International

യുഎസുമായുള്ള സമാധാന കരാര്‍ അന്തിമഘട്ടത്തില്‍; പരമോന്നത നേതാവിന്റെ അംഗീകാരം അനിവാര്യമെന്ന് ഇറാന്‍

കരാര്‍ പ്രകാരം ഇറാന് മേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുകയും മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന 20 ബില്യണ്‍ ഡോളറോളം വരുന്ന ആസ്തികള്‍ വിട്ടുനല്‍കും

Madism Desk

ഇറാനും അമേരിക്കയും തമ്മില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സമാധാന കരാറിന് ഇറാന്റെ പരമോന്നത നേതാവും ദേശീയ സുരക്ഷാ കൗണ്‍സിലും ഇനിയും അംഗീകാരം നല്‍കേണ്ടതുണ്ടെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിര്‍ദ്ദിഷ്ട സമാധാന കരാറിലെ ഒന്നോ രണ്ടോ വ്യവസ്ഥകളില്‍ ഇറാന്റെ തൃപ്തിക്കനുസരിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്നും അതിനുശേഷമേ ഈ ധാരണാപത്രം (memorandum of understanding) സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിനും പരമോന്നത നേതാവായ മൊജ്തബ ഖമേനിക്കും അന്തിമ അംഗീകാരത്തിനായി അയക്കാന്‍ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇക്കാര്യം പാകിസ്ഥാന്‍ മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍, ഗള്‍ഫ് സഖ്യകക്ഷികള്‍, ഇസ്രായേല്‍ എന്നിവരുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷം ഇറാനുമായുള്ള സമാധാന കരാറിന്റെ ഭൂരിഭാഗം ചര്‍ച്ചകളും പൂര്‍ത്തിയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച അവകാശപ്പെട്ടിരുന്നു. അതേസമയം, തങ്ങളുടെ രണ്ട് വലിയ ശത്രുക്കളായ യുഎസിനും ഇസ്രായേലിനും മേല്‍ വന്‍ ചരിത്ര വിജയം അവകാശപ്പെടാന്‍ ഒരുങ്ങുകയാണ് ഇറാന്‍.

കരാര്‍ പ്രകാരം ഇറാന് മേലുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുകയും മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന 20 ബില്യണ്‍ ഡോളറോളം വരുന്ന ആസ്തികള്‍ വിട്ടുനല്‍കുകയും ചെയ്യും. ഈ ആസ്തികളില്‍ കുറഞ്ഞത് 12 ബില്യണ്‍ ഡോളറെങ്കിലും ഖത്തറിലാണുള്ളത്. പകരം ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുകയും അടുത്ത 60 ദിവസങ്ങളില്‍ തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സമ്മതിക്കുകയും വേണം. ജൂണ്‍ 5 മുതല്‍ പാകിസ്ഥാനില്‍ വെച്ചാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. തര്‍ക്കത്തിലുള്ള അവസാനത്തെ ഏതാനും കാര്യങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കൂടാതെ, ഇറാനും യുഎസും അവരുടെ സഖ്യകക്ഷികളും യുദ്ധം അവസാനിപ്പിക്കാനും ലെബനനിലെ സൈനിക നീക്കങ്ങള്‍ ഇസ്രായേല്‍ അവസാനിപ്പിക്കാനും ഈ കരാര്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വെടിനിര്‍ത്തല്‍ വ്യവസ്ഥകളെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശനിയാഴ്ച ട്രംപ് അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ആണവ പ്രശ്‌നം മാറ്റിവെച്ചതില്‍ നെതന്യാഹുവിന് ആശങ്കയുണ്ടെങ്കിലും ട്രംപിന്റെ തീരുമാനം അംഗീകരിക്കുകയല്ലാതെ അദ്ദേഹത്തിന് മറ്റ് വഴികളില്ല. കാരണം ആഭ്യന്തരമായി ജനപിന്തുണയില്ലാത്ത ഈ യുദ്ധം പണപ്പെരുപ്പവും വിതരണ ശൃംഖലയിലെ കടുത്ത ദൗര്‍ലഭ്യവും സൃഷ്ടിച്ച് ലോക സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുകയാണ്.

