വൺ-സ്റ്റാർ അഡ്മിറൽ പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഒമ്പത് നാവികസേനാ ഉദ്യോഗസ്ഥരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. സ്ത്രീകളെയും ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥരെയും ബാധിക്കുന്ന തീരുമാനമാനത്തിനെതിരെ വ്യാപകമായ വിമർശനവും ചോദ്യങ്ങളും ഉയരുകയാണ്.
മൂന്ന് സ്ത്രീകൾ, രണ്ട് കറുത്തവർഗക്കാർ എന്നിവരെയാണ് ഹെഗ്സെത്ത് ഇടപെട്ട് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. മെയ് അവസാനത്തോടെ പുറത്തുവിട്ട, 22 പേരുടെ പുതുക്കിയ നാമനിർദേശ പട്ടികയ്ക്ക്, അമേരിക്കൻ നാവികസേനയുടെ മൊത്തത്തിലുള്ള ഘടനയുമായി പ്രകടമായ വ്യത്യാസമുണ്ട്.
സജീവ സേവനത്തിലുള്ള നാവികസേനാംഗങ്ങളിൽ ഏകദേശം 21 ശതമാനം സ്ത്രീകളാണെങ്കിലും, പുതിയ പട്ടികയിൽ ഒരു സ്ത്രീ ഉദ്യോഗസ്ഥയും ഉൾപ്പെട്ടിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതുപോലെ, സജീവ സേവനത്തിലുള്ള നാവികരിൽ ഏകദേശം 38 ശതമാനം പേരും വംശീയ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരാണെങ്കിലും, പട്ടികയിൽ വെളുത്ത വർഗത്തിൽപ്പെടാത്ത ഉദ്യോഗസ്ഥർ രണ്ടുപേർ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ധാർമികമോ, മാനസികമോ, ശാരീരികമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ പ്രതിരോധ സെക്രട്ടറിക്ക് ഒരു ഓഫീസറുടെ സ്ഥാനക്കയറ്റത്തിലോ അവരെ പറഞ്ഞുവിടുന്നതിലോ ഇടപെടാൻ സാധിക്കൂ എന്നതാണ് പെന്ർറഗണിന്റെ നിയമം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തവും അസാധാരണവുമായ നടപടിയാണ് ഹെഗ്സെത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
ഹെഗ്സെത്തിന്റെ തീരുമാനങ്ങൾ ഉദ്യോഗസ്ഥരുടെ പ്രകടനമോ യോഗ്യതയോ അടിസ്ഥാനമാക്കിയല്ല, മറിച്ച് വൈവിധ്യവും ഉൾക്കൊള്ളലും പ്രോത്സാഹിപ്പിക്കുന്ന നയങ്ങളോടുള്ള എതിർപ്പ് അടിസ്ഥാനമാക്കിയാണെന്നാണ് വിമർശകരുടെ ആരോപണം.
ഇത്തരം തീരുമാനങ്ങൾ സൈന്യത്തിലെ ഉന്നത നേതൃത്വത്തിന്റെ ഭാവി ഘടനയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാമെന്നും, നേതൃത്വ നിരയിലെ സ്ത്രീകളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പ്രാതിനിധ്യം കുറയാൻ ഇടയാക്കാമെന്നും ഉദ്യോഗസ്ഥരും നിയമനിർമാതാക്കളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ നാവികസേന ഇതുവരെ പ്രതികരിച്ചിട്ടില്ല.
പദവിയേറ്റെടുത്തതിന് ശേഷം, പെന്റഗണിന്റെ നേതൃത്വ ഘടന പുനഃസംഘടിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമെന്നോണം ഹെഗ്സെത്ത്, ഏകദേശം മൂന്ന് ഡസനോളം മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്ന് നീക്കുകയോ അവരുടെ ചുമതലകൾ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളും ന്യൂനപക്ഷവിഭാഗക്കാരുമായിരുന്നു.
ചില ഉദ്യോഗസ്ഥരെ മണ്ടന്മാർ എന്നടക്കം വിളിച്ച് പരസ്യമായി ഹെഗ്സെത്ത് അധിക്ഷേപിച്ചിരുന്നെങ്കിലും ഇതിൽ ഖേദപ്രകടനമോ ക്ഷമാപണമോ പോലും നടത്തിയിട്ടില്ല. ഈ വർഷത്തിന്ർറെ തുടക്കത്തിലും വൺ സ്റ്റാർ പദവിയിലേക്കുള്ള രണ്ട് കറുത്തവർഗക്കാരുടെയും രണ്ട് സ്ത്രീകളുടെയും പ്രമോഷൻ ഹെഗ്സെത്ത് തടഞ്ഞിരുന്നു.
English Summary: US Defence Secretary Pete Hegseth has removed nine Navy officers from the promotion list for the rank of one-star admiral, a decision that has sparked widespread criticism and raised questions over its impact on women and minority officers. Hegseth reportedly intervened to remove three women and two Black officers from the list.
The revised list of 22 nominees, released in late May, shows a marked contrast to the overall demographic composition of the US Navy, further intensifying concerns about the decision.