

യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും ഒപ്പുവെച്ച ധാരണാപത്രം നിലവിൽ വന്ന് രണ്ടാഴ്ച പോലും തികയുന്നതിനുമുമ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. ജൂൺ 17ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവെച്ച ഇടക്കാല ധാരണ, ഉപരോധങ്ങളിൽ ഇളവ്, ഇറാന്റെ ആണവപരിപാടി തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ തുടർചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളിലൊന്നിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരൊറ്റ വ്യവസ്ഥയെച്ചൊല്ലിയുള്ള തർക്കം, ഇരു രാജ്യങ്ങളെയും വീണ്ടും നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ പ്രതിസന്ധിയുടെ കേന്ദ്രബിന്ദു ധാരണാപത്രത്തിലെ അഞ്ചാം വകുപ്പ് ആണ്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംഘർഷത്തെ തുടർന്ന് മാസങ്ങളോളം തടസ്സപ്പെട്ടിരുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ചട്ടക്കൂടാണ് ഈ വകുപ്പ് നിർവചിക്കുന്നത്.
ഹോർമൂസ്, ലോകത്തിലെ ഏറ്റവും നിർണായകമായ കപ്പൽഗതാഗത മാർഗങ്ങളിലൊന്നാണ്. ലോകത്തെ ക്രൂഡ് ഓയിൽ, ദ്രവീകൃത പ്രകൃതി വാതകം എന്നിവയുടെ കയറ്റുമതിയുടെ അഞ്ചിലൊന്ന് മുതൽ നാലിലൊന്ന് വരെ ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
മാസങ്ങളോളം നീണ്ട പോരാട്ടത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള സാധാരണ കപ്പൽഗതാഗതം പൂർണമായും തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, വാണിജ്യ കപ്പൽഗതാഗതം പുനഃസ്ഥാപിക്കണമെന്നത് 60 ദിവസത്തെ ഇടക്കാല ധാരണയിൽ ഏർപ്പെടുന്നതിനുള്ള അമേരിക്കയുടെ പ്രധാന ഉപാധിയായി മാറി. കടലിടുക്ക് അടച്ചതോടെ ആഗോള ഊർജവിതരണ ശൃംഖല താളം തെറ്റുകയും ഹോർമൂസിലെ പ്രവർത്തനം ഗുരുതരമായി ബാധിക്കപ്പെടുകയും ചെയ്തു.
ധാരണാപത്രത്തിലെ അഞ്ചാം വകുപ്പ് സുരക്ഷിതമായ വാണിജ്യ കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾക്കൊപ്പം, ഹോർമുസ് കടലിടുക്കിന്റെ ദീർഘകാല നടത്തിപ്പിനുള്ള ഒരു ചട്ടക്കൂടും രൂപപ്പെടുത്തുന്നു.
ധാരണപ്രകാരം, പേർഷ്യൻ ഉൾക്കടലിനും ഒമാൻ കടലിനും ഇടയിൽ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് 60 ദിവസത്തേക്ക് യാതൊരു ട്രാൻസിറ്റ് ഫീസും ഈടാക്കാതെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമായിരുന്നു.
കൂടാതെ, കപ്പൽഗതാഗതം ഉറപ്പാക്കുന്നതിന് പുറമേ, വ്യാപകമായ സമുദ്ര ശുചീകരണ പ്രവർത്തനങ്ങളും ഏറ്റെടുക്കണമെന്ന് ഈ വ്യവസ്ഥയിൽ വ്യക്തമാക്കുന്നുണ്ട്. സംഘർഷത്തിനിടെ സ്ഥാപിച്ച സൈനിക തടസ്സങ്ങൾ നീക്കം ചെയ്യുകയും, കപ്പൽഗതാഗത പാതകളിലെ മൈനുകൾ 30 ദിവസത്തിനുള്ളിൽ നീക്കം ചെയ്ത് സാധാരണ വാണിജ്യ കപ്പൽഗതാഗതം പുനഃസ്ഥാപിക്കുകയും വേണം.
ഹോർമൂസിൽ ഒരു ദീർഘകാല ഭരണവ്യവസ്ഥ രൂപപ്പെടുത്തുന്നതിനായി ഒമാൻ സുൽത്താനേറ്റുമായും പേർഷ്യൻ ഉൾക്കടലിനോട് ചേർന്ന മറ്റ് രാജ്യങ്ങളുമായും ചർച്ചകൾ ആരംഭിക്കാനും ഇറാൻ ധാരണയിൽ സമ്മതിച്ചിരുന്നു.
ഭാവിയിൽ നിലവിൽ വരുന്ന ഈ ക്രമീകരണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും, അതേസമയം ഈ തന്ത്രപ്രധാനമായ സമുദ്രപാതയോട് ചേർന്നുള്ള രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങളെ മാനിച്ചുകൊണ്ടായിരിക്കുമെന്നും ധാരണാപത്രത്തിൽ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെ ഇരുരാജ്യങ്ങളും പരസ്യമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഇടക്കാല കാലയളവിൽ കപ്പലുകൾ ഏത് പാതയിലൂടെ സഞ്ചരിക്കണം, ആ ഗതാഗതത്തിന് മേൽനോട്ടം വഹിക്കേണ്ടത് ആരാണെന്ന കാര്യത്തിൽ അമേരിക്കയും ഇറാനും അടിസ്ഥാനപരമായി വിയോജിക്കുകയാണ്.
ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തിയോട് ചേർന്നുള്ള ബദൽ കപ്പൽപാതകളിലൂടെ വാണിജ്യ കപ്പലുകൾ സഞ്ചരിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുക്കുമ്പോൾ, തെക്കൻ പാതയാണ് കൂടുതൽ സുരക്ഷിതമെന്ന് വാഷിങ്ടൺ വിലയിരുത്തുന്നു.
അമേരിക്കയുടെ അഭിപ്രായത്തിൽ, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന അന്താരാഷ്ട്ര കപ്പൽഗതാഗത രീതിക്ക് സമാനമായി കപ്പലുകൾ സഞ്ചരിക്കണം. അതായത്, ഇരു രാജ്യങ്ങളിലാരുടെയും ഏകപക്ഷീയമായ നിയന്ത്രണങ്ങൾക്ക് വിധേയമാകാതെ കപ്പലുകൾക്ക് കടലിടുക്കിലൂടെ കടന്നുപോകാൻ കഴിയണം.
എന്നാൽ, ധാരണാപത്രത്തിലെ അഞ്ചാം വകുപ്പിനെ ഇറാൻ വ്യത്യസ്തമായാണ് വ്യാഖ്യാനിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ അവിടത്തെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാനുള്ള അധികാരം തങ്ങൾക്കാണെന്ന് ധാരണാപത്രം അംഗീകരിക്കുന്നുവെന്നാണ് ടെഹ്റാന്റെ വാദം.
അതിനാൽ, വാണിജ്യ കപ്പലുകൾ ഒമാന്റെ തീരത്തോട് ചേർന്നുള്ള പാതയിലേക്ക് മാറാതെ, ഇറാന്റെ പ്രാദേശിക സമുദ്രാതിർത്തിക്കുള്ളിലുള്ള വടക്കൻ കപ്പൽപാതയിലൂടെ തന്നെ സഞ്ചരിക്കണമെന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്.
"ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്രമീകരണങ്ങൾക്ക് പുറത്തായി, പുതിയതോ പ്രത്യേകമായതോ ആയ സംവിധാനങ്ങൾ കൊണ്ടുവരാനുള്ള ഏത് ശ്രമവും കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുകയും, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് വൈകിപ്പിക്കുകയും, മേഖലയിൽ സംഘർഷം വർധിപ്പിക്കുകയും മാത്രമേ ചെയ്യൂ"- ഇറാൻ വിദേശ്യകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറയുന്നു.
ഇതിനിടെ, അമേരിക്കൻ നാവികസേനയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര സമുദ്ര സംഘടന, ഉൾക്കടലിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കു പോകുന്നതുമായ കപ്പലുകൾക്കായി ഒമാന്റെ തീരത്തോട് കൂടുതൽ ചേർന്നുള്ള കപ്പൽപാത വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്.
അമേരിക്കയുടെ കാഴ്ചപ്പാടിൽ, സമുദ്രസുരക്ഷാ നടപടികൾ തുടരുന്നതിനിടെ അപകടസാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രായോഗിക നടപടിയാണ് ഈ പുതിയ പാത.
എന്നാൽ, ഇറാൻ ഇതിനെ തികച്ചും വ്യത്യസ്തമായാണ് കണ്ടത്. തങ്ങളുടെ അധികാരപരിധിക്ക് പുറത്തായി ഒരു ബദൽ പ്രവർത്തനസംവിധാനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇതെന്നും, അത്തരം നീക്കം ധാരണാപത്രത്തിലെ അഞ്ചാം വകുപ്പിന്റെ നടപ്പാക്കലിനെ ദുർബലപ്പെടുത്തുന്നതാണെന്നും ടെഹ്റാൻ ആരോപിക്കുന്നു.
ഇതിനുപുറമെ, ഹോർമുസ് കടലിടുക്കിന്റെ പ്രത്യേക നിയമപദവിയും വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. ഈ കടലിടുക്ക് ഇറാന്റെയും ഒമാന്റെയും പ്രാദേശിക സമുദ്രാതിർത്തികളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിൽ ഇത് ലോകമെമ്പാടുമുള്ള കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന അന്താരാഷ്ട്ര സമുദ്രപാതയായാണ് ദീർഘകാലമായി കണക്കാക്കപ്പെടുന്നത്.
ഏറ്റവും പുതിയ സൈനിക ഏറ്റുമുട്ടലുകൾക്ക് മുമ്പ് നടന്ന സംഭവവികാസങ്ങൾ പ്രകാരം, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വാണിജ്യ കപ്പലുകൾക്ക് വടക്കൻ കപ്പൽപാത മാത്രമേ ഔദ്യോഗിക മാർഗമായി അംഗീകരിക്കുകയുള്ളൂ എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന്, ഒമാന്റെ സമുദ്രാതിർത്തിക്ക് സമീപമുള്ള തെക്കൻ പാതയിലൂടെ സഞ്ചരിച്ച നാല് എണ്ണക്കപ്പലുകളെ ഇറാനിയൻ സേന തിരികെ പോകാൻ നിർബന്ധിച്ചു. സമീപ ദിവസങ്ങളിൽ, ഒമാന്റെ ഭാഗത്തുള്ള കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ ഇറാൻ രണ്ട് തവണ ആക്രമണവും നടത്തി.
വ്യാഴാഴ്ച, ഒമാൻ തീരത്തിന് സമീപം ഒരു വാണിജ്യ കപ്പലിൽ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായത്. ഇതിന് പിന്നാലെ അമേരിക്ക സൈനിക തിരിച്ചടി നടത്തി.
തുടർന്നുള്ള ദിവസങ്ങളിലും സംഘർഷം ശക്തമായി. ജൂൺ 26-ന്, സിംഗപ്പൂർ പതാകയുള്ള 'എവർ ലവ്ലി' എന്ന എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോൾ ലോയിറ്ററിംഗ് മ്യൂണിഷൻ (ലക്ഷ്യത്തിന് മുകളിലൂടെ ചുറ്റിക്കറങ്ങി ആക്രമിക്കുന്ന ഡ്രോൺ ആയുധം) ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇരയായി.
അടുത്ത ദിവസം, ഖത്തറിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ കമ്പനിക്കായി ക്രൂഡ് ഓയിൽ കൊണ്ടുപോയിരുന്ന പനാമ പതാകയുള്ള 'കിക്കു' എന്ന എണ്ണക്കപ്പലും ഡ്രോൺ ആക്രമണത്തിന് ഇരയായി.
ഖത്തറുമായി ബന്ധപ്പെട്ട കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്ക വീണ്ടും സൈനിക നടപടി പ്രഖ്യാപിച്ചു. ഇറാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് അമേരിക്ക അറിയിച്ചത്. നിരീക്ഷണ കേന്ദ്രങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമപ്രതിരോധ കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, നാവിക മൈനുകൾ വിന്യസിക്കാനുള്ള ശേഷിയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ എന്നിവയ്ക്കു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വാദം. ഇതിന് പിന്നാലെ വീണ്ടും ആക്രമണ- പ്രത്യാക്രമണങ്ങളുണ്ടായി. കുവൈത്തിലും ബഹ്റൈനിലുമടക്കം യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി.
സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ ഇന്ന് മുതൽ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അമേരിക്കയും ഇറാനും ധാരണയിലെത്തി. ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പരിമിതമായ സൈനിക ഇടവേള സ്ഥിരീകരിച്ചു. ഇതോടെ, വലിയ ധാരണാപരമായ ചട്ടക്കൂട് തകരുന്നതിന് മുമ്പ് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ ഇരുരാജ്യങ്ങൾക്കും അവസരം ലഭിച്ചു.
ഈ താൽക്കാലിക വെടിനിർത്തൽ, ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾ സഞ്ചരിക്കാൻ വഴിയൊരുക്കിയിട്ടുണ്ട്.
എന്നിരുന്നാലും, കപ്പൽഗതാഗതം ഇതുവരെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. സംഘർഷത്തിലെ ഇടവേള, ധാരണാപത്രത്തിലെ അഞ്ചാം വകുപ്പിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ സമയം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Less than two weeks after the United States and Iran signed a memorandum of understanding aimed at ending the conflict, the agreement is already facing a major crisis. The interim deal, signed on June 17 by US President Donald Trump and Iranian President Masoud Pezeshkian, was expected to pave the way for broader negotiations on key issues, including sanctions relief and Iran's nuclear programme. Instead, a dispute over a single provision governing one of the world's most strategically important waterways has pushed the two countries to the brink of direct military confrontation once again