ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടച്ചതായി പ്രഖ്യാപിച്ച് ഇറാൻ. മേഖലയിലെ അമേരിക്കൻ സൈനിക ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ അംഗീകരിക്കാത്ത സമുദ്രമാർഗത്തിലൂടെ സഞ്ചരിച്ച ഒരു കപ്പലിനെ ആക്രമിച്ചതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ഇറാൻ അംഗീകരിക്കാത്ത ഏതൊരു സമുദ്രമാർഗത്തിലൂടെയും കപ്പലുകൾ സഞ്ചരിക്കാൻ ശ്രമിക്കരുതെന്ന് കർശന മുന്നറിയിപ്പും രാജ്യം നൽകിയിട്ടുണ്ട്.
മസ്കറ്റിൽ നടന്ന നയതന്ത്ര ചർച്ചകൾക്കിടെ ഒമാൻ ഹോർമുസ് കടലിടുക്ക് മറികടക്കാൻ രണ്ട് ബദൽ കപ്പൽപാതകൾ നിർദേശിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പുതിയ പ്രഖ്യാപനം. ഇതോടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ ഗതാഗതപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള ആശങ്ക വീണ്ടും ശക്തമായിരിക്കുകയാണ്. അതേസമയം, ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ നടക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ധാരണ തകർക്കാൻ ലക്ഷ്യമിട്ട തീവ്ര ഗ്രൂപ്പുകളാണെന്നും അത് ഇറാൻ സമ്മതിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെട്ടിരുന്ന വിശ്വാസ്യത വീണ്ടും തകർന്നു. സംഘർഷം കടുത്ത സാഹചര്യത്തിൽ ഇറാനെതിരെ അമേരിക്ക കൂടുതൽ സാമ്പത്തിക ഉപരോധങ്ങളും പ്രഖ്യാപിച്ചു. പരമോന്നത നേതാവ് അയത്തുല്ല അലി ഖംനഇയുടെ മകൻ മുജ്തബ ഖംനഇയുമായി ബന്ധപ്പെട്ട ഫണ്ട് മാനേജർ അലി അൻസാരിക്കും വിവിധ എക്സ്ചേഞ്ച് കമ്പനികൾക്കുമെതിരെയാണ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. യുറേനിയം ശേഖരം കൈമാറാതെ ഇറാനുമായി പുതിയ ആണവകരാറിലേക്ക് കടക്കില്ലെന്ന നിലപാട് അമേരിക്ക വീണ്ടും ആവർത്തിച്ചു.
പ്രദേശത്തെ സൈനിക സാന്നിധ്യവും വർധിച്ചുവരികയാണ്. ഹോർമുസ് കടലിടുക്കിന് സമീപത്തേക്ക് അമേരിക്കൻ യുദ്ധക്കപ്പലുകൾ കൂടുതൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശിയുമായി ഇറാൻ വിഷയത്തിൽ ചർച്ച നടത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറുവശത്ത്, നയതന്ത്ര ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിലെത്തി വിവിധ കൂടിക്കാഴ്ചകൾ നടത്തുകയാണ്.
നയതന്ത്ര ചർച്ചകൾ തുടരുന്നുണ്ടെങ്കിലും പരസ്പര വിശ്വാസത്തിലെ പ്രതിസന്ധിയും ഭരണനേതൃത്വവും താഴെത്തട്ടിലെ സൈനിക വിഭാഗങ്ങളും തമ്മിലുള്ള ഏകോപനക്കുറവും സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നുവെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യത്തെയും ആഗോള എണ്ണവിപണിയെയും ഈ പുതിയ സംഭവവികാസങ്ങൾ ഗൗരവമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.
Iran has announced the temporary closure of the Strait of Hormuz. Tehran said that no vessel will be allowed to pass through the strategic waterway until U.S. military intervention in the region comes to an end, adding that the strait will remain closed until further notice. The Islamic Revolutionary Guard Corps (IRGC) also claimed responsibility for attacking a vessel that was allegedly sailing through a maritime route not approved by Iran. Tehran further issued a stern warning that ships must not attempt to transit through any sea route not authorized by Iran