ആണവ സംബന്ധമായ എല്ലാ വിഷയങ്ങളിലും 30 ദിവസത്തെ ചര്‍ച്ചകള്‍ക്ക് മാത്രമാണ് തങ്ങള്‍ സമ്മതിച്ചിട്ടുള്ളതെന്ന് ഇറാന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ 30 ദിവസം കൂടി നീട്ടാമെന്നും ഇത് വേനല്‍ക്കാലത്തിന്റെ അവസാനം വരെ നീളാമെന്നും ഇറാന്‍ പറഞ്ഞു. ഈ ചര്‍ച്ചകളുടെ ഫലത്തെക്കുറിച്ച് യാതൊരു ഉറപ്പും ഇറാന്‍ നല്‍കിയിട്ടില്ല. ചര്‍ച്ചാ കാലയളവില്‍ ഉപരോധങ്ങളുടെ ഭയമില്ലാതെ ഇറാനില്‍ നിന്നുള്ള എണ്ണയും പെട്രോകെമിക്കലുകളും വില്‍ക്കാന്‍ ഈ കരാര്‍ അനുവദിക്കും എന്നാണു റിപ്പോര്‍ട്ട്. ഇറാന്റെ തുറമുഖങ്ങള്‍ക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങളും പിന്‍വലിക്കും.

ഇറാനില്‍ വീണ്ടും ബോംബാക്രമണം നടത്താനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയും ശനിയാഴ്ച ഫോണിലൂടെ ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. അത്തരമൊരു നീക്കം ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടികള്‍ക്ക് മാത്രമേ കാരണമാകൂ എന്നും ഭരണകൂടത്തെ തകര്‍ക്കാന്‍ ഉപകരിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഇറാന്‍ വിഷയം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ താന്‍ വാഷിംഗ്ടണില്‍ തുടരുകയാണെന്നും അതിനാല്‍ ഈ വാരാന്ത്യത്തില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കില്ലെന്നും വെള്ളിയാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഒരു ധാരണാപത്രത്തിന്റെ അന്തിമ വശങ്ങളും വിശദാംശങ്ങളും ഇപ്പോഴും ചര്‍ച്ചയിലാണെന്നും അവ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കുറിച്ചു. കരാറിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് നികുതി ചുമത്താന്‍ ഇറാനെ അനുവദിക്കില്ലെന്ന കാര്യത്തില്‍ യുഎസും പാശ്ചാത്യ രാജ്യങ്ങളും കര്‍ശന നിലപാടിലാണ്. എന്നാല്‍ കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തില്‍ തന്നെ തുടരുമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി അടുത്ത ബന്ധമുള്ള ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. 'കടലിടുക്കിന്റെ മേല്‍നോട്ടം, യാത്രാമാര്‍ഗം നിശ്ചയിക്കല്‍, സമയം, കടന്നുപോകേണ്ട രീതി, പെര്‍മിറ്റുകള്‍ നല്‍കല്‍ എന്നിവ ഇറാന്റെ പൂര്‍ണ്ണമായ അധികാരത്തി തന്നെ തുടരും' എന്നായിരുന്നു റിപ്പോര്‍ട്ട്. കടലിടുക്കിന്റെ ഭാവി ഭരണം അതിന്റെ വടക്കന്‍ തീരത്തുള്ള ഇറാനും തെക്കന്‍ തീരത്തുള്ള ഒമാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ട കാര്യമാണെന്നും അതില്‍ യുഎസിന് ഇടപെടാന്‍ കഴിയില്ലെന്നുമാണ് ശനിയാഴ്ച ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞത്.

ഇറാന്‍-അമേരിക്ക സമാധാന കരാര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തീവ്രനിലപാടുള്ളവരില്‍ കടുത്ത നിരാശയ്ക്ക് കാരണമായിട്ടുണ്ട്. ഇറാനെതിരെ യുഎസ് സൈനിക നടപടി വേണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നവരാണിവര്‍. ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ഒപ്പുവെച്ച, ഉപരോധ ഇളവുകള്‍ക്ക് പകരമായി ഇറാന്റെ ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്ന 2015-ലെ അന്താരാഷ്ട്ര കരാറിനോട് ഇവര്‍ ശക്തമായി വിയോജിച്ചിരുന്നു. ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് (2018) തന്നെ ഈ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ചെയ്തു. നിലവിലെ കരാര്‍ ബരാക് ഒബാമ ഉണ്ടാക്കിയ കരാറിന് സമാനമാണെന്നും ഇത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് ലഭിച്ച വലിയൊരു നേട്ടമാണെന്നുമാണ് തീവ്ര റിപ്പബ്ലിക്കന്‍മാര്‍ ആരോപിക്കുന്നത്.

English Summary: Iranian officials say a proposed peace agreement with the United States is nearing completion but still requires approval from Iran’s top leadership and national security institutions. Reports suggest the draft includes possible sanctions relief and the release of frozen Iranian assets in exchange for reopening maritime access and holding talks on Iran’s nuclear programme. The proposal is also linked to broader regional de-escalation efforts involving Gulf countries and Israel, although several details remain unresolved and no final agreement has been announced.