

വാഷിങ്ടൺ: ടെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ നടന്ന ചർച്ചകൾ ഒത്തുതീർപ്പിലെത്താതെ അവസാനിച്ചതോടെ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് അനന്തമായി നീളുമെന്ന് വ്യക്തമായിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന നീക്കങ്ങളും ജലപാതയുടെ നിയന്ത്രണം സംബന്ധിച്ച തർക്കങ്ങൾക്ക് ഉടൻ പരിഹാരം കാണാനാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. ട്രംപ് ഭരണകൂടം ഹോർമൂസ് പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയാല്‍ ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യതയുമുണ്ട്, അങ്ങനെ വന്നാല്‍ അനിശ്ചിത കാലത്തേക്ക് ഇന്ത്യയിലേക്ക് വരുന്ന ഇന്ധന ടാങ്കറുകള്‍ ഹോർമൂസില്‍ കുടുങ്ങും. ഏഷ്യന്‍ രാജ്യങ്ങളുടെ 41 ശതമാനം എണ്ണവും കടന്നുവരുന്നത് ഹോർമൂസിലൂടെയാണ്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 14 ശതമാനവും ഹോർമൂസിലൂടെയാണ് എത്തുന്നത്.
ഹോർമൂസ് തുറന്നാലും ഇന്ധന പ്രതിസന്ധി അവസാനിക്കില്ല
അതേസമയം, കടലിടുക്ക് പൂർണമായും തുറന്നാലും ആഗോള എണ്ണ വിപണിയിലെ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന ടാങ്കറുകൾക്ക് കടന്നുപോകാൻ അനുമതി നൽകിയാലും, പേർഷ്യൻ ഗൾഫിലേക്ക് ഷിപ്പിംഗ് ലൈനുകൾ വീണ്ടും സാധാരണ രീതിയിൽ പ്രവേശിക്കാൻ തുടങ്ങുന്നതുവരെ വിതരണ ശൃംഖല പൂർണമായി പുനഃസ്ഥാപിക്കപ്പെടില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ലോകത്തെ അസംസ്കൃത എണ്ണയുടെയും എൽഎൻജിയുടെയും വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക്, അമേരിക്കയും ഇസ്രായേലും ഉൾപ്പെടുന്ന സംഘർഷ സാഹചര്യത്തിൽ, ഇറാന്റെ പ്രധാന യുദ്ധതന്ത്രമായിരുന്നു ഹോർമൂസില്‍ നടപ്പിലാക്കിയത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഈ കടലിടുക്ക് വഴി കടന്നുപോകുന്ന ചരക്കുഗതാഗതം ഗണ്യമായി കുറഞ്ഞതോടെ എണ്ണവില ഉയരുകയും ആഗോള പണപ്പെരുപ്പ ഭീതിയും ശക്തമാവുകയും ചെയ്തു.
സാധാരണയായി ദിവസേന ഏകദേശം 150 കപ്പലുകൾ ഈ ജലപാത വഴി കടന്നുപോകാറുണ്ടായിരുന്നു. എന്നാൽ അടുത്ത കാലയളവിൽ ഈ ഗതാഗതം വലിയ തോതിൽ കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇൻഷുറൻസ്, സുരക്ഷാ ആശങ്കകൾ എന്നിവ കാരണം ഷിപ്പിംഗ് കമ്പനികളും ടാങ്കർ ഉടമകളും കടലിടുക്ക് വഴി കപ്പലുകൾ അയക്കാൻ മടിക്കുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥ തുടർന്നാൽ, കടലിടുക്ക് ഇപ്പോൾ തുറന്നാലും എണ്ണവിതരണം പൂർണമായും സാധാരണ നിലയിലാകാൻ ജൂലൈ വരെ വൈകാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
ഇതിനിടെ, ഇറാന്റെ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കുമുള്ള സമുദ്രഗതാഗതം നിയന്ത്രിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നീക്കം ഇറാനെ സമ്മർദത്തിലാക്കാനുള്ള ഭാഗമാണെന്നും, ചർച്ചകളിൽ ഇറാന്റെ മേൽക്കൈ കുറയ്ക്കാനാകുമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ ഈ തന്ത്രം എത്രത്തോളം ഫലപ്രദമാകും എന്നത് അന്താരാഷ്ട്ര വിപണിയും രാഷ്ട്രീയ സാഹചര്യങ്ങളും നിർണയിക്കുമെന്നാണ് വിലയിരുത്തൽ.
English Summary: Talks between Tehran and Washington failed, keeping the Hormuz Strait crisis and global oil supply pressure unresolved