു.

വീട്ടിലേക്ക് മടങ്ങുന്നവരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സിഡിസിയുടെ പിന്തുണയോടെ നിരീക്ഷിക്കും. സിഡിസിയുടെ നിർദേശപ്രകാരം യാത്രക്കാർ 42 ദിവസത്തേക്ക് 'സെൽഫ്-ഐസലേറ്റിൽ' കഴിയേണ്ടിവരും. ശനിയാഴ്ച മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, യാത്രക്കാരിൽ നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ലാത്തതിനാൽ പരിശോധനകൾ നടത്തില്ലെന്ന് സിഡിസി ഉദ്യോഗസ്ഥർ അറിയിച്ചു. പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനായി നെഗറ്റീവ് എയർ പ്രഷർ സംവിധാനങ്ങൾ ക്വാറന്‍റീന്‍ മുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെയോടെ യാത്രക്കാർ മെഡിക്കൽ സെന്ററിൽ എത്തുമെന്ന് ആശുപത്രി ഉദ്യോഗസ്ഥർ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകുമെന്നും നാഷണൽ ക്വാറന്റൈൻ യൂണിറ്റ് ഡയറക്ടർ ഡോ. മൈക്കൽ വാഡ്മാൻ പറഞ്ഞു. ഹോട്ടൽ താമസവുമായി സാമ്യമുള്ള രീതിയിലായിരിക്കും ക്രമീകരണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോട്ടൽ മുറികളിലേക്ക് ഭക്ഷണം എത്തിക്കുന്നതുപോലെയുള്ള സംവിധാനമാണ് ഒരുക്കുന്നത്. യാത്രക്കാർക്ക് മുറികളിൽ വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ദിവസേന രോഗലക്ഷണങ്ങളും ആരോഗ്യനിലയും പരിശോധിക്കും എന്നും മൈക്കൽ വാഡ്മാൻ പറഞ്ഞു. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ, അതേ മെഡിക്കൽ കേന്ദ്രത്തിനുള്ളിലെ നെബ്രാസ്ക ബയോകണ്ടൈൻമെന്റ് യൂണിറ്റിലേക്ക് മാറ്റും. പകർച്ചവ്യാധി രോഗികൾക്കായുള്ള പ്രത്യേക സൗകര്യമാണ് ഇത്.

അതേസമയം കോവിഡ്-19നുമായി ഹാന്റ വൈറസിനെ താരതമ്യം ചെയ്യരുതെന്ന് അധികൃതർ ആവർത്തിച്ചു. ഇത് കോവിഡ് അല്ല. കോവിഡ് പോലെ ഇതിനെ കൈകാര്യം ചെയ്യാനോ പൊതുജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എന്ന് ജയ് ഭട്ടാചാര്യ പറഞ്ഞു. മുൻകാലങ്ങളിൽ ഉപയോഗിച്ച ഹാന്റവൈറസ് പ്രോട്ടോക്കോളുകൾ പിന്തുടർന്നാണ് ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൂയിസ് കപ്പലിൽ നിന്ന് കുറഞ്ഞത് ഏഴ് യാത്രക്കാർ ഇതിനകം അമേരിക്കയിലേക്ക് മടങ്ങിയിട്ടുണ്ട്. ജോർജിയയിൽ രണ്ട് പേരും, ടെക്സസിൽ രണ്ട് പേരും, വിർജീനിയയിൽ ഒരാളും, അരിസോണയിൽ ഒരാളും, കാലിഫോർണിയയിൽ തിരിച്ചറിയാൻ സാധിക്കാത്ത എണ്ണത്തിലുള്ള ആളുകളും നിരീക്ഷണത്തിലാണ്. സംസ്ഥാന ആരോഗ്യ വകുപ്പുകൾ ഇവരെ രോഗബാധാ സാധ്യത കണക്കിലെടുത്ത് നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

English Summary: US health officials intensified hantavirus monitoring after evacuating 17 American passengers from the infected cruise ship MV Hondius near the Canary Islands to Nebraska for quarantine and medical evaluation